കല്‍പ്പറ്റ: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം. 2023 ജനുവരി 12 വരെ ഒരു വര്‍ഷക്കാലം വിവിധ സേവന പരിപാടികളോട് കൂടിയാണ് സുവര്‍ണ്ണ ജൂബിലി ആഘോഷം നടക്കുക. ഇന്നലെ ആശുപത്രി പരിസരത്ത് നടന്ന ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
1972 ല്‍ ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ആരംഭിച്ച മെഡിക്കല്‍ മിഷന് ഇന്ന് വയനാട്ടിലെ ആതുര സേവനരംഗത്ത് തല ഉയര്‍ത്തി നില്ക്കുന്ന ആശുപത്രികളില്‍ ഒന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. അര നൂറ്റാണ്ട് കൊണ്ട് വയനാട്ടുകാരുടെ സാമൂഹിക ജീവിതത്തെ സ്വാധീനിക്കാന്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞിട്ടുണ്ട്.
സാധാരണക്കാര്‍ക്കും വനവാസികള്‍ക്കും നല്ല ചികിത്സ വെറും സ്വപ്നമായിരുന്ന കാലത്താണ് മെഡിക്കല്‍ മിഷന്റെയും പത്മശ്രീ ഡോ. സഗ്ദേവിന്റെയും ഇടപെടല്‍. അന്നുമുതല്‍ ഇന്നുവരെ പിന്നാക്കകാര്‍ക്കും വനവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും വിവേകാനന്ദ മെഡിക്കല്‍ മിഷന് മുന്‍തൂക്കം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ. പി.നാരായണന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. വനവാസി ഉന്നമനത്തിനായി രാജ്യത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല. സര്‍ക്കാറിന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും മാത്രമെ കഴയു.
ഉന്നമന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിന് മുഴുവന്‍ സേവന മനോഭാവം ഉണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യം തന്നെ ത്യാഗ മനോഭാവത്തോട് കൂടിയുള്ള സേവനമാണ്. സ്വാമി വിവേകാനന്ദന് മര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ വഴികളിലൂടെ പ്രവര്‍ത്തിക്കാന്‍ സമൂഹം തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നവീകരിച്ച ഐസിയു വാര്‍ഡ് ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനത്തോട് കൂടി ആരംഭിക്കുന്ന നവീകരിച്ച ലാബ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ മെഡിക്കല്‍ മിഷന് മാനേജര്‍ വി.കെ. ജനാര്ദ്ദനന് രചിച്ച കുട്ടികളുടെ പുസ്തകം മിന്നാമിനുങ്ങുകള്‍ പത്മശ്രീ ഡോ. ധനഞ്ജയ് സഗ്ദേവ് വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി പൈതലിന് നല്കി പ്രകാശനം ചെയ്തു. ആശുപത്രിയുടെ നാള്‍വഴികളെ കുറിച്ചുള്ള സിഡിയായ സാധന വാര്‍ഡ് മെംബര്‍ ലീന.സി.നായര്‍ ഡോ. പ്രവീണിന് നല്കി പ്രകാശനം ചെയ്തു.
ജിഷയുടെ വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാര്‍ ഡോ. പി. ശിപ്രസാദ് സ്വാഗതം ആശംസിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സെക്രട്ടറി അഡ്വ. കെ.എ. അശോകന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്, വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് മാനേജര്‍ വി.കെ. ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: