പാലക്കാട്: കാട്ടാനശല്യത്തില്‍ വലഞ്ഞ് പുതുശ്ശേരി കോങ്ങാട്ടുപാടം നിവാസികള്‍. രണ്ടാഴ്ചയിലേറെയായി പ്രദേശത്തു തമ്പടിച്ചിട്ടുള്ള ഒറ്റയാന് നശിപ്പിച്ചത് 20 ഏക്കറിലധികം നെല്‍ക്കൃഷി. രാപകലില്ലാതെ ആനയുടെ വിളയാട്ടം മൂലം ജനങ്ങള്‍ ദുരിതത്തിലായി. രാത്രികാലങ്ങളില്‍ കര്‍ഷകര്‍ പാടത്ത് കാവലിരിക്കുകയാണ്.
കൊട്ടേക്കാടിനും പുതുശ്ശേരി സൗത്ത് സെക്ഷനും ഇടയിലാണ് കോങ്ങാട്ടുപാടം. നേരത്തെ രണ്ടാംവിള ആരംഭിച്ച പാടങ്ങളാണ് കോങ്ങാട്ടുപാടം മേഖലയിലുള്ളത്. ഇവയാണ് കാട്ടാന നശിപ്പിച്ചത്. ദയാനന്ദന്, സച്ചിതാനന്ദന്, വിവേകാനന്ദന് തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്.
കമ്പിവേലി തകര്‍ത്താണ് ആനയെത്തുന്നത്. കൊട്ടേക്കാട്, പുതുശ്ശേരി സൗത്ത് സെക്ഷനിലെ വാച്ചര്‍മാര്‍ പടക്കമെറിഞ്ഞും തീയിട്ടുമാണ് ആനയെ വിരട്ടുന്നത്. വാച്ചര്‍മാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെങ്കിലും ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ്.
പകല്‍ സമയങ്ങളില്‍ കണ്ണാടിച്ചോല മൈലാടിക്കുന്ന് മലയോരത്ത് തമ്പടിക്കുന്ന ആനകള്‍ സന്ധ്യയായാല്‍ ജനവാസമേഖലയിലെത്തും.
പുലര്‍ച്ചെ വരെ പാടങ്ങളിലും ജനവാസമേഖലയിലും തുടരും. അതേസമയം മേഖലയില്‍ വനംവകുപ്പ് പ്രത്യേക പട്രോളിങ് ആരംഭിച്ചെന്നും ഒറ്റയാനെ കാട് കയറ്റാനുള്ള പരിശ്രമത്തിലാണെന്നും വാളയാര്‍ റേഞ്ച് ഓഫിസര്‍ ആഷിക്ക് അലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: