അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ പുതിയ താരോദയം. ഇതിഹാസ താരം ലൂയിസ് ഹാമില്‍ട്ടണിനെ പന്നിലാക്കി റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ ചാമ്പ്യനായി. അബുദാബി ഗ്രാന്‍ഡ് പ്രിക്‌സില്‍ ഒന്നാമതെത്തിയതോടെയാണ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്. വെര്‍സ്റ്റപ്പന്റെ ആദ്യ കിരീടമാണിത്.
നാടകീയതകളിലൂടെയായിരുന്നു അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ് മുന്നേറിയത്. ഹാമില്‍ട്ടണിനും വെര്‍സ്റ്റപ്പനും ഒരേ പോയിന്റോടെ തുടക്കം. വിജയിക്കുന്നവര്‍ക്ക് കിരീടം. പോള്‍ പോസിഷന്‍ നേടിയ വെര്‍സ്റ്റപ്പന്‍ ആദ്യ മുന്‍തൂക്കം നേടി. എന്നാല്‍ പൊരുതി കയറിയ ഹാമില്‍ട്ടണ്‍, വെര്‍സ്റ്റപ്പനെ പിന്നിലാക്കി കുതിച്ചു.
കിരീടം കൈയെത്തും ദൂരത്തെന്ന് തോന്നിച്ച നിമിഷം. എന്നാല്‍ നാടകീയത അവസാനിച്ചിരുന്നില്ല. അവസാന റൗണ്ടില്‍ കണ്ടത് അത്ഭുത മുഹൂര്‍ത്തങ്ങള്‍. ഹാമില്‍ട്ടണിനെ സെക്കന്‍ഡുകളുടെ വത്യാസത്തില്‍ പിന്നിലാക്കി വെര്‍സ്റ്റപ്പന്‍ കിരീടത്തിലേക്ക് പാഞ്ഞു. 2012ല്‍ വെറ്റല്‍ കിരീടം നേടിയ ശേഷം റെഡ്ബുള്‍ വീണ്ടും തലപ്പത്ത്. മേഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്ത്.
വിജയിച്ചിരുന്നെങ്കില്‍ ഹാമില്‍ട്ടണിനെ കാത്തിരുന്നത് ചരിത്ര മുഹൂര്‍ത്തമാണ്. കൂടുതല്‍ തവണ ലോക ചാമ്പ്യനെന്ന പട്ടം ഒറ്റയ്‌ക്ക് അലങ്കരിക്കാമായിരുന്നു. നിലവില്‍ ഏഴ് തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിനൊപ്പമാണ് ഹാമില്‍ട്ടണ്‍. 2020, 2019, 2018, 2017 വര്‍ഷങ്ങളില്‍ ഹാമില്‍ട്ടണ്‍ തുടര്‍ച്ചയായി കിരീടം നേടി. 2015ലും 2014ലും കിരീടം നേടിയിരുന്നു. മക്ലാരനൊപ്പം 2008ലും ഹാമില്‍ട്ടണ്‍ ലോക ചാമ്പ്യനായി.
















