ഹരിപ്പാട്: പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി, പുറക്കാട്, കരുവാറ്റാ പഞ്ചായത്തുകള്‍ അതിരിടുന്ന കരിനില മേഖലയില്‍പ്പെട്ട കരിയാര്‍ മുടിയിലക്കരി പാടശേഖരത്തിന്റെ ഒരു കിലോമീറ്ററിലേറെ ചുറ്റളവില്‍ നിന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 9,050 താറാവുകളെയും 36 കോഴികളെയും ഒപ്പം 44 മുട്ടകളും നശിപ്പിച്ചുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എ.ജി ജിയോ പറഞ്ഞു. രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ഊര്‍ജ്ജിത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള മുപ്പത് പേരടങ്ങുന്ന അഞ്ച് റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് മേഖലയില്‍ പക്ഷിപ്പനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ കുന്നുമ്മ കരിയാര്‍ മുടിയിലക്കരി പാടശേഖരത്തില്‍ തീറ്റക്കിറക്കിയിരുന്ന താറാവുകളില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവയെ കൊന്നൊടുക്കിയത്.എന്നാല്‍ ഒരു കിലോമീറ്ററിന് പുറത്ത് കരിനില മേഖലയിലെ വിവിധ പാടശേഖരങ്ങളിലും നദികരകളിലുമായി എഴുപതിനായിരത്തോളം താറാവുകള്‍ തീറ്റക്കായി എത്തിയിട്ടുണ്ടെന്നാണ് താറാവ് കര്‍ഷകര്‍ നല്കുന്ന അനൗദ്യോഗിക കണക്ക്.
ഇവയുടെ സ്രവവും കാഷ്ഠവുമടങ്ങുന്ന സാമ്പിളുകള്‍ കൃത്യമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്.ഫലം വരുന്നതനുസരിച്ചിരിക്കും ഇവയെ നശിപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.ഇതിനിടെ ദേശാടന പക്ഷികള്‍ കൂട്ടമായി എത്തുന്ന സമയമായതിനാല്‍ കാരമുട്ട്,നാലുചിറ,ആയാപറമ്പ് പാണ്ടി,മണലാടി,തേവേരി തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ ആയിരക്കണക്കിന് പക്ഷികളാണ് തീറ്റ തേടിയെത്തിയിട്ടുള്ളത്.ഇവയിലൂടെയാണ് പക്ഷിപ്പനി പടരുന്നതെന്ന് കണ്ടെത്തിയതോടെ ഇവയെ എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: