തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജീവന് നിലനിര്‍ത്താന്‍ സര്‍ക്കാരിനു മുമ്പില്‍ യാചിച്ച് നില്ക്കുമ്പോള് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ സഹയാത്രികര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ ധനസഹായം.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതക്കാഴ്ചകള്‍ അത്യന്തം ദയനീയമാണ്. പതിനഞ്ച് വയസ്സായിട്ടും അമ്മയുടെ ഒക്കത്തിരുന്നു സഞ്ചരിക്കേണ്ടി വരുന്ന മക്കളുടെ ദയനീയ ചിത്രം കേരളം ഇന്നും കാണുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയി തങ്ങളുടെ പൊന്നോമനകളുടെ ദുരിതം മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല.
എന്നാല്‍, മുന്‍ മന്ത്രി തിലോത്തമന്, നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത എന്നിവര്‍ക്ക് ലക്ഷക്കണക്കിന് രൂപ ചികിത്സാ ധനസഹായം നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ മന്ത്രിക്ക് പത്ത് ലക്ഷം രൂപയും കെപിഎസി ലളിതയ്ക്ക് പ്രാഥമികഘട്ടമായി മൂന്ന് ലക്ഷം രൂപയും തുടര്‍ന്നുള്ള ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
ഇരുവര്‍ക്കും ചികിത്സാ ധനസഹായം നല്കിയ മന്ത്രിസഭായോഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സാമൂഹ്യ സുരക്ഷാമിഷന് മുഖേന പെന്ഷന് ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം നല്‍കാനാണ് തീരുമാനം. പത്ത് ദിവസത്തെ മരുന്നിന് പോലും തികയില്ല ഈ തുക. ദുരിതബാധിതര്‍ക്ക് സൗജന്യ മരുന്ന് വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവര്‍ക്കുള്ള മരുന്നുകള്‍ ലഭിക്കാറില്ല. പലപ്പോഴും ഇവര്‍ പുറത്തെ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരുന്നു.
2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് 6727 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ഇതില്‍ 1446 പേര്‍ക്കാണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്. 1568 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായവും നല്കി. ഇനി 3717 പേര്‍ക്ക് അഞ്ച് ലക്ഷവും 1568 പേര്‍ക്ക് രണ്ട് ലക്ഷവും ധനസഹായം ലഭിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: