ന്യൂദൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ വാക്‌സിനായ കൊവാക്‌സിനെ അടിയന്തര ഉപയോഗ പട്ടിക (എമര്‍ജെന്‍സി യൂസ് ലിസ്റ്റിങ് അഥവാ ഇയുഎല്‍) യിൽ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം (ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്) ഒക്ടോബര്‍ 26 ന് കമ്പനിയുമായി കൂടിക്കാഴ്ച നടത്തും.
ഭാരത് ബയോടെക് റോളിങ് അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ സപ്തംബര്‍ 27ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംഘടനയിലെ വിദഗ്‌ദ്ധര്‍ ഈ വിവരങ്ങള്‍ പരിശോധിച്ചു വരികെയാണ് അതിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച തന്നെ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 19 ന് ഭാരത് ബയോടെക് കൊവാക്‌സിന്റെ അംഗീകാരത്തിനായി ഇഒഐ (എക്‌സ്‌പ്രെഷന്‍ ഓഫ് ഇന്ററസ്ട്) സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജൂലൈ ആറിനാണ് വാക്‌സിന്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തുടങ്ങിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം ഒരു വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടികള്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പട്ടികയിൽ ഉൾപ്പെടുത്താനായി സമര്‍പ്പിച്ച ഒരു വാക്‌സിന്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെങ്കില്‍, ലോകാരോഗ്യ സംഘടന അതിന്റെ ഫലം അന്താരാഷ്‌ട്ര തലത്തില്‍ പ്രസിദ്ധീകരിക്കും.
അടിയന്തര ഉപയോഗത്തിനായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ച ആറ് വാക്‌സിനുകളില്‍ ഒന്നാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍. ഇത് കൊവിഷീല്‍ഡിനും സ്പുട്‌നിക് v നും ഒപ്പം രാജ്യവ്യാപകമായി കൊവിഡ് 19 നെതിരെ ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര തലത്തിലും കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്.
‘കൊവാക്‌സിന്റെ പൂര്‍ണമായ പരീക്ഷണഫലങ്ങളും മറ്റ് വിവരങ്ങളും 2021 ജൂണില്‍ ലഭ്യമാക്കിയിരുന്നു. അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷയും മറ്റു വിവരങ്ങളും ജൂലൈ ആദ്യം തന്നെ ലോകാരോഗ്യ സംഘടനയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ട എല്ലാ വിശദീകരണങ്ങളും ഞങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.’- ഭാരത് ബയോടെക് ട്വിറ്ററില്‍ കുറിച്ചു.
അന്താരാഷ്‌ട്ര തലത്തിലുള്ള അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയില്‍ എത്രയും വേഗം ഉള്‍പ്പെടുന്നതിന് തങ്ങള്‍ കഠിനമായി പരിശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: