ന്യൂദൽഹി : പശ്ചിമബംഗാളിലെ മാൽഡ ജില്ലയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ വോട്ടർ പട്ടികയിൽനിന്ന് പേരുവെട്ടിയെന്ന് ആരോപിച്ച് ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പതുമണിക്കൂറോളം ബന്ദികളാക്കി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഒരു സംഘം ആളുകൾ ബന്ദികളാക്കിയത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി.
ഏറെ നേരത്തെ നടപടിക്കൊടുവിലാണ് അർദ്ധസൈനിക സേന ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തത്. ഈ സംഭവത്തെക്കുറിച്ച് സുപ്രീം കോടതി സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടി.
പശ്ചിമ ബംഗാൾ ഡിജിപിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും എന്തുകൊണ്ട് നടപടിയെടുക്കാൻ കാലതാമസം വരുത്തിയെന്നത് വിശദീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കർത്തവ്യലംഘനമാണിതെന്ന് കോടതി പറഞ്ഞു.
അവരുടെ നിഷ്‌ക്രിയത്വത്തിന്റെ കാരണങ്ങൾ അവർ വിശദീകരിക്കണം. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ആരെയും അനുവദിക്കില്ലെന്നും നിയമം കൈയിലെടുൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ബംഗാളിനെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതും എസ്.ഐ.ആർ പ്രക്രിയ താളം തെറ്റിക്കാനുമുള്ള ശ്രമമാണെന്നും വിമർശിച്ചു.
ഓഫീസർമാരെ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാർ വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇവടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബംഗാൾ പൊലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.
എസ്.ഐ.ആർ നടപടിയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വം നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ ഫലമാണ് ഉദ്യോഗസ്ഥർ നേരിടുന്ന പീഡനമെന്ന് കേന്ദ്രമന്ത്രിയും ബംഗാൾ മുൻ ബി.ജെ.പി മേധാവിയുമായ സുകാന്ത മജുംദാർ ആരോപിച്ചു.
















