തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിലും പാര്‍ട്ടിയിലും കരുത്തനാകുന്നതില്‍ സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത. മുഖ്യമന്ത്രി പിണറായി വിജയനു പിന്‍ഗാമിയായി മരുമകന്‍ കൂടിയായ റിയാസിനെ പ്രതിഷ്ഠിക്കാനുള്ള കരുനീക്കങ്ങള്‍ പിണറായിയുടെ അനുവാദത്തോടെ ഒരു വിഭാഗം നടത്തുന്നു. പിണറായി സ്ഥാനമാനങ്ങള്‍ നല്‍കി സ്വന്തം പക്ഷത്തു നിര്‍ത്തിയിരിക്കുന്ന ചില നേതാക്കളാണ് ഇതിനു പിന്നില്‍. റിയാസിനെ വാഴിക്കല്‍ അനുയായികളെ കൊണ്ട് നടപ്പിലാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദേശവും ചിലകേന്ദ്രങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു. എംഎല്‍എമാരാരും കരാറുകാരെയും കൂട്ടി മന്ത്രിയെക്കാണാന്‍ വരരുതെന്ന നിര്‍ദേശം ബോധപൂര്‍വ്വം പറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. സിപിഎം യോഗത്തില്‍ ഇതിനെ വിമര്‍ശിച്ചവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പരസ്യമായ പിന്തുണ റിയാസിന് ലഭിച്ചത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്.
മറ്റേതെങ്കിലും ഒരു മന്ത്രിയാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് പലരും അടക്കം പറയുന്നു. പാര്‍ട്ടിയോഗത്തില്‍ റിയാസിനെ നിര്‍ത്തിപ്പൊരിച്ചു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാന്‍ ആക്ടിങ് സെക്രട്ടറി തന്നെ രംഗത്തുവന്നു. എംഎല്‍എമാര്‍ കരാറുകാരുമായി കാണാന്‍ വരരുതെന്ന പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും റിയാസ് പരസ്യമായി വീണ്ടും പറയുകയും ചെയ്തു. റിയാസിനെതിരെ വിമര്‍ശനം ഉന്നയിച്ച ഷംസീറാകട്ടെ പിന്നീട് മൗനത്തിലുമായി.
മുഹമ്മദ് റിയാസിനെ പിന്‍ഗാമിയാക്കുന്നതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. അധികാരം കൈവിട്ടുപോകില്ല എന്നതിലുപരി ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടാനുമാകും. ഏറെക്കുറെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനൊപ്പമുള്ള ലീഗടക്കമുള്ള വിഭാഗങ്ങളെയും തീവ്രമുസ്ലീം പക്ഷത്തെയും ഒരുപോലെ ഒപ്പംനിര്‍ത്താം. ന്യൂനപക്ഷ പിന്തുണയിലൂടെ അധികാരത്തുടര്‍ച്ചയ്‌ക്ക് നേതൃത്വത്തില്‍ റിയാസാണ് നല്ലതെന്നാണ് പിണറായിയും കൂട്ടരും കരുതുന്നത്. എന്നാല്‍ പിണറായിയുടെ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലായി കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: