കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക് ഇനിയും മനസിലായിട്ടില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. “അപമര്യാദയായി പെരുമാറുന്ന പോലീസുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. കോടതി പലതവണ നിർദേശം നൽകിയെങ്കിലും ഇക്കാര്യം പാലിക്കപ്പെടുന്നില്ല”- ഹൈക്കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പൊലീസ് വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഹൈക്കോടതി വീണ്ടും വിമര്‍ശനം ഉയര്‍ത്തിയത്. കോടതിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.
ഇത്തരം നടപടികൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തേവര എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരായ ഉത്തരവിലാണ് കോടതിയുടെ പരാമർശം. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന നടപടി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി സ്വദേശികളായ കണ്ടെയ്നർ സന്തോഷ്, ഭാര്യ എന്നിവര്‍ പോലീസിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവുണ്ടായത്. ഒക്ടോബര്‍ 10ന് വീണ്ടും ഹർജി പരിഗണിക്കും. എടാ, പോടാ വിളികള്‍ നിര്‍ത്തണമെന്ന് ഈയിടെ ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: