ഊട്ടി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. വ്യോമസേനയുടെ അന്വേഷണ സംഘമാണ് റെക്കോര്‍ഡര്‍ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ അപകട കാരണം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമ സേനാ സംഘം പരിശോധന തുടരുകയാണ്.
വ്യോമ സേനാ മേധാവി കൂനൂരിലെ സംഭവ സ്ഥലത്തെത്തി. വ്യോമസേനാ സംഘം നടത്തുന്ന പരിശോധനയുടെ പുരോഗതി വിലയിരുത്തി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അപകടം നടന്നതിനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു. അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇവര്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: