തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയിലെ ഉദ്യോഗസ്ഥരില്‍ 744 പേര് ക്രിമിനല്‍ കേസ് പ്രതികള്‍. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 18 പേരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഡിവൈഎസ്പിയും പോക്സോ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്ഐ വരെയുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ റേഞ്ച് ഐജിമാര്‍ക്ക് സാധിക്കും. എന്നാല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ പിരിച്ചുവിട്ടവരെ ഉള്‍പ്പെടുത്തിയാല്‍ സേനയില്‍ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.
അതേസമയം കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച് നിര്‍ണായക പദവികള്‍ വഹിക്കുന്നുമുണ്ട്. പോലീസ് യോഗത്തില്‍ മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന് ചുമതലയും സബ് ഡിവിഷന് ചുമതലയും വഹിക്കുന്നുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: