കൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലേക്ക് ആളുകൾ മടങ്ങാൻ തുടങ്ങിയതോടെ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ അസാധാരണമായ തിരക്ക്. ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. ഇവരിൽ ഭൂരിഭാഗം പേരും മാൾഡ, മുർഷിദാബാദ് ജില്ലകളിൽ നിന്നുള്ളവരാണ്. 36 മുതൽ 72 മണിക്കൂർ വരെ യാത്ര ചെയ്താണ് ഇവർ നാട്ടിലെത്തുന്നത്.
വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേര് നഷ്ടപ്പെടുമോ എന്ന ഭയമാണ് പെട്ടെന്നുള്ള ഈ തിരിച്ചുപോക്കിന് കാരണം. വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് ഇവർ ആശങ്കപ്പെടുന്നു. “നമ്മുടെ വോട്ട് രേഖപ്പെടുത്തുന്നത് വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം നമ്മുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടേക്കാം,” മുർഷിദാബാദിലേക്ക് പോകുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.
മറ്റൊരു യാത്രക്കാരൻ പറഞ്ഞു, “എന്റെ പേര് പട്ടികയിൽ ഉണ്ട്, പക്ഷേ പിന്നീട് എനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആളുകൾ പറയുന്നു. അതുകൊണ്ടാണ് ഞാൻ പോകുന്നത്. എന്റെ പേര് നീക്കം ചെയ്യപ്പെടുമോ എന്ന് എനിക്ക് ആശങ്കയുണ്ട്.” റെയിൽ വേ സ്റ്റേഷനുകളിലെ വലിയ തിരക്ക് അനിഷ്ട സംഭവത്തിലേക്ക് നയിച്ചേക്കാമെന്ന് ഭയന്ന് പോലിസ് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എസ്ഐആറിലൂടെ പശ്ചിമ ബംഗാൾ വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷത്തോളം പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്. ഫെബ്രുവരി 28 ന് പുറത്തിറക്കിയ അന്തിമ പട്ടികയിൽ നിന്ന് ഏകദേശം 63 ലക്ഷം പേരുകൾ ഒഴിവാക്കപ്പെട്ടു, കൂടാതെ വെരിഫിക്കേഷനും വിധിനിർണ്ണയ പ്രക്രിയയും പൂർത്തിയാക്കിയ ശേഷം 27 ലക്ഷം പേരുകൾ പിന്നീട് ഇല്ലാതായി.
ഏപ്രിൽ 23 നും ഏപ്രിൽ 29 നും രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് നാലിന്.
















