ആലപ്പുഴ: ”എന്റെ രണ്ജിയെ ഗണവേഷം ധരിപ്പിക്കാമോ, സ്വയം സേവകനായി ജീവിച്ച അദ്ദേഹത്തിന് സ്വയംസേവകനായി മരിക്കണമെന്നായിരുന്നു ആഗ്രഹം”, പൊട്ടിക്കരഞ്ഞ് കൊണ്ട് ഭാര്യ ലിഷയുടെ വിലാപം. രണ്‍ജീതിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ലിഷ ഈ ആവശ്യം ഉന്നയിച്ചത്.
പിഞ്ചു മക്കളും, അമ്മയും അടക്കമുള്ള ബന്ധുമിത്രാദികളുടെ പൊട്ടിക്കരച്ചിലുകള്‍ക്കിടെ ലിഷ ഇക്കാര്യം ഉന്നയിച്ച് നിലവിളിച്ചത് അവിടെ കൂടി നിന്ന ഏവരുടെയും നെഞ്ചകം തകര്‍ക്കുന്നതായിരുന്നു. ശരീരമാസകലം മതഭീകരവാദികള്‍ വെട്ടിനുറുക്കിയ പ്രീയതമന്റെ ദേശീയ ബോധം താനും പിന്തുടരുന്നു എന്ന ഉറച്ച നിലപാടിന്റെ പ്രതികരണമായിരുന്നു ലിഷയുടെ ഇടറിയ വാക്കുകള്‍.
രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പത്തരയോടെയാണ് രണ്‍ജീതിന്റെ മൃതദേഹം ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിട്ടുകൊടുത്തത്. രാവിലെ ഏഴരയോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 10.15നു പൂര്‍ത്തിയായി. പോലീസ് അകമ്പടിയോടെ വിലാപയാത്രയായി ആലപ്പുഴയിലെത്തിച്ചു.
സേവാഭാരതിയുടെ ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. ആലപ്പുഴ ജില്ലാ കോടതിക്കു മുന്നില്‍ ബാര്‍ അസോസിയേഷന് ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: