തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനസ്റ്റാമ്പില്‍ തെളിയുക 12 വയസ്സുകാരന് വര. കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയില്‍ തോട്ടുവാഴത്തു വീട്ടില്‍ അക്ഷയ് ബി പിള്ള വരച്ച ചിത്രത്തിനാണ് അംഗീകാരം നേടിയത്. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്റെ ചിത്രമാണ് സംസ്ഥാന തല മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 529 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന് അറിയിച്ചു.
കൊല്ലം ജില്ലയില്‍ പ്രാക്കുളം എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ് ബി പിള്ള. ‘ഇന്ത്യന്‍ കര്ഷകന് ഒരു നേര്‍ക്കാഴ്ച’ എന്ന വിഷയത്തെ ആസ്പദമാക്കി ശിശുദിനസ്റ്റാമ്പ് 2021 രൂപകല്പന ചെയ്യുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് അക്ഷയ് ചിത്രം വരച്ചത്. സംസ്ഥാന ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ് ആണ് വിജയിയെ തിരഞ്ഞെടുത്തത്.
ഷാര്‍ജയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയില്‍ തോട്ടുവാഴത്തു വീട്ടില്‍ ബിജു പി പിള്ളയുടേയും അഞ്ജുവിന്റേയും മൂത്ത മകനാണ് അക്ഷയ്. ചിത്രരചനയ്ക്കു പുറമേ ഒറിഗാമിയിലും പ്രാഗത്ഭ്യമുള്ള അക്ഷയ് മുമ്പ് ഡിഗ്രിതലത്തില്‍ വരെയുള്ളവര്‍ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലും സമ്മാനം നേടിയിട്ടുണ്ട്.
സഹോദരി അക്ഷിത ബി പിള്ള പ്രാക്കുളം ഗവണ്മെന്റ് എല്‍.പി. സ്കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനം നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വീണാ ജോര്‍ജ്, ആന്റണിരാജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: