ലോകത്ത് പറക്കും കാറുകള്‍ വളരെക്കാലമായി സാങ്കല്‍പ്പിക കഥകള്‍ മാത്രമായിരുന്നു എന്നാല്‍ ഇപ്പോള്‍ അതും യാഥാര്‍ത്ഥ്യമാവുകയാണ്. ഇനി നഗരത്തിലെ ഗതാഗത കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോള്‍ പല കമ്പനികളും പറക്കുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്. അവയില്‍ ഫ്‌ലോറിഡ ആസ്ഥാനമായുള്ള ലുഫ്റ്റ്കാര്‍ കമ്പനി പുതിയൊരറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. 2023ഓടെ തങ്ങള്‍ പറക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ലുഫ്റ്റ്കാര്‍ പുറത്തിറക്കുന്ന വാഹനം ഒരു ഫഌിംഗ് മൊഡ്യൂളില്‍ ഘടിപ്പിക്കാന്‍ സാധിക്കും. ആറ് പ്രൊപ്പല്ലറുകളാണ് ഇതിനുണ്ടാവുക. ഈ കാറുകള്‍ക്ക് മണിക്കൂറില്‍ 220 മൈല്‍ (350 കിലോമീറ്റര്‍) വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഏകദേശം 4,000 അടി ഉയരത്തില്‍ എത്തുമെന്നും ഒറ്റയടിക്ക് 150 മൈല്‍ (240കിലോമീറ്റര്‍) ചുറ്റി സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇവ റോഡുകളിലും അനായാസം ഓടിക്കാനാകും.
അഞ്ച് സീറ്റുള്ള ഈ കാര്‍ ഹൈഡ്രജന്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. 3.5 ലക്ഷം ഡോളറാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. പ്രാഥമികമായി വന്‍കിട കോര്‍പ്പറേഷനുകള്‍ക്കും, അത്യാവിശ്യ യാത്രകള്‍ ചെയ്യേണ്ടി വരുന്ന സമ്പന്നര്‍ക്കും വേണ്ടിയായിരിക്കും ഇത് പുറത്തിറക്കുക. യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ കാറും വിമാനവും ഒരുമിച്ച് ആളുകള്‍ക്ക് വാങ്ങാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ഭാവിയില്‍ നഗരങ്ങളില്‍ ഇത് സജ്ജീവമാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് തിരക്കേറിയ നഗരത്തില്‍ താമസിക്കേണ്ടതില്ലെന്നും, ദൂരസ്ഥലങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാകുമെന്നും ലുഫ്റ്റ്കാറിന്റെ സ്ഥാപകനും സിഇഒയുമായ ശാന്ത് സത്യ അറിയിച്ചു.
ബിസിനസ്സുകളുടെ ആവശ്യത്തിന് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര നടത്താന്‍ ഷെയര്‍ ഒട്ടോ പോലെയും ഈ വാഹനം ഉപയോഗിക്കാം. അതുകൊണ്ട് മറ്റൊരു വാഹനം വാടകയ്‌ക്കെടുക്കേണ്ടി വരുന്ന ആവശ്യവും ഇല്ലാതാകും.
ഇന്ത്യന്‍ വംശജനായ ശാന്ത് സത്യയാണ് ലുഫ്റ്റ് കാറിന്റെ സ്ഥാപകന്‍. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സത്യ. ലുഫ്റ്റ്കാര്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം സീമെന്‍സ്, ജോണ്‍സണ്‍ കണ്‍ട്രോള്‍സ്, ബോയിംഗ് തുടങ്ങിയ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. ഭാവിയില്‍ ലുഫ്റ്റ്കാറിന്റെ പറക്കും വാഹനം ഇന്ത്യയില്‍ എത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: