കണ്ണൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന എസ്ഡിപിഐ ഭീകരവാദപ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെലവിലെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അറിവോടെയാണ് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ അഴിഞ്ഞാടാന്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചതായി അതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മനസ്സിലാകും.
സര്‍ക്കാര്‍ സംവിധാനത്തെ ഗൗനിക്കാതെ തങ്ങള്‍ക്ക് ഈ നിയമവ്യവസ്ഥകളൊന്നും ബാധകമല്ല, തങ്ങളുടെ മതനിയമത്തിന് പുറത്ത് മറ്റൊരു നിയമവും പാലിക്കാന്‍ തയ്യാറല്ല എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് നിലപാട്. കേരളത്തില്‍ ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുമ്പോള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ പ്രത്യക്ഷമായി അതിനെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നേരത്തെ തന്നെ തുടങ്ങിയതാണ്. കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം അതേപടി ഇന്നും നിലനില്‍ക്കുകയാണ്. ഇത്തരം തീവ്രവാദ സംഘടനകളെ വെള്ള പൂശുന്നത് കേവലം വോട്ടിന് വേണ്ടി മാത്രമാണ്. വോട്ട് ലക്ഷ്യം വെച്ച് കൊണ്ടാണ് മുസ്ലീം സമുദായത്തില്‍ പോലും സ്വീകാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളെ പിണറായി സര്‍ക്കാര്‍ സഹായിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കും.
വരും കാലത്ത് കേരളത്തെ വലിയ ദുരന്തതത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് ഇത്. ഈ സാഹചര്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് നടത്തിയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്ന് മനസ്സിലാകും. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ 36 പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്. കേവലം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായല്ല കൊലപാതകം നടന്നിട്ടുള്ളത്. മാസങ്ങളായി ആസൂത്രണം ചെയ്ത് വിദേശസഹായം കൈപറ്റിയാണ് കൊലനടത്തിയത്. നിയമസഹായം ലഭിക്കാനുള്ള സംവിധാനം പോലുമൊരുക്കിയിരുന്നു. നിയമപാലകര്‍ തന്നെ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വിവരങ്ങള്‍ കൈമാറുന്നു. ഇത്തരം ഭീകരവാദികളെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താതെ കേവലം പൊതുസൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
വിവിധ ജില്ലകളില്‍ നടന്ന കൊലപാതകത്തില്‍ യഥാര്‍ത്ഥപ്രതികളെ മുഴുവന്‍ പിടിക്കാനോ ഗൂഡാലോച കണ്ടെത്താനോ സാധിക്കുന്നില്ല. എസ്എഫ്ഐക്കാരനായ അഭിമന്യുവിന്റെ കൊലയാളികളില്‍ എല്ലാവരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അഭിമന്യുവിന്റെ അവസ്ഥ നാളെ മറ്റുള്ളവര്ക്കുമുണ്ടാകും. നടപടി വൈകിയാല്‍ പിന്നീട് ആലോചിച്ചിട്ട് കാര്യമില്ല. കേരളത്തില്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. മതഭീകരവാദികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റാനാണ് എസ്ഡിപിഐ നീക്കം. ഇതിനെതിരെ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: