ഡോ. എം.ലക്ഷ്മീകുമാരി
1892– അജ്ഞതയും അന്ധവിശ്വാസങ്ങളും ജാതിയുടെ പേരില്‍ എണ്ണമറ്റ അനാചാരങ്ങളും കരിപിടിച്ചു നിന്നിരുന്ന കേരള അന്തരീക്ഷത്തില്‍, കാലത്തിന്റെ മടിത്തട്ടില്‍ ഒളിഞ്ഞുകിടന്നിരുന്ന പുണ്യത്തിന്റെ ചില വിദ്യുത് രേഖകള്‍ തെളിഞ്ഞു വന്ന വര്‍ഷമാണ് അത്. സ്വാമി വിവേകാനന്ദന്‍ തന്റെ ഭാരത പരിക്രമയുടെ ഭാഗമായി നവംബര്‍ ആദ്യത്തില്‍ കേരളത്തില്‍ വന്നെത്തി.
രാമേശ്വരത്തു പോകാന്‍ നിശ്ചയിച്ചിരുന്ന സ്വാമിജി എങ്ങനെയാണ് കേരളത്തില്‍ എത്തിയത്? അതിനുള്ള ഒരു കാരണം ബാംഗ്ലൂരില്‍ വച്ച് സ്വാമിജിയുമായി പരിചയപ്പെട്ട ഡോ. പല്‍പ്പുവിന്റെ അഭ്യര്‍ത്ഥനയായിരിക്കാം. സ്വാമികളോട് തന്റെ സമുദായത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഡോ. പല്‍പ്പു ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നു.
ആഹ്വാനംഅനാചാരങ്ങള്‍ക്കെതിരെ സ്വാമിജിയെ സന്ദര്‍ശിച്ചതോടെ ഡോക്ടര്‍ക്ക് തന്റേയും സ്വസമുദായത്തിന്റേയും മറ്റു അവര്‍ണ വിഭാഗങ്ങളുടേയും അവശതകളെയും അസ്വാതന്ത്ര്യങ്ങളെയും അപമാനങ്ങളെയും പറ്റി സ്വാമിജിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസത്തിനു ശേഷവും ഉദ്യോഗലബ്ധിക്കുള്ള വിഷമതകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സാമൂഹ്യസ്ഥിതിയെ ചൂഷണം ചെയ്ത് ക്രിസ്ത്യന്‍ പാതിരിമാര്‍ അവര്‍ണരെ മതപരിവര്‍ത്തനം നടത്തി അവര്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കി വന്നു. ഇത് ഹിന്ദു സമുദായത്തിന് കൂടുതല്‍ അസ്വസ്ഥതയ്‌ക്ക് കാരണമായി.
സ്വാമിജി അദ്ദേഹത്തോട് അരുളി ചെയ്തു ‘നിങ്ങള്‍ നിങ്ങളുടെ രാജ്യത്തുനിന്നു തന്നെ ഒരു നല്ല സംന്യാസിയെ കണ്ടുപിടിച്ച്, അദ്ദേഹത്തെ കേന്ദ്രമാക്കി, ജാതി വിവേചനങ്ങള്‍ക്കെതിരായി താണവര്‍ഗ്ഗക്കാരെ സംഘടിപ്പിച്ച് സാമൂഹികമായും മറ്റുള്ള എല്ലാ നിലകളിലും ഉയര്‍ത്തണം. അയിത്തം മുതലായ അനാചാരങ്ങള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ നയിക്കണം, അല്ലാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല.’
കേരളത്തിന്റെ, പ്രത്യേകിച്ചും ദുഃഖമനുഭവിച്ചിരുന്ന ജാതിക്കാരുടെ ഭാഗ്യം കൊണ്ട് തത്സമയം ശ്രീനാരായണ ഗുരു, ആത്മീയാചാര്യനായി രംഗപ്രവേശം ചെയ്യുകയുണ്ടായി. മൈസൂരില്‍ നിന്ന് പുറപ്പെട്ട സ്വാമിജിയുടെ കൈയില്‍ ഷൊര്‍ണ്ണൂര്‍ക്കുള്ള ഒരു രണ്ടാം ക്ലാസ്സ് ടിക്കറ്റും മൈസൂര്‍ മഹാരാജാവ് സമ്മാനമായി നല്‍കിയിരുന്ന ഒരു ‘റോസ് വുഡ്’ പുകക്കുഴലും കൊച്ചിയിലെ ആക്ടിങ്ങ് ദിവാന്‍ ശങ്കരയ്യയ്‌ക്ക് മൈസൂര്‍ ദിവാന്‍ ശേഷാദ്രി അയ്യര്‍ നല്‍കിയ ഒരു എഴുത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അക്കാലത്ത് റെയില്‍വേ പാത ഷൊര്‍ണൂരില്‍ അവസാനിക്കുമായിരുന്നു. അതുകൊണ്ട് അവിടെ നിന്ന് തൃശ്ശൂര്‍ക്ക് സ്വാമിജി യാത്ര ചെയ്തത് ഒരു കാളവണ്ടിയിലായിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിനരികിലായി ഒരു വീട്ടില്‍ കയറി സ്വാമിജി കുളിക്കുവാനും വിശ്രമിക്കുവാനും അനുവാദം തേടി. അന്ന് ഒരു യാത്രക്കാരന് വിശ്രമിക്കാവുന്ന ഹോട്ടലുകളൊന്നും തൃശ്ശൂരിലില്ല. തേജസ്വിയായ ആ യുവ സംന്യാസിയെ സന്തോഷപൂര്‍വ്വം വീട്ടുടമസ്ഥനായിരുന്ന സുബ്രഹ്മണ്യ അയ്യര്‍ അകത്തേയ്‌ക്ക് ക്ഷണിച്ചു. കുളിയും പ്രാതലും കഴിഞ്ഞ് തന്റെ തൊണ്ടവേദനയ്‌ക്ക് പരിഹാരം തേടി സ്വാമിജി അയ്യരോടൊപ്പം തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ പോയി ഡോ. ഡിസൗസയുടെ ചികിത്സയ്‌ക്ക് വിധേയനായി. സ്വാമിജിയുടെ വാസത്താല്‍ അനുഗൃഹീതമായ ആ ചെറിയ പടിപ്പുര വീട് ഇന്നും അതേപോലെ അവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
തൃശ്ശൂരില്‍ കൊക്കാലയില്‍ നിന്ന് വഞ്ചി കയറി സ്വാമിജി എറണാകുളത്തേയ്‌ക്കുള്ള യാത്രാ മദ്ധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങി. കൊടുങ്ങല്ലൂരില്‍ സ്വാമി മൂന്നുദിവസം ഉണ്ടായിരുന്നുവത്രെ. സ്വാമി കൊടുങ്ങല്ലൂര്‍ വന്നതിനെക്കുറിച്ച് ഒരു ലേഖനം 1963 ഫെബ്രുവരി 10 ലെ ‘മാതൃഭൂമി’ ആഴ്‌ച്ചപതിപ്പില്‍ ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് എഴുതിയിരുന്നു. കവിയുടെ അല്പം ഭാവന ആ ലേഖനത്തെ മോടി പിടിപ്പിച്ചിട്ടില്ലേ എന്നു നാം സംശയിക്കും. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിതമ്പുരാനും, ഭട്ടന്‍ തമ്പുരാനും സ്വാമിയുമായി ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടെന്നും അവരുടെ വാദമുഖങ്ങളെ സ്വാമി തകര്‍ത്തെന്നും ആ ലേഖനത്തില്‍ പറയുന്നു. യുവാവായ ഗുരുവും, വൃദ്ധന്മാരായ ശിഷ്യന്മാരും ആലിന്‍ചുവട്ടിലിരിക്കുന്ന മനോഹരമായ ഒരു ചിത്രം ശ്രീശങ്കരന്റെ ദക്ഷിണാമൂര്‍ത്തി സ്‌തോത്രത്തില്‍ നമുക്കു കാണാം. അപ്രകാരം ഒരു സങ്കല്‍പം ഓട്ടൂരിന്റെ ആലിന്‍ചുവട്ടിലിരിക്കുന്ന വിവേകാനന്ദനിലും നമുക്കു ദര്‍ശിക്കാം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചില മഹിളകള്‍ അവിടെ വെച്ച് വിവേകാനന്ദനെ സന്ദര്‍ശിച്ച് സംസ്‌കൃതത്തില്‍ സംസാരിക്കുകയുണ്ടായത്രെ. വനിതകള്‍ ശുദ്ധസ്പഷ്ടസം
സ്‌കൃതം സംസാരിക്കുന്നതുകേട്ട് സ്വാമി അത്ഭുതപ്പെട്ടുപോലും. കൊച്ചുണ്ണിതമ്പുരാനും, ഭട്ടന്‍തമ്പുരാനും സ്വാമിക്കു ‘വാദഭിക്ഷ’ വേണ്ടുവോളം കൊടുത്തെങ്കിലും, ഒരുനേരത്തെ ഭക്ഷണം ദാനം ചെയ്യുവാന്‍ തുനിഞ്ഞതായി ഓട്ടൂരിന്റെ ലേഖനത്തില്‍ക്കൂടി കാണുന്നില്ല. സ്വാമി കൊടുങ്ങല്ലൂര്‍ സന്ദര്‍ശിച്ചപ്പോള്‍ തുറന്ന ആലിന്‍ചുവട്ടില്‍, ശ്രീശങ്കരന്‍ ‘യതിപഞ്ജക’ത്തില്‍ പറയുന്നതുപോലെ, വൃക്ഷത്തിന്റെ വേരുകളെതന്നെ (മൂലംതരോഃ കേവല, മാശ്രയന്തഃ) ആശ്രയിച്ച് ഭാഗ്യവാനായി ഇരുന്നിരിക്കണം! ഭക്ഷണം, കാര്യമായൊന്നുംതന്നെ, സ്വാമിക്ക് അവിടെനിന്ന് ലഭിച്ചിരിക്കുകയില്ല. സ്വാമിക്കതൊരു പുതിയ അനുഭവവുമായിരുന്നില്ല. പരിവ്രാജകനായി ഭാരതം മുഴുവന്‍ സഞ്ചരിക്കുന്ന കാലത്ത് അതുപോലുള്ള അനുഭവങ്ങള്‍ പലതും സ്വാമിക്കുണ്ടായിരുന്നു. (എ.ആര്‍. ശ്രീനിവാസന്‍,1992, ‘വിവേകാനന്ദന്‍ കേരളത്തില്‍’)
സാര്‍ത്ഥകമായ സന്ദര്‍ശനം
ആ സന്ദര്‍ശനം ഒരു പാഴ്‌വേലയായിരുന്നില്ലെന്ന് ചരിത്രം തെളിയിക്കുന്നു. സ്വാമിജി സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി എന്തെങ്കിലും പ്രതീകങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. കൊടുങ്ങല്ലൂരിന് ലഭിച്ച സൗഭാഗ്യം എന്തായിരുന്നു;ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിരണ്ട് നവംബര്‍…അതി തേജസ്വിയായ ഒരു യുവസംന്യാസി വഞ്ചിയില്‍ തൃശ്ശൂരില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി. ഏത് കടവിലാണ് ഇറങ്ങിയത്, ഏതു വഴിക്ക് അല്ലെങ്കില്‍ ഏതു വരമ്പുകള്‍ താണ്ടി നടന്നിട്ടായിരിക്കാം അവിടുന്ന് ശ്രീകുരുംബക്ഷേത്ര സന്നിധിയില്‍ എത്തിയത്?
മനുഷ്യര്‍ക്കിടയില്‍ വരമ്പുകളും വേലികളും മാത്രം കെട്ടാനറിയുന്ന സമുദായ നേതാക്കന്മാര്‍ ആ മഹാമനസ്സിന് ക്ഷേത്രപ്രവേശനം നിഷേധിച്ചു. കാവിവസ്ത്രമണിഞ്ഞ ആ സംന്യാസിവര്യന്‍ അതൊന്നും കണക്കിലെടുത്തില്ല. മലബാറിനെപ്പറ്റി പലതും കേട്ടറിഞ്ഞ അദ്ദേഹത്തിന് ഇത് വളരെ സ്വാഭാവികമായേ തോന്നിയുള്ളു, പക്ഷേ അവിടേയും തെറ്റുപറ്റി.
കൊടുങ്ങല്ലൂരിലെ സംസ്‌കാരസമ്പന്നമായ രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ അമ്പലപ്പറമ്പിലെ ആലിന്‍ ചുവട്ടിലിരുന്ന ഗോസായിയെ ‘തിരിച്ചറിഞ്ഞു.’ അടുത്തുചെന്ന് അഭിവാദ്യം ചെയ്തു സംഭാഷണം ആരംഭിച്ചു, ശുദ്ധ സംസ്‌കൃതത്തില്‍. സന്തോഷാത്ഭുതത്തോടെ സംന്യാസി അവരുമായി സംവാദമാരംഭിച്ചു. സംസ്‌കൃതവും സംസ്‌കൃതിയും ലാളിത്യവും ആഭിജാത്യവും കൂടിച്ചേര്‍ന്ന് സ്ത്രീത്വത്തിന് നല്‍കിയ ഹൃദ്യമായ ആ പരിവേഷം സ്വാമിജിയുടെ മനസ്സിന്ന് അവാച്യമായ കുളിര്‍മ്മയേകി. ഭാരതസ്ത്രീത്വത്തിന്റെ ഭാവശുദ്ധിയിലേക്ക,് അതില്‍ നിന്നു ഉറവെടുക്കുന്ന ധാര്‍മ്മിക മൂല്യങ്ങളിലേക്ക്, സമുദായോന്നമന സാധ്യതകളിലേക്ക് – എത്ര പ്രാവശ്യമാണ് പിന്നീട് അവിടുന്ന് അത് ഏറ്റു പാടിയിട്ടുള്ളത്? തുടര്‍ന്നുണ്ടായ ചിന്താധാരകള്‍ മന്ത്രധ്വനികളായി നാം ആദ്യം ശ്രവിക്കുന്നത് ചിക്കാഗോ മതസമ്മേളനത്തിനുശേഷം ന്യൂയോര്‍ക്കിനടുത്തുള്ള തൗസന്റ് ഐലന്റ് പാര്‍ക്കില്‍ പന്ത്രണ്ട് ശിഷ്യന്മാരോടൊത്ത് നടത്തിയ ഗുരുകുലത്തില്‍ വെച്ചാണ്. ‘ഞാന്‍ മലബാറിലായിരുന്നപ്പോള്‍ ശുദ്ധ സംസ്‌കൃതം സംസാരിക്കുന്ന പല സ്ത്രീകളേയും കാണുകയുണ്ടായി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ലക്ഷക്കണക്കിലൊരാള്‍ക്ക് (സ്ത്രീ) പോലും അതു സാധിക്കുകയില്ല.’ എന്നദ്ദേഹം പറയുകയുണ്ടായി.
കൊടുങ്ങല്ലൂരിന് കൈവന്ന ആത്മീയോര്‍ജം
ആ വരികളില്‍ക്കൂടി ബഹിര്‍ഗ്ഗമിച്ച ആത്മീയോര്‍ജ്ജമാണ് കൊടുങ്ങല്ലൂരിലെ ഒരു പാഴ്പറമ്പിനെ വിവേകാനന്ദോര്‍ജ്ജം പ്രസരിക്കുന്ന കൈവിളക്കായി, കൊടുങ്ങല്ലൂരിനുള്ള ഒരു വരദാനമാക്കി മാറ്റിയിരിക്കുന്നത്.
1992ല്‍ വിവേകാനന്ദസ്വാമികളുടെ ഭാരത പരിക്രമ ശതാബ്ദിയെ അനുസ്മരിച്ച്അഖിലേന്ത്യാതലത്തില്‍ വിവേകാനന്ദകേന്ദ്രം (കന്യാകുമാരി) നടത്തിയ ഭാരതപരിക്രമ കൊടുങ്ങല്ലൂരില്‍ എത്തിയപ്പോഴാണ് വിവേകാനന്ദസ്വാമികളുടെ സന്ദേശപ്രചരണത്തിന്നായി മഹാമനസ്‌കനായ ഡോ. ശ്രീധരപൈ, ഇന്ന് ഒരു തപോഭൂമിയായി മാറിയിരിക്കുന്ന ഒരേക്കര്‍ ഭൂമിയെ വിവേകാനന്ദകേന്ദ്രത്തിന്ന് സമര്‍പ്പിച്ചത്. അങ്ങനെ ആ വിശ്വഭാനുവിനെ എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ ഒരു പുണ്യ അവസരം കൈവന്നു. ആത്മീയോര്‍ജ്ജം രുചിക്കാന്‍ വിതുമ്പുന്ന സ്ത്രീപുരുഷന്മാര്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. ഇവിടെയുള്ള ‘വിശ്വഭാനു’ ചുമര്‍ ചിത്രകഥ മാനവനിര്‍മ്മാണത്തില്‍ക്കൂടി രാഷ്‌ട്രനിര്‍മ്മാണം എന്ന വിവേകാനന്ദ സന്ദേശത്തെ എടുത്തുകാണിക്കുന്ന വഴികാട്ടിയാണ്. സമുന്നതവും സമഗ്രവും സാര്‍വ്വജനീനവുമായ വേദോപനിഷത് സന്ദേശങ്ങള്‍ ഇവിടെനിന്ന് സത്സംഗങ്ങള്‍ വഴിയായും മറ്റു പ്രായോഗിക ജീവിത മന്ത്രങ്ങളായും അനവരതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ജാതി നിര്‍ണയിക്കുവാന്‍ സാധിക്കാത്തതിനാല്‍ സ്വാമിജിയ്‌ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടു. ആ യുവ സംന്യാസിയെ ആരും തങ്ങളുടെ ഗൃഹത്തിലേയ്‌ക്ക് ക്ഷണിക്കുകയോ ആതിഥ്യം നല്‍കുകയോ ചെയ്തില്ല. ഇന്ന് ഇത് വായിക്കുമ്പോള്‍ എല്ലാ കേരളീയരുടെ ഹൃദയങ്ങളിലും പശ്ചാതാപത്തിന്റെ തരംഗങ്ങള്‍ ഉദിക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആതിഥ്യ മര്യാദയില്‍ വളരെ പിന്നോക്കമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയാത്ര ചെയ്ത് സ്വാമിജി എറണാകുളത്തെത്തി. ‘അമ്മയുടെ ജോലി ചെയ്തു തീര്‍ക്കാനുണ്ട്’ എന്ന ഗുരുവിന്റെ വചനങ്ങളുടെ പൊരുള്‍ തേടി കന്യാകുമാരിയിലെത്താന്‍, ഭാരതാംബയുടെ പാദങ്ങളില്‍ നമസ്‌കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: