തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെണ്മയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നല്‍കുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയമാണ്. കേവലം പ്രതീകാത്മകമായ പ്രാധാന്യം മാത്രമല്ല അതിനുള്ളതെന്ന് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്കില്‍ പങ്കു വച്ച കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ജയശങ്കറിന്റെ നിലപാട്. ഇപ്പോഴത്തെ സവിശേഷ സാമുദായിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവരുടെ അനുഭാവം ഹിന്ദുത്വ വാദികളോടാണെന്നു മാത്രം. ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോ 1921 ലെ മലബാര്‍ കലാപം ? ആണെങ്കില്‍തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ സമരത്തിന്റെ പ്രതീകവും പ്രതിരൂപവുമെന്നും ജയശങ്കര്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒക്ടോബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഏറ്റവും പുതിയ ജീവചരിത്രം പ്രകാശിതമായി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത് മാര്‍ക്സിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ടി.കെ. ഹംസ ; പ്രാസംഗികരായി ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, മുസ്ളിം ലീഗുകാരനായ സ്ഥലം എം.എല്‍.എ ഉബൈദുള്ള, പോപ്പുലര്‍ ഫ്രണ്ട് നേതാവ് പ്രൊഫ. പി. കോയ മുതലായവര്‍. അന്നുവരെ മറ്റാരും കണ്ടിട്ടില്ലാതിരുന്ന, വാരിയംകുന്നന്റേതെന്ന് പറയപ്പെടുന്ന ഫോട്ടോയാണ് പുസ്തകത്തിന്റെ കവര്‍ചിത്രം. മുമ്പ് കെ. മാധവന്‍നായരും സര്‍ദാര്‍ ചന്ദ്രോത്തും വര്‍ണ്ണിച്ചിട്ടുള്ള കറുത്തിരുണ്ട നിറമുള്ള വൃദ്ധനെയല്ല ചിത്രത്തില്‍ കാണുന്നത്. വെളുത്ത നിറവും കനത്ത മേല്‍മീശയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയുമുള്ള ഏതാണ്ട് ഒരു യൂറോപ്യന്‍ ഛായയുള്ള പുതിയ വാരിയംകുന്നന്. മണിക്കൂറുകള്‍ക്കകം പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയി. വാരിയംകുന്നന്റെ പുതിയ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. ഏറനാട്ടിലും വള്ളുവനാട്ടിലും മാത്രമല്ല, നാടിന്റെ നാനാഭാഗത്തും ആ ചിത്രംവലിയ ആവേശത്തോടെ വരവേല്ക്കപ്പെടുകയും ചെയ്തു.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമുദായ സംഘടനകളും അത്യുത്സാഹപൂര്‍വം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ളിം ലീഗും ജമാ അത്തെ ഇസ്ളാമിയും പോപ്പുലര്‍ ഫ്രണ്ടും മാത്രമല്ല കോണ്‍ഗ്രസുമുണ്ട്. എന്നാല്‍ ഏറ്റവും ഉത്സാഹത്തോടെയും ആവേശത്തോടെയും നാടൊട്ടുക്കും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. കലാപത്തിന്റെ ശതാബ്ദി പ്രമാണിച്ച് ഡി.വൈ.എഫ്.ഐ തെക്ക് പാറശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ നൂറു ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോടാണ് സ്പീക്കര്‍ എം.ബി. രാജേഷ് ഉപമിച്ചത്. തക്ബീര്‍ മുഴക്കിയ കേരള ചെഗുവേരയെന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദും വിശേഷിപ്പിച്ചു. മലബാര്‍ കലാപം നടന്ന പ്രദേശങ്ങള്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടാക്കി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. മറുഭാഗത്ത് സംഘപരിവാറും വെറുതേയിരിക്കുകയല്ല. മലബാര്‍ കലാപമെന്ന പേരില്‍ നടന്ന ഹിന്ദു വംശഹത്യയുടെ ശതാബ്ദി അവര്‍ ദേശീയതലത്തില്‍ തന്നെ ആചരിക്കുന്നുണ്ട്. മലബാര്‍ കലാപത്തില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാതിരുന്ന ക്രൈസ്തവരും അവരാല്‍ കഴിയും വിധം ആഘോഷ പരിപാടികളില്‍ പങ്കുചേരുന്നുണ്ട്. ഇപ്പോഴത്തെ സവിശേഷ സാമുദായിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവരുടെ അനുഭാവം ഹിന്ദുത്വ വാദികളോടാണെന്നു മാത്രം. ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോ 1921 ലെ മലബാര്‍ കലാപം ? ആണെങ്കില്‍തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ സമരത്തിന്റെ പ്രതീകവും പ്രതിരൂപവും ?
തീര്‍ച്ചയായും സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരുന്നു 1921 ലെ നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും. സാക്ഷാല്‍ മഹാത്മാഗാന്ധിയാണ് ഇതു രണ്ടും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. മൗലാന മുഹമ്മദാലി, ഷൗക്കത്ത് അലി, അബുല്‍ കലാം അസാദ്, മോത്തിലാല്‍ നെഹ്റു മുതലയാവരായിരുന്നു സമര നേതാക്കള്‍. മുസ്ളിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സമരത്തിനെതിരായിരുന്നു. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കുന്നതില്‍ പ്രതിഷേധിച്ച് മുഹമ്മദാലി ജിന്ന കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. സമരം സമാധാനപൂര്‍ണ്ണവും അഹിംസാത്മകവുമായിരിക്കണമെന്ന് മഹാത്മാഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുറപ്പു വരുത്താന്‍ അദ്ദേഹം അനുചരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ മുതല്‍ ബര്‍മ്മ വരെ ബ്രിട്ടീഷ് ഇന്ത്യയില്‍ എല്ലായിടത്തും ഖിലാഫത്ത് സമരം നടന്നു. എന്നാല്‍ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍, അതും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ മാത്രമാണ് സമരം അക്രമാസക്തമായത്. യഥാര്‍ത്ഥത്തില്‍ നിസഹകരണ പ്രസ്ഥാനത്തിനും ഖിലാഫത്ത് സമരത്തിനും നേരിട്ട അപഭ്രംശമായിരുന്നു 1921 ലെ മലബാര്‍ കലാപം. 1920 ആഗസ്റ്റ് മാസത്തില്‍ മഹാത്മാഗാന്ധിയും ഷൗക്കത്ത് അലിയും മലബാര്‍ സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്ത് അവരുടെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടി. ഏറനാട്ടില്‍ നിന്നു വന്ന മാപ്പിളമാരായിരുന്നു അതിലധികവും. സമരം സമാധാനപൂര്‍ണവും അഹിംസാത്മകവുമായിരിക്കണമെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു.മാപ്പിളമാരില്‍ ഏറിയകൂറും ദരിദ്രരരും വിദ്യാ വിഹീനരുമായിരുന്നു. അവര്‍ക്ക് ഖിലാഫത്തിന്റെ പ്രാധാന്യം മനസിലായി. എന്നാല്‍ അഹിംസയുടെ സന്ദേശം വേണ്ടവിധം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.
ഒരു വര്‍ഷത്തിനകം കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെമ്പാടും ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ നേതൃത്വം കെ.പി. കേശവമേനോന്, യു. ഗോപാലമേനോന്‍, കെ. കേളപ്പന്, മുഹമ്മദ് അബ്ദുറഹ്മാന്, ഇ. മൊയ്തു മൗലവി, എം.പി നാരായണ മേനോന്, കെ. മാധവന്‍നായര്‍ മുതലായവര്‍ക്കായിരുന്നു. എല്ലാവരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍. ആത്മീയ നേതൃത്വം തിരൂരങ്ങാടിയിലെ ആലി മുസ്ളിയാര്‍ക്കായിരുന്നു. 1921 ആഗസ്റ്റ് 20 ന് ആലി മുസ്ളിയാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം ഏറ്റുമുട്ടലിനിടയാക്കി. ആലി മുസ്ളിയാര്‍ കീഴടങ്ങിയെങ്കിലും അനുയായികള്‍ അടങ്ങിയില്ല. തിരൂരങ്ങാടി പള്ളി പട്ടാളം തകര്‍ത്തു എന്ന കിംവദന്തി ഏറനാട്ടിലെമ്പാടും പടര്‍ന്നു പിടിച്ചു. മാപ്പിളമാര്‍ പ്രകോപിതരായി. നാടിന്റെ നാനാഭാഗത്തും അക്രമം അരങ്ങേറി. അതോടെ രാഷ്ട്രീയ നേതാക്കള്‍ നിസഹായരായി. സമര നേതൃത്വം മതഭ്രാന്തന്മാരും സാമൂഹ്യ വിരുദ്ധരും കൈയടക്കി. ആഗസ്റ്റ് 20 നും 25 നുമിടയ്ക്ക് വള്ളുവനാട്, ഏറനാട് താലൂക്കുകളിലെ മിക്ക സ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. താനൂര്‍, പരപ്പനങ്ങാടി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ 20-ാം തീയതിയും മഞ്ചേരി, കാളികാവ്, കരുവാരക്കുണ്ട്, ചെമ്പ്രശേരി, താനൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ 21-ാം തീയതിയും ലഹള തുടങ്ങി. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കുകയും രേഖകള്‍ തീയിടുകയും ട്രഷറികള്‍ കൊള്ളയടിക്കുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തു. വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങള്‍ തകരാറിലാക്കി. ടെലഗ്രാഫ് വയറുകള്‍ മുറിച്ചു. കോഴിക്കോട്ടേക്കുള്ള റെയില്‍ പാളങ്ങള്‍ ഇളക്കിമാറ്റി. കലുങ്കുകളും പാലങ്ങളും തകര്‍ത്തു. വഴികളില്‍ മരം മുറിച്ചിട്ട് തടസം സൃഷ്ടിച്ചു. കലാപകാരികളെ പിന്തിരിപ്പിക്കാന് കേശവമേനോനും അബ്ദുറഹ്മാനും നാരായണ മേനോനും മൊയ്തു മൗലവിയും മാധവന് നായരും ആവുംപാട് പരിശ്രമിച്ചു. പക്ഷേ എല്ലാ ശ്രമവും പരാജയപ്പെട്ടു. ഈ ഘട്ടത്തില്‍ മലബാറില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. കലാപകാരികളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ലഹളക്കാര്‍ക്ക് നേതൃത്വം നല്‍കിയത്. കൂടാതെ കാരാടന്‍ മൊയ്തീന് കുട്ടി ഹാജി, ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍,കൊല്ലപ്പറമ്പന്‍ അബ്ദുഹാജി മുതലായവരും അവതരിച്ചു. കലാപകാരികളെ തുരത്താന്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമം ആദ്യഘട്ടത്തില്‍ വിജയിച്ചില്ല. അതോടെ അക്രമികള്‍ക്ക് ആവേശം വര്‍ദ്ധിച്ചു. അടുത്തഘട്ടത്തില്‍ ലഹള ഹിന്ദു ജന്മിമാര്‍ക്കും ഒറ്റുകാര്‍ എന്നാരോപിക്കപ്പെട്ട മുസ്ളിം പ്രമാണിമാര്‍ക്കും നേരെ തിരിഞ്ഞു. ഒട്ടും വൈകാതെ അതൊരു വര്‍ഗ്ഗീയ കലാപമായി പരിണമിച്ചു. കൊള്ളയും കൊലപാതകങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും നിര്‍ബാധം നടന്നു. മതപരിവര്‍ത്തനം നടത്തുന്നതിന് ധനികരെന്നോ നിര്‍ദ്ധനരെന്നോ മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ വേര്‍തിരിവുണ്ടായില്ല. പരിവര്‍ത്തനത്തിന് വിധേയരാവരില്‍ നമ്പൂതിരിമാരും നായന്മാരും ഈഴവരും ചെറുമക്കളും ഭൂപ്രഭുക്കളും കുടിയാന്മാരും ചെത്തുകാരും കര്‍ഷകത്തൊഴിലാളികളുമൊക്കെ ഉള്‍പ്പെട്ടുവെന്ന് ഡോ. കെ.എന്‍. പണിക്കര്‍ പില്ക്കാലത്ത് നിരീക്ഷിച്ചു. മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. പൊലീസുകാരും പട്ടാളക്കാരും നന്നേ കുറവായിരുന്നു. കലാപത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവര്‍ സവര്‍ണ്ണ ജന്മിമാര് മാത്രമല്ല, സാധാരണക്കാരായ തീയ്യരും ചെറുമരും ചാലിയന്മാരും ക്രിസ്ത്യാനികളും വരെ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് അധികാരികള്‍ ഗൂര്‍ഖപട്ടാളത്തെ ഇറക്കി കലാപകാരികളെ അമര്‍ച്ച ചെയ്തു. മനോവീര്യം നഷ്ടപ്പെട്ട ലഹളക്കാര്‍ കൂട്ടത്തോടെ കീഴടങ്ങി. 1921 ഡിസംബര്‍ ആകുമ്പോഴേക്കും 22,000 ലധികം പേര് കീഴടങ്ങിക്കഴിഞ്ഞിരുന്നു. പിടിച്ചു നില്ക്കാന് കഴിയാതെ വന്ന നേതാക്കളും അതേപാത പിന്തുടര്ന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രാശേരി കുഞ്ഞിക്കോയതങ്ങളും കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളും കാരാടന്‍ മൊയ്തീന് കുട്ടിയും കീഴടങ്ങി. കൊല്ലപ്പറമ്പന്‍ അബ്ദുഹാജി മാത്രമാണ് പട്ടാളവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. കീഴടങ്ങിയ നേതാക്കളില്‍ ചിലരെങ്കിലും സഹലഹളക്കാരെ ഒറ്റു കൊടുക്കാനും അവര്‍ക്കെതിരെ തെളിവുകൊടുക്കാനും തയ്യാറായി എന്നുമുണ്ട് ചരിത്രം. പക്ഷേ ആര്‍ക്കും ഒരു ഇളവും കിട്ടിയില്ല. ആദ്യമേ കീഴടങ്ങിയ ആലി മുസ്ളിയാരെ പ്രത്യേക കോടതിയില്‍ വിചാരണ ചെയ്ത് തൂക്കിലേറ്റി. മറ്റെല്ലാവരെയും സൈനിക വിചാരണയ്ക്കു ശേഷം വെടിവച്ചു കൊന്നു. ലഹള പരാജയപ്പെട്ട ഘട്ടത്തില്‍ ജീവനും കൊണ്ടോടിയ കൊന്നാറ മുഹമ്മദ് കോയ തങ്ങളെ മാസങ്ങള്‍ക്കുശേഷം കൂത്തുപറമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തു വധശിക്ഷക്കു വിധിച്ചു. മലബാര്‍ കലാപം മാപ്പിളമാര്‍ക്കും ഉണങ്ങാത്ത മുറിവും തീരാ നഷ്ടങ്ങളുമാണ് ബാക്കി വച്ചത്. പൊലീസും പട്ടാളവും കൂടി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടുകള്‍ക്ക് തീവെച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. പുരുഷന്മാരെ കൂട്ടത്തോട അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയരാക്കി. പലരും തൂക്കുമരത്തിലേറി. ശേഷിച്ചവരെ ആന്‍ഡമാനിലേക്ക് നാടുകടത്തി. അതിനും പുറമേയാണ് 67 മാപ്പിളത്തടവുകാര്‍ ശ്വാസം മുട്ടി മരിച്ച വാഗണ്‍ ട്രാജഡി.
കലാപം മലബാറിലെ ഹിന്ദു മുസ്ളിം മൈത്രിയില്‍ നികത്താനാവാത്ത വിള്ളലാണ് ഉണ്ടാക്കിയത്. ഇരു സമുദായങ്ങളും തമ്മില്‍ ഭയവും അവിശ്വാസവും വര്‍ദ്ധിച്ചു. മലബാറില്‍ മാത്രമല്ല രാജ്യത്താകമാനം മുസ്ളിങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുണ്ടായിരുന്ന അനുഭാവം ഇല്ലാതായി. കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്ന് മുസ്ളിങ്ങളും മാപ്പിളമാര്‍ വിശ്വാസവഞ്ചന കാട്ടിയെന്ന് കോണ്‍ഗ്രസിലെ ഹിന്ദു നേതാക്കളും കുറ്റപ്പെടുത്തി. മാപ്പിള ഭ്രാന്തിനെ വാക്കുകള്‍ കൊണ്ട് നിഷേധിച്ചാല്‍ പോര നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളിലും കൊള്ളകളിലും മുസല്മാന്മാര് ലജ്ജിക്കുക തന്നെ വേണമെന്ന് മഹാത്മാഗാന്ധി ശഠിച്ചു. അഹിംസാത്മക സമരത്തിന് ജനങ്ങള്‍ ഇനിയും സജ്ജരായിട്ടില്ലെന്ന് മഹാത്മജി തിരിച്ചറിഞ്ഞു. ആലി സഹോദരന്മാര്ക്ക് ഗാന്ധിജിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. ഹിന്ദു മഹാസഭയുടെ ഏജന്റാണ് ഗാന്ധിജിയെന്ന് മൗലാന മുഹമ്മദലി കുറ്റപ്പെടുത്തി. ഖിലാഫത്ത് സമരം പിന്‍വലിച്ചശേഷം 1924 -25 വര്‍ഷങ്ങളില്‍ വടക്കേന്ത്യയിലെ പല നഗരങ്ങളിലും വലിയ സാമുദായിക കലാപങ്ങള്‍ അരങ്ങേറി. അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായി.
പകയുടെയും പരസ്പര വിദ്വേഷത്തിന്റെയും ചാരംമൂടിക്കിടന്ന കനലുകളാണ് ഇപ്പോള്‍ ശതാബ്ദി ആഘോഷത്തിന്റെ മറവില്‍ തത്പരകക്ഷികള്‍ ഊതിക്കത്തിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമീപകാലത്തു നടന്ന പ്രക്ഷോഭ സമരത്തില്‍ പോലും ’21 ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നു ചില തീവ്രവാദികള്‍ മുദ്രാവാക്യം മുഴക്കുകയുണ്ടായി. കൊള്ളയുടെയും കൊലയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ഭീതിജനകമായ ഓര്‍മ്മകള്‍ നിലനിറുത്തേണ്ടത് അവരുടെ ആവശ്യമാണ്. മലബാറില്‍ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ച് വിധ്വംസക ശക്തികള്‍ക്ക് മകുടിയൂതുന്ന ഇടതുപക്ഷ യുവജന സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. വാരിയംകുന്നനെ ആഘോഷിക്കുന്നവര്‍ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെയും മൊയ്തു മൗലവിയുടെയും രാഷ്ട്രീയ പാരമ്പര്യത്തെ റദ്ദാക്കുകയാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെണ്മയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നല്‍കുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയമാണ്. കേവലം പ്രതീകാത്മകമായ പ്രാധാന്യം മാത്രമല്ല അതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: