ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് വേഗത്തില്‍ പരിഗണിക്കണം എന്നാണ് കത്തിലെ ആവശ്യം.
2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
87 വയസ്സായി. വിധി കേള്‍ക്കുവാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാല്‍ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണെന്നും കത്തില്‍ ദേവകി അന്തര്‍ജനം പറയുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
















