മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം എല്ലാ ദിവസവും ഓര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെ നടമാടുന്ന അനീതി ഉടലെടുക്കുമായിരുന്നില്ല. ഒരാഴ്ചയായി ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവിടെ നിരാഹാര സമരത്തിലാണ്. ഒരധ്യാപകന്റെ വഴിവിട്ട പെരുമാറ്റത്തിന് അയാളുടെ സഹപ്രവര്‍ത്തകര്‍ പലരും കൂട്ടുനില്‍ക്കുന്നു എന്ന പരാതിയുണ്ട്. അതിനിടയില്‍ വൈസ് ചാന്‍സലര്‍ കുറേ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദീപ മോഹനന് എന്ന കുട്ടിയുടെ പ്രധാന ആവശ്യം നാനോ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാറിനെ മാറ്റണമെന്നതാണ്. ദളിത് സമുദായാംഗമായ ദീപയെ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നതാണ് മുഖ്യം. നന്ദകുമാറിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ വിസിയോ സിന്‍ഡിക്കേറ്റോ തയ്യാറാകുന്നില്ല. സത്യഗ്രഹം അനുഷ്ഠിക്കുന്ന ദീപ തീരെ അവശയാണെന്നാണ് അറിയുന്നത്. ദീപയുടെ ഗൈഡാകാമെന്ന് വിസി ഡോ. സാബുതോമസ് അറിയിച്ചതിന് പുറമെ ഗവേഷണം നടത്താനുള്ള സൗകര്യവും നല്കുമത്രേ.
ലൈബ്രറിയില്‍ കയറാം, ഹോസ്റ്റല്‍ അനുവദിക്കാം. ലാബ് ഉപയോഗിക്കാം. പക്ഷേ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാറിനെ നീക്കണമെന്ന ആവശ്യം പരിഗണിക്കാനേ പറ്റില്ലത്രേ. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജാതി അധിക്ഷേപത്തിന് പകരമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ദീപയുടെ ആവശ്യം ഉന്നതമായ സര്‍വ്വകലാശാലയുടെ യശസ് തകര്‍ക്കുമത്രേ. ഉന്നതമായ സര്‍വ്വകലാശാലയിലെ അധ്യാപകന് ജാതി പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ നിഷേധിക്കാമോ? ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചത് എന്തിനാണ്. ഒരു ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ തട്ടിക്കളയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അധ്യാപകനല്ലെ സര്‍വ്വകലാശാലയുടെ യശസിന് ഹാനി വരുത്തിയത്?
സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണക്കമീഷന് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ , ഡോ. നന്ദകുമാറിനെ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നും നേരത്തെ മാറ്റിയതാണ്. അന്വേഷണക്കമീഷന് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ കേസ് കോടതി തള്ളി. ഇത് പരിഗണിക്കാതെ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസിലെ വിധി നടപ്പിലാക്കുന്നു എന്ന വ്യാജേനയാണ് സിന്‍ഡിക്കേറ്റ് യോഗം നന്ദകുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ക്കെതിരെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി നടത്തിവരുന്ന സമരം വിജയകരമായി അവസാനിപ്പിക്കാനാണ് തയ്യാറാകേണ്ടത്.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നല്ലൊ രോഹിത്. ക്യാംപസിലെ സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വ്വകലാശാല ഉത്തരവിറക്കി. രോഹിതിന്റെ 25000 രൂപയുടെ സ്കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ തരണമെന്ന് രോഹിത്ത് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടാതായപ്പോള്‍ രോഹിത് ആത്മഹത്യ ചെയ്തു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് സംഭവത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടിയാണ് ആവശ്യം. നവോത്ഥാനം പാടുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ നീതിക്കുവേണ്ടി ഒരു പെണ്‍കുട്ടി നിരാഹാരം കിടക്കുന്നതില്‍പ്പരം നാണക്കേടുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: