തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരമ്പരാഗതമായ നീലമലപാത തുറക്കാന്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദ്ദേശം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പഠനം നടത്തി സുരക്ഷാ ഓഡിറ്റ് സമര്‍പ്പിക്കും. ഫയര്‍ ഫോഴ്‌സ് , പൊലീസ്, ദുരന്തനിവാരണ സേന, റവന്യൂ, വനം വകുപ്പ് അധികൃതര്‍ പാത തുറക്കലിലോട് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പിന് അനുകൂല നിലപാടല്ല ഉള്ളത്. തീര്‍ത്ഥാടകരില്‍ നല്ലൊരു ഭാഗവും കൊറോണ ബാധിച്ചവരായിരിക്കുമെന്നും മാസ്‌ക് ഉള്‍പ്പടെ ധരിച്ച് ഇവര്‍ക്ക് കുത്തനെയുള്ള നീലിമല കയറുമ്പോള്‍ ശ്വാസ തടസവും ഉണ്ടാകുമെന്നും അതിനെ തുടര്‍ന്ന് മരണ നിരക്ക് ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വിവിധ വകുപ്പുകളുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് എഡിഎം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.
















