കണ്ണൂര്‍: എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ദിവ്യാംഗവിഭാഗക്കാര്ക്കുള്ള സംവരണക്രമം പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാരിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം, സംവരണം നിഷേധിക്കുന്നതിനെക്കുറിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാമൂഹ്യനീതി വകുപ്പ് നിയമനത്തില്‍ സംവരണതത്ത്വം പാലിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്മെന്റ് ഹൈക്കോടതിയേയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാനേജുമെന്റുകളുടെ ആവശ്യങ്ങള്‍ കോടതി തള്ളിയിരുന്നു.
പേഴ്സണല്‍ ഡിസബിലിറ്റീസ് ആക്ട് നിലവില്‍ വന്ന 1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18വരെ നിയമനങ്ങളുടെ മൂന്ന് ശതമാനവും അതിനുശേഷം 2017 ഏപ്രില്‍ 19 മുതല്‍ ആകെ നിയമനങ്ങളുടെ നാല് ശതമാനവും നല്‍കണമെന്നാണ് ഉത്തരവ്. അടിയന്തരമായി മുന്‍കാല ഒഴിവുകള്‍ കണക്കാക്കണമെന്നും അടുത്തുവരുന്ന ഒഴിവുകളില്‍ ഉത്തരവുകള്‍ പ്രകാരം നികത്തണമെന്നും നിര്‍ദേശിക്കുന്നു. ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനാണ് മേല്‍നോട്ടച്ചുമതല. എന്നാല്‍, ഉത്തരവ് നിയമനത്തിന് പര്യാപ്തമല്ലെന്ന് ഡിഫറന്റ്ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന് പറയുന്നു. മാനേജ്മെന്റുകള്‍ക്ക് സ്വതന്ത്രമായ രീതിയില്‍ അത്തരം ഒഴിവുകള്‍ കണ്ടെത്താനും നിയമിക്കാനും അവസരം ല്കുന്നതാണ് ഈ ഉത്തരവെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: