മണ്ഡലകാലം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പമ്പാതീരത്ത് തുണിമാലിന്യം കുമിഞ്ഞുകൂടുന്നു. തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ തീരത്ത് ഉപേക്ഷിക്കുന്ന തുണികള്‍ നീക്കം ചെയ്യാത്തത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു. അയ്യപ്പന്മാര്‍ ഉടുത്തിരുന്ന തുണികള്‍ മുന്‍കാലങ്ങളില്‍ സ്‌നാനം കഴിഞ്ഞ് പമ്പയില്‍ ഉപേക്ഷിക്കുമായിരുന്നു. ഇവ പമ്പയില്‍ നിന്ന് നീക്കം ചെയ്യാന്‍ കരാറുകാരുണ്ടായിരുന്നു.
എന്നാലിപ്പോള്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ലാത്തിനാല്‍, തീര്‍ത്ഥാടകര്‍ ഉപയോഗിച്ച ശേഷം തീരത്ത് ഉപേക്ഷിക്കുന്ന തുണികളാണ് കെട്ടികിടക്കുന്നത്. ഇവയുടെ മുകളില്‍ ഭക്ഷണ അവശിഷ്ടങ്ങളും പന്നി വിസര്‍ജ്യ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും കലര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. പമ്പാ തീരത്ത് അയ്യപ്പന്മാര്‍ക്ക് കുളിക്കാനായി സ്ഥാപിച്ചിട്ടുള്ള ഷവറില്‍നിന്നുള്ള വെള്ളവും, ഇടയ്‌ക്കിടെ പെയ്യുന്ന മഴവെള്ളവും ഇതിന് മുകളില്‍ വീണ് മലിന ജലം പമ്പയിലേക്ക് ഒഴുകുന്നുണ്ട്.
പമ്പാ തീരം ശുചീകരിക്കാന്‍ ബൃഹത് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപടികളൊന്നും എടുക്കാറില്ല. വിശുദ്ധി സേനയുടെ പ്രവര്‍ത്തനവും പമ്പയില്‍ കാര്യമായിട്ടില്ല. തീര്‍ത്ഥാടകര്‍ പമ്പയിലൊഴുക്കുന്ന തുണികള്‍ നദിയെ മലിനമാക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ തുണികള്‍ വലിച്ചെറിയുന്നത് വിലക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. ഇത്തവണ തീര്‍ത്ഥാടകര്‍ പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നില്ലങ്കിലും തീരത്ത് ഉപേക്ഷിക്കുന്നവയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
















