തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്തും നല്കി. കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നോമിനികളെ കുത്തിനിറയ്ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.
ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞന് സി.എന്‍.ആര് .റാവുവും മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കരും കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. ‘കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല’ എന്നാണ് റാവു പറഞ്ഞത്. ‘കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് ‘ എന്നായിരുന്നു കെ.എന്‍. പണിക്കര്‍ പറഞ്ഞത്.ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷം തനിക്ക് നിരാശയായിരുന്നുവെന്നു പറയുന്ന ഗവര്‍ണര്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ദു:ഖകരമായിരുന്നുവെന്നും നിയമം ലംഘിക്കാനുള്ള സമ്മര്‍ദ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ വിസി പുനര്‍ നിയമനം കാര്യം സംസാരിക്കാന്‍ നിയമോപദേഷ്ടാവിനെ അയച്ചിരുന്നു. പുനര്‍നിയമനം കൊടുക്കുക എന്നതിനര്‍ത്ഥം നിയമന നടപടികള്‍ വേണ്ടന്നല്ല എന്നത് അദ്ദേഹത്തോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതി ഒപ്പിട്ടു കൊടുത്തു. കണ്ണൂരില്‍ അറുപത് കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്കാന് യുജിസി റഗുലേഷനെ ഉയര്‍ത്തിപ്പിടിച്ചവര്‍ ശ്രീശങ്കരയില്‍ ഇതേ പ്രശ്നം വന്നപ്പോള്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഫലത്തില്‍ എജി അടക്കമുള്ളവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്.
കലാമണ്ഡലം വിസി, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല. ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.
സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: