പുലരിത്താരകം പൊഴിയവെ, ആ അകക്കണ്ണുകള്‍ ശുദ്ധബോധത്തിന്റെ ആഴങ്ങളില്‍ വിടര്‍ന്നു. അനന്താകാശങ്ങളില്‍ ശരണത്രയം വിളികളുമായി കിളികള്‍ ഉണര്‍ന്ന് പറക്കുകയാണ്. ഉഷഃസന്ധ്യയുടെ നറുവര്ണങ്ങളില് പാവനമായ സൗരഭം പരന്നൊഴുകി. ബോധിയുടെ വിഭൂതി വര്‍ഷം തുടങ്ങിയിരിക്കുന്നു. പദ്മാസനം വെടിഞ്ഞ് ബുദ്ധന് മെല്ലെ നിവര്‍ന്നു കിഴക്കിന്റെ നവോദയം കൂപ്പിനിന്നു.
ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ കാരുണ്യരാശിയായ ശ്രീബുദ്ധന്റെ ചരിത്രപ്രവേശദൗത്യം മായികമായ പരിവര്‍ത്തനങ്ങളിലൂടെയും നൂതന സിദ്ധാന്ത പദ്ധതികളിലൂടെയും നരവംശത്തെ ഉണര്ത്തിയെടുക്കുകയായിരുന്നു.
ക്രി. മു. 563 ലാണ് ലുംബിനിയില് കപിലവസ്തുവിലെ രാജാവായ ശുദ്ധോദനനും റാണി മായാദേവിക്കും പുത്രന് പിറക്കുന്നത്. അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ മാതൃസഹോദരി ഗൗതമിയാണ് വളര്‍ത്തിയത്. ഗൗതമന്, സിദ്ധാര്ത്ഥന്, ബോധിസത്വന് എന്നെല്ലാം കുഞ്ഞിന് പേരുണ്ട്. എട്ടാം വയസ്സില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിദ്ധാര്ത്ഥന് ചിന്താശീലവും ജ്ഞാനകൗതുകവും ഏകാന്തതാ പ്രണയവും അമേയമായ പരിവേഷം ചമച്ചു. ഇതില്‍ നിന്ന് മകനെ മുക്തനാക്കാന്‍ ശുദ്ധോദനന് ഉറച്ചു. 19ാം വയസ്സില്‍ യശോധരയുമായുള്ള സിദ്ധാര്‍ത്ഥന്റെ വിവാഹം നടന്നു. എന്നാല്‍ ആ ഹൃദയം ശാന്തമായില്ല. നരവംശത്തിന്റെ ആധിയും അശ്രുവും ആ മനസ്സില്‍ അന്വേഷണത്തിന്റെ തീപ്പൊരികളായി. മൗനത്തിന്റെ ആത്മാവില്‍ സിദ്ധാര്ത്ഥന് സദാ മ്ലാനചിത്തനായി. സാരഥിയൊന്നിച്ചുള്ള രഥയാത്രയില്‍ കണ്ട വൃദ്ധനും രോഗിയും യോഗിയും ജഡവും ഗൗതമന് ജീവിത സത്യം തേടിപ്പോകാന്‍ പ്രേരണയേകി. 29ാം വയസ്സില്‍ മകന് രാഹുലന് ജനിച്ചെങ്കിലും ആത്മാന്വേഷണത്തിന്റെ വിളിയൊച്ചയില്‍ കുഞ്ഞിനെയും പത്നിയെയും ഉപേക്ഷിച്ച് അര്ധരാത്രയില്കൊട്ടാരം വിടുകയായിരുന്നു.
വനാന്തരങ്ങളില്‍ താപസന്മാരില്‍ നിന്ന് ഗ്രഹിച്ച തപശ്ചര്യയില്‍ ആറുവര്‍ഷം ഘോരമായ തപസ്സിലായിരുന്നു. ഒരു വൈശാഖ പൗര്‍ണ്ണമിയില്‍ സുജാതയെന്ന കന്യകയില്‍ നിന്ന് ഭിക്ഷാന്നം സ്വീകരിച്ച് ധന്യനായി. സ്നാനാനന്തരം സിദ്ധാര്ത്ഥന് അസ്തിത്വത്തിന്റെ അമരപ്രഭവിതറി മഹാകാശങ്ങള്ക്ക് പന്തലൊരുക്കിയ ആല്മരച്ചോട്ടില് പത്മാസനം ബന്ധിച്ച് ധ്യാനത്തിന്റെ ധന്യധന്യമായ വിഭൂതിമാര്ഗത്തില് പ്രവേശിക്കുകയായിരുന്നു. ഋതുപരിണാമത്തിന്റെ ബ്രാഹ്മമുഹൂര്ത്തത്തിലൊന്നില് ആ ഹൃദയാകാശങ്ങളില്‍ ബോധത്തിന്റെ മഹാസൂര്യന് പ്രത്യക്ഷനായി. ബോധിസത്വന് തപസ്സിന്റെ പൂര്‍ണ്ണപുണ്യത്തില്‍ ഗൗതമബുദ്ധനായിരിക്കുന്നു.
മുക്തി വിഭൂതി ലയത്തില്‍ നിന്ന് സ്വതന്ത്രനായി സഞ്ചാരസമാധിയിലൂടെയാണ് ബുദ്ധന് ആര്യജ്ഞാനത്തിന്റെ ക്രിയാമാര്‍ഗ്ഗം തെളിച്ചത്. മനോവാക്കര്മ്മങ്ങളുടെ വിശുദ്ധശ്രേണിയില്‍ സാമാന്യജനങ്ങള്‍ തഥാഗതന്റെ ഉപാസകരായി. വര്‍ണ്ണാശ്രമത്തെ അംഗീകരിക്കാതെ ജനകീയവും നൈതികവുമായ പദ്ധതിയാണ് ഗുരുവിന്റെ സത്യസാക്ഷാത്ക്കാരം. വേദാധികാരം, യാഗം, മൃഗബലി, പൗരോഹിത്യ ചൂഷണം, ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ അപഭ്രംശങ്ങള്‍ ബുദ്ധവചനത്തില് നിഷ്പ്രഭമാകാന് തുടങ്ങി. പാലിയിലും പ്രാദേശിക ഭാഷകളിലുമുള്ള ലളിതസുന്ദരമായ സുഭാഷിതങ്ങള്‍ നാടിന്റെ അകത്തളങ്ങളില്‍ ചലന വിസ്മയമായി. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത സ്ഥലികളും നവീനദശയില് ചരിക്കാനാരംഭിച്ചു. വിദ്യയും സംസ്കൃതി ചക്രവാളവും സമദര്‍ശനത്തിന്റെ സൗരഭം പരത്തി. വിഹാരത്തില്‍ നിന്നിറങ്ങിയ ഭിക്ഷുസംഘം ‘ബുദ്ധം ശരണം, സംഘം ശരണം, ധര്‍മ്മം ശരണം’ എന്ന ശരണത്രയത്തില് തത്ത്വപ്രചോദനത്തിന്റെ ശാന്തിയരുളി, ലോകൈകവന്ദ്യനൊപ്പം മുന്നേറി. സാരനാഥ്, കാശി, മഗധം, അംഗം, കോസലം, കൗസാംബി തുടങ്ങിയ മുഖ്യകേന്ദ്രങ്ങള്‍ സദ്സംഗത്തിന്റെയും ദര്ശനസംവാദത്തിന്റെയും വേദികളായി.
ബുദ്ധന് മൊഴിയുന്നു: ‘അജാഗ്രതയ്ക്ക് അടിമപ്പെടരുത്. വിഷയസുഖങ്ങളോട് ദൃഢമൈത്രി പാടില്ല.’ ബോധാതീതാവസ്ഥകളില് ലയിച്ചിരിക്കുന്ന ജാഗരൂകനായ മനുഷ്യന് യഥാര്‍ഹം നിര്‍വൃതി നേടുന്നു. പ്രായോഗിക നവോത്ഥാന പദ്ധതികളായിരുന്നു ശാക്യമുനിയുടെ കര്മ്മാവിഷ്ക്കാരം. ലിംഗാതീതമായ കാഴ്ചപ്പാടിലാണ് സ്ത്രീകള്‍ക്ക് സംഘാംഗത്വം നല്‍കുന്നത്. അതിന്റെ താത്ത്വികാംശത്തെ പരിഗണിക്കാതെ അസ്തിത്ത്വത്തിന്റെ അകം
പൊരുളാണ് ബുദ്ധദേവന് തേടിയത്. പ്രശ്നപരിഹാര നിര്‍ദ്ദേശമായി നാല് ആര്യസത്യങ്ങളാണ് ബുദ്ധന് അവതരിപ്പിക്കുക. ജീവിതം ദുഃഖമയമാണ്. ആഗ്രഹമാണതിന് കാരണം. മോഹാദികളില്‍ നിന്ന് വിമുക്തനാകണം. നിര്‍വ്വാണം അവര്‍ക്കുള്ളതാണ്. തഥാഗതനരുളിയ അഷ്ടാംഗമാര്‍ഗം പ്രസാദാത്മകമായ ജീവിതദായനിയാണ്. വീക്ഷണം, സങ്കല്‍പ്പം, വാക്ക്, കര്‍മ്മം, വ്യായാമം, സ്മൃതി, പ്രാര്‍ഥന, ജീവനോപാധി എന്നിവയെട്ടും ശരിയായപഥത്തില്
നിര്‍വ്വഹിക്കുമ്പോഴാണ് നിര്‍വ്വാണ പൂര്‍ണിമ. മധ്യമമാര്ഗമെന്ന് മൂല്യനിര്‍ണയം ചെയ്യപ്പെടുന്ന ബുദ്ധവഴിയില് അഹിംസാധര്മമാണ് ആദിവചനം. മനസ്സും ബുദ്ധിയും ആരോഗ്യവും സക്രിയമായി പ്രകൃതിയോടിണക്കി നിര്‍ത്തിയുള്ള പരിപക്വമായ ജീവനമാണ് ബുദ്ധന് ലക്ഷ്യമാക്കുന്നത്. ‘നീ നിന്റെ വെളിച്ചമായിത്തീരുക’ എന്ന വചനമാണ് ബുദ്ധസത്തയുടെ കൊടിയടയാളം. കാലാന്തരങ്ങളില്‍ മൗര്യ ചക്രവര്‍ത്തിയായ അശോകന് കലിംഗയുദ്ധാനന്തരം ബുദ്ധമതതത്ത്വങ്ങളിലും അതിന്റെ പ്രചരണത്തിലും സര്‍വ്വസമര്‍പ്പണം ചെയ്ത കഥ ചരിത്ര സന്ദേശമാണ്. ‘പൗരസ്ത്യദീപ’മെന്ന് പില്ക്കാലം വിളി കൊണ്ട ബുദ്ധന് വിഭാവനം ചെയ്ത സമ്യക്കായ ജീവനസംസ്കൃതി കലയിലും സാഹിത്യത്തിലും ചിത്ര ശില്പങ്ങളിലും വിദ്യാമാര്ഗങ്ങളിലും ഐതിഹാസികമായ സംഭാവനയേകി. നളന്ദ, വിക്രമശില, വലഭി തുടങ്ങിയ വിദ്യാകേന്ദ്രങ്ങളുടെ ആദിസ്രോതസ്സ് ബുദ്ധവിദ്യാസരണിയായിരുന്നു. മധ്യേഷ്യ, പശ്ചിമേഷ്യ, ശ്രീലങ്ക, ചൈന, ജപ്പാന് തുടങ്ങി വിശ്വവ്യാപകമായി ബുദ്ധധര്മവെളിച്ചം പരന്നെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടോടെ തഥാഗത രശ്മികള്‍ ഭാരതത്തില്‍ പൊലിയാന്‍ തുടങ്ങിയിരുന്നു.
ധര്‍മ്മഗ്രന്ഥങ്ങള്‍ രചിക്കാത്ത ബുദ്ധനേകിയത് സ്വന്തം ജീവിതത്തിന്റെ താത്ത്വിക മഹാസന്ദേശമാണ്. അനന്തരഗാമികള്‍ സമാഹരിച്ച ആ ധര്‍മ്മസംഹിതകളാണ് ‘പിടകങ്ങള്‍’. ‘സുത്തപിടകം’, ‘വിനയപിടകം’, ‘അഭിധര്‍മ പിടകം’ എന്നിവ പ്രമാണരേഖകളായി മാറുന്നു. ജാതകകഥകളും സെന്‍ബുദ്ധകഥകളും പ്രതീകാത്മക പ്രത്യക്ഷങ്ങളായി പ്രചരിച്ചെങ്കിലും ‘പാലിധര്മ്മസംഹിത’, ‘ധര്‍മ്മപദ’, ‘ലൈഫ് ഓഫ് ബുദ്ധ’, എന്നീ ശ്രേഷ്ഠ രചനകള്‍ ബുദ്ധനെ സ്പര്‍ശിച്ചറിയുന്നു. ക്രി.മു. 483 ല്‍ ഉത്തര്‍പ്രദേശിലെ കുശി നഗറിലാണ് ശാക്യമുനിയുടെ സമാധി.
മാനവശോക വാഹിനിയില്‍ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളിയാണ് ശാക്യമുനി. അവതാരങ്ങളിലൊന്നായി സങ്കല്‍പ്പിക്കും വിധം ഭാരതീയ ധര്‍മ പ്രഹേളികയുടെ മൂര്‍ത്തബിംബമായി ബുദ്ധന് പ്രത്യക്ഷപ്പെടുന്നു. ‘ബോധി’ അതീത ബോധത്തിന്റെ നിത്യവിഭൂതിയായി ആകാശം ചമച്ചു. ബോധിസത്വത്തിന്റെ പ്രകൃതിയും മാനവ സമീക്ഷയും പ്രപഞ്ചസീമയില് പരന്നൊഴുകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: