തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭ നിലയത്തില്‍ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി പുനരാരംഭിച്ചു. 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ആറാം നമ്പര്‍ ജനറേറ്ററിന്റെ പണിയാണ് ആദ്യം തുടങ്ങിയത്. പണിതീരാന്‍ ഒരു മാസമെടുക്കുമെങ്കിലും പ്രത്യേക സാഹചര്യത്തില്‍ 22 ദിവസത്തിനകം തീര്‍ക്കാനാണ് പദ്ധതി. നാല് ജനറേറ്ററുകളാണ് ഇനി റിപ്പയര്‍ ചെയ്യാനുള്ളത്. വേനലെത്തും മുമ്പ് എല്ലാ ജനറേറ്ററും പണികള്‍ തീര്‍ത്ത് പൂര്‍ണ്ണതോതിലുള്ള ഉത്പാദനം നടത്തുകയാണ് ലക്ഷ്യം.
കനത്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെ നവംബറില്‍ എല്ലാ ജനറേറ്ററുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ച്ചയായി 1000 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും പലതരത്തിലുള്ള തകരാറുകള്‍ വര്‍ഷങ്ങളായി ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഒന്ന്, മൂന്ന് നമ്പര്‍ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നേരത്തെ തന്നെ തീര്‍ന്നിരുന്നു. ഇനി രണ്ട്, നാല്, അഞ്ച് ജനറേറ്ററുകള്‍ കൂടി നന്നാക്കണം. ഫെബ്രുവരി അവസാനത്തോടെ തീര്‍ക്കണം. മുമ്പ് മഴക്കാലം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന അറ്റകുറ്റപണി ഡിസംബര്‍ ആദ്യത്തോടെ അവസാനിക്കാറുണ്ടായിരുന്നു. 2018 മുതല്‍ മഴ കനത്തതോടെ ഇത് താളംതെറ്റി, പിന്നാലെ ജനറേറ്ററുകളുടെ തകരാറുകളും ഏറി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: