കെ.സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
കേരളം പിറവി കൊണ്ട് ആറരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജനങ്ങള്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ദുരിതത്തിലും ആശങ്കയിലുമാണ്. പ്രകൃതിക്ഷോഭങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തെ ഭരണാധികാരികളും ആ ആശങ്കയ്ക്ക് കാരണമാണ്. പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരുന്ന കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികളുടെ ഭരണപരാജയമാണ് കേരളം അനുഭവിക്കുന്ന കൊടിയ പ്രതിസന്ധിക്ക് കാരണം.
കടക്കെണി
കേരളത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക മഹാബലിയാണ്. മാലോകരെല്ലാം ഒന്നായിരുന്ന സമാജം. ഒന്നിനും ക്ഷാമമുണ്ടായിരുന്നില്ല. ജനം ആഘോഷത്തോടെ, സ്നേഹത്തോടെ ജീവിച്ച കാലം. ആ സംസ്ഥാനമിന്ന് പിടിപ്പുകേടിന്റെയും കൊള്ളരുതായ്മയുടേയും കൊള്ളയുടെയും കൊള്ളിവെയ്പ്പിന്റേയും നാടായി മാറി. മാവേലി മന്നന്റെ നാടാണ് ഇന്ന് കടക്കെണിയില്‍പ്പെട്ടിരിക്കുന്നത്, തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും ദുരന്തത്തിന്റെയും ഭൂമിയായി തീര്‍ന്നത്. നിത്യനിദാനത്തിനായി പ്രതിമാസം രണ്ടായിരം കോടിയാണ് കടമെടുക്കുന്നത്. പ്രതിദിനം ഏതാണ്ട് 66.66 കോടി രൂപ.
തൊഴിലില്ലായ്മ, ഭക്ഷ്യധാന്യങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കല്‍, മുരടിച്ച വ്യവസായങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തോട് വിടപറയുന്നത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ… ഇതിനൊന്നും ഒരു അറുതി വരുന്നില്ല എന്നതാണ് ദുഃഖകരം. കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുന്ന മേഖലകളില്‍ പോലും കേരളം പിന്നാക്കം പോകുന്നു. കാലത്തിനനുസരിച്ച് ആരോഗ്യ സംവിധാനത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നില്ല. ശരാശരി മലയാളിയുടെ നടുവൊടിക്കുന്നതാണ് ആരോഗ്യച്ചെലവുകള്‍. ഒരാള്‍ക്ക് മാരക രോഗം പിടിപെട്ടാല്‍ പിന്നെ അയാളുടെ ആശ്രിതര്‍ തെരുവിലെത്തുകയോ നിരാശ്രയരാവുകയോ ആണ് ചെയ്യുന്നത്. ഒരു സാമൂഹ്യ സുരക്ഷാ സംവിധാനവും ഇവരുടെ രക്ഷക്കെത്തുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കിയ വിപത്തുകളില്‍ നിന്നൊക്കെ ദൈവം രക്ഷിക്കും എന്ന പ്രതീക്ഷയില്‍ ഭാഗ്യാന്വേഷികളായി ലോട്ടറി ടിക്കറ്റിനെ ആശ്രയിക്കുന്നവരായി കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ അധപ്പതിപ്പിച്ചിരിക്കുന്നു.
‘അനാരോഗ്യ’ മേഖല
ആയുര്‍വേദത്തിന്റെ നാടാണ് കേരളം. ഏത് രോഗത്തിനും ചികിത്സ നിശ്ചയിക്കാന്‍ കഴിവുള്ള ഭിഷഗ്വരന്മാരുണ്ടായിരുന്ന നാട്. അഷ്ടവൈദ്യന്മാര് മാത്രമല്ല എത്രയോ മികച്ച വൈദ്യന്മാര് ഇവിടെയുണ്ടായിരുന്നു. സര്‍വജ്ഞരായ നാട്ടുവൈദ്യന്മാരാലും സമ്പന്നമായിരുന്നു. രാജാഭരണകാലഘട്ടത്തില് തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറന്ന നാടാണിത്. മെഡിക്കല്‍ കോളേജ് അടക്കം പലതും. എന്നിട്ടും എന്തുകൊണ്ടാണ് കൊവിഡ് സമയത്ത് കേരളം പകച്ചുനിന്നത്? എന്തുകൊണ്ടാണ് കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാനാവാതെ വന്നത്? ഇന്ത്യയില്‍ ഏറ്റവുമധികം പേര് മരിക്കാനിടയായ സംസ്ഥാനമായി കേരളം മാറിയത് ഏറെ ദുഃഖകരമാണ്; ആശങ്കപ്പെടുത്തുന്നതും. കേരളത്തിലെ ആരോഗ്യമേഖലയുടെ പാരമ്പര്യമൊന്നും ഇല്ലാത്ത സംസ്ഥാനങ്ങള്‍ പോലും കൊവിഡിനെ വിജയകരമായി മറികടന്നപ്പോള്‍ കൊട്ടിഘോഷിക്കലുകളില്‍ മാത്രം നമ്മുടെ സര്‍ക്കാര്‍ ശ്രദ്ധിച്ചു.
ദുരന്തപാഠങ്ങള്‍
പ്രകൃതി ദുരന്തങ്ങളുടെ നാടായി കേരളം മാറി എന്നതാണ് മറ്റൊന്ന്. ഓരോ പ്രതിസന്ധി ഉണ്ടാവുമ്പോഴും അതില്‍ നിന്ന് ഭരണകൂടം പാഠം പഠിക്കുന്നില്ല. രക്ഷാ പ്രവര്‍ത്തനം പോലും യഥാവിധി നടപ്പാക്കാന്‍ സംവിധാനമുണ്ടാവുന്നില്ല. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്ത്തനമെത്തിയത് എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞാണ്. വെള്ളപ്പൊക്കത്തിലും മഴക്കെടുതികളിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാരിന് കഴിയുന്നില്ല. വാഗ്ദാനങ്ങള്‍ വെറും വാക്കായി മാറുന്നു.
വിദ്യാഭ്യാസക്കച്ചവടം
ഇപ്പോഴും കേരള മോഡലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെക്കുറിച്ചാണ് ഈ ഗീര്‍വാണം. 19-ാം നൂറ്റാണ്ടില്‍ തന്നെ കേരളം, തിരുവിതാംകൂര്‍, കൊച്ചി മേഖലകളിലും എന്തിന് മലബാര്‍ മേഖലയില്‍ പോലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യവളര്‍ച്ചയുടെ വിവിധ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍ മുന്നിലായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കാനും നവോത്ഥാനത്തിലേക്ക് നയിക്കാനുമൊക്കെ തയ്യാറായ ശ്രീനാരായണഗുരുവിനെയും ചട്ടമ്പി സ്വാമികളെയും പണ്ഡിറ്റ് കറുപ്പനെയും മഹാത്മാ അയ്യങ്കാളിയെയും പോലെയുള്ള നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കളും ആത്മീയനേതാക്കളും നവോത്ഥാന നായകരുമൊക്കെ വിദ്യാഭ്യാസത്തിനും വ്യവസായവത്കരണത്തിനും ആരോഗ്യ മേഖലയ്ക്കുമൊക്കെ പ്രാധാന്യം നല്കി.
വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച മറ്റൊരു ദൃഷ്ടാന്തമാണ്. വിദ്യാഭ്യാസം ഇന്ന് കച്ചവടക്കാരുടെ കൈയിലാണ്. പ്രാഥമിക വിദ്യാഭ്യാസം വ്യാപകമാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി മലയാളികള്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം. വിദ്യാഭ്യാസ സംവിധാനത്തിന്റെയും മേല്‍നോട്ടത്തിന്റെയും എല്ലാ മേഖലകളിലും പാര്‍ട്ടിക്കാരെ കുത്തി നിറച്ച് അതിന്റെ നിലവാരം തകര്‍ത്തു.
മുരടിച്ച് കാര്‍ഷികമേഖല
ഒരു നാട് പുരോഗമിക്കണമെങ്കില്‍ കൃഷി വളരണം. വ്യവസായം പുഷ്ടിപ്പെടണം. രണ്ടിലും കേരളം പിന്നോട്ടാണ്. കൃഷിഭൂമി ചുരുങ്ങിച്ചുരുങ്ങി ഏതാണ്ട് ഇല്ലാതാവുന്നു. ഭൂപരിഷ്കരണത്തില്‍ തോട്ടത്തെ ഒഴിവാക്കിയത് വിവേചനമായിരുന്നു. അനധികൃതമായി മുതലാളിമാര്‍ കൈവശം വച്ച അഞ്ചുലക്ഷം ഏക്കര്‍ തോട്ടംഭൂമി തൊടാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കൊന്നും ധൈര്യമില്ല. സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യം റിപ്പോര്‍ട്ടില്‍ തോട്ടം ഭൂമിയേറ്റെടുത്ത് തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും അവിടെ ഇവര്‍ മുതലാളിത്ത പാതയിലാണ്. തോട്ടം കൈയടക്കിയ കോര്‍പ്പറേറ്റുകളുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിക്കുന്നു.
വ്യവസായങ്ങളുടെ കഥ പറയണ്ട. തുടങ്ങുമ്പോള്‍ത്തന്നെ കൊടിപിടിച്ച് അത് പൂട്ടിച്ചവരും നിക്ഷേപകനെ വര്‍ഗശത്രുവായി കണ്ടവരും നോക്കുകൂലി ഈടാക്കിയവരും വ്യവസായികളെല്ലാം സ്ഥലം വിട്ടുകഴിയുമ്പോള്‍ വിലപിക്കുകയാണ്. കയര്‍, കൈത്തറി തുടങ്ങിയ പരമ്പാഗത വ്യവസായങ്ങളും തകര്‍ന്നു. അല്ലെങ്കില്‍ തകര്‍ത്തു. വര്‍ഷാവര്‍ഷം രണ്ടുലക്ഷം കോടിയോളം രൂപയാണ് വിദേശ മലയാളികള്‍ ചോര നീരാക്കി കേരളത്തിലേക്കയക്കുന്നത്. അത് ഊറ്റിക്കുടിക്കാനല്ലാതെ ഈ ഭരണാധികാരികള്‍ക്കെന്തറിയാം. കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി ഉല്പാദനച്ചെലവിന് പകരം റവന്യൂ ചെലവ് നടത്തുന്നു. കേരള സര്‍ക്കാരിന്റെ കടം മൂന്ന് ലക്ഷം കോടിയായി ഉയര്‍ന്നു. പിരിക്കുന്ന നികുതിയെല്ലാം കടവും പലിശയും തിരിച്ചടയ്ക്കാനേ തികയൂ. എന്തിനും കേന്ദ്രം തരണം എന്ന ഗതികേടിലാണ് കേരളം. ചിലരെ സഹായിക്കാന്‍ നികുതി പിരിവില്‍ മനപൂര്‍വം അലംഭാവം കാണിക്കുന്നു. പൊതുമേഖലയെക്കുറിച്ച് ഊറ്റംകൊള്ളുന്നവര്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കി നികുതി പ്പണം ചോര്‍ത്തുന്നു. സഹകരണമേഖല കയ്യിട്ടുവാരാനുള്ള ചക്കരക്കുടം മാത്രമായി.
മാഫിയാവല്‍ക്കരണം
എല്ലാതരം മാഫിയകളും വിളയാടുന്ന സ്ഥലമായി നാട് മാറി. പിഞ്ചുകുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തി കൊലചെയ്തവര്ക്ക് സംരക്ഷണം ഒരുക്കുന്ന സര്‍ക്കാരാണിത്. ഐഎസ് തീവ്രവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്രമായി സംസ്ഥാനം മാറി. കേരളത്തിന്റെ വരുമാന സ്രോതസ്സായ ടൂറിസം തകര്‍ന്നു. കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന മേഖലയാണ് ഐടി. ബാംഗ്ലൂരും ഹൈദരബാദുമൊക്കെ ഐടി ഹബ്ബായി കുതിച്ചുയര്‍ന്നപ്പോള്‍ മുമ്പേ നടന്ന നാം പിന്നിലായി. കമ്പ്യൂട്ടറുകള്‍ തകര്‍ക്കാനായിരുന്നല്ലോ ബുദ്ധിജീവികളുടെ ആഹ്വാനം. 60 വര്‍ഷമായി പരിഗണനയിലിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗതം ഇന്നും പൂര്‍ണമായില്ല. കേരളം ഒരു ദശാസന്ധിയിലാണ്. കേരള മോഡല്‍ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ മണമുളള വികസനമാണ് നമുക്കാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: