ആറ്റൂര്‍ ശരച്ചന്ദ്രന്
ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലകളെന്ന് വിശേഷിപ്പിക്കുന്നത് വേദങ്ങളെയാണ്. വേദങ്ങള്‍ക്ക് പിന്നാലെ ശ്രുതികളും സ്മൃതികളും ഉപനിഷത്തുകളും വേദാന്തങ്ങളും നമ്മുടെ സംസ്ക്കാരത്തെ ഇന്നും ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നു. ഭാരതത്തെ ലോകനെറുകയില്‍ നിര്‍ത്തുന്നതും വേദ സംസ്കാരം തന്നെയാണ്. വേദങ്ങള്‍ പ്രഘോഷിക്കുന്നത് ഏകനായ ഈശ്വരനെയാണ്. ഏകനായ ഈശ്വരന്റെ വിവിധ രൂപങ്ങളെ വാഴ്ത്തിപ്പാടുന്ന മന്ത്ര സൂക്തങ്ങള്‍ ലോകമെങ്ങും ഇന്നും മുഴങ്ങി നില്കുന്നു. പ്രണവനാദമായ ഓങ്കാരം ഉച്ചരിക്കാതെ ഒരു പ്രക്രിയയും പൂര്‍ണ്ണമാകുകയില്ല. പ്രണവ മന്ത്രത്തെ മറന്നുച്ചരിക്കുന്ന ഏതു പൂജാവിധികളും അപൂര്‍ണ്ണങ്ങളാണ്. പ്രണവ സ്വരൂപനായി വേദങ്ങള്‍ ബോധ്യപ്പെടുത്തി തരുന്ന ഏകനായ ഈശ്വരനാണ് വിശ്വകര്‍മ്മ ഭഗവാന്.
ഭാരതീയ ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ദേവചൈതന്യം പകര്‍ന്നു നല്കുന്ന പ്രപഞ്ച സ്രഷ്ടാവായ വിശ്വകര്‍മ്മാവിനെ സര്‍വ്വചരാചരങ്ങളുടെയും അധിപനായി വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു. ലോകമാസകലമുള്ള മാനവരാശിയ്ക്കും, സര്‍വ്വ പ്രപഞ്ചത്തിനും, പിതാവും ഗുരുവും സ്രഷ്ടാവുമായി അഞ്ചുവേദങ്ങളിലും നിറഞ്ഞു നില്ക്കുന്ന വിശ്വകര്‍മ്മാവ് അന്ധകാരമകറ്റുന്ന സൂര്യ സ്വരൂപമായി നില്ക്കുന്നു. ഏകനായ, പരബ്രഹ്മം എന്ന വിശ്വകര്‍മ്മാവിനെ വേദങ്ങള്‍ അഗ്നിയായും, വരുണനായും, സൂര്യനായും, വായുവായും, പര്ജ്ജന്യനായും, ഉഷസായും, രാത്രിയായും, പകലായും, മറ്റു പ്രകൃതികളായും വിശേഷിപ്പിച്ചിരിക്കുന്നു. വിവിധ വൃത്തവ്യവസ്ഥയില് വിവിധ ഛന്ദസുകളില് നിറഞ്ഞു നില്ക്കുന്ന വേദമന്ത്രങ്ങള്‍ അണ്ഡകടാഹങ്ങളുടെ അധിപനായി വര്‍ണ്ണിക്കുന്നത് വിശ്വകര്‍മ്മാവിനെയാണ്.
പ്രപഞ്ച സ്രഷ്ടാവായ വിശ്വകര്‍മ്മാവിന്റെ പഞ്ചവക്ത്രങ്ങളില് നിന്നും അവതീര്‍ണ്ണമായ ഋക്ക്, യജുര്‍, സാമ, അഥര്‍വ്വ, പ്രണവ എന്നീ പഞ്ച വേദങ്ങള്‍ ഭഗവാന്റെ പഞ്ചപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്ലി, വിശ്വജ്ഞ എന്നീ പഞ്ചഋഷിമാര്ക്ക് പകര്‍ന്നു നല്കി. അവരുടെ സംന്യാസ നാമങ്ങളാണ് സനകന്‍, സനാതനന് ,അഭുവനസന്, പ്രജ്ഞസന്, സുപര്‍ണ്ണസന്‍ എന്നിവ. അവരിലൂടെയാണ് പഞ്ചവേദങ്ങള്‍ പാടിപുകഴ്ത്തപ്പെട്ടതെന്ന് വേദശ്രുതികള് ബോദ്ധ്യപ്പെടുത്തി തരുന്നു. സത്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം, എന്നിവ വിശ്വകര്‍മ്മാവിന്റെ പഞ്ചമുഖങ്ങളെന്ന് വേദപഠിതാക്കള്‍ക്ക് മനസിലാക്കാവുന്നതാണ്. ഈ മുഖങ്ങളില്‍ നിന്നു മുതിര്ന്നുവീണ വേദസൂക്തങ്ങള്‍, പഞ്ച ഗോത്രങ്ങള്‍ പഞ്ച ഹോമകുണ്ഡങ്ങളില്‍ ഹവിസ് സമര്‍പ്പിച്ചും വിശ്വകര്‍മ്മ പൂജ ചെയ്തും കര്‍മ്മമണ്ഡലത്തെ പുഷ്ടിപ്പെടുത്തുന്നതും നമ്മുക്ക് ദര്‍ശിക്കാവുന്നതാണ്.
ത്രികോണം, ചതുര്‍ഭുജം, വൃത്താകാരം, ഷഡ് കോണം, അഷ്ടകോണം എന്നീ അഞ്ചു ഹോമകുണ്ഡങ്ങളാണ് പഞ്ചഋഷിമാരായ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നിവര്‍ വിശ്വകര്മ്മോപാസനയ്ക്കായി ഉപയോഗിച്ചിരുന്നത്. തങ്ങളുടെ ഗോത്രങ്ങളുടെ ഉയര്‍ച്ചയ്ക്കും, സമ്പല്‍ സമൃദ്ധിയ്ക്കും. കാര്ഷികവൃത്തിയ്ക്കും ശത്രുസംഹാരങ്ങള്ക്കും, ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും, നദീതടങ്ങളുടെ സംരക്ഷണത്തിനും, ജീവവായുവായ ജലത്തിനുമെല്ലാം മന്ത്രോച്ചാരണങ്ങളിലൂടെ വിശ്വകര്‍മ്മാവിനെ വ്രതശുദ്ധിയോടെ ഉപാസിക്കുന്ന ഗ്രഹശുദ്ധിയും വേദമന്ത്രങ്ങള്‍ ലഭ്യമാക്കിത്തരുന്നു.
വിശ്വകര്‍മ്മ ദിനമാചരിക്കുബോള് മനസിലാക്കേണ്ടുന്ന മറ്റൊരുവസ്തുത വാചസ്പതിയായും ബ്രഹ്മണസ്പതിയായും പരമേശ്വരനുമായി വേദങ്ങളില്‍ പരിലസിക്കുന്ന വിശ്വകര്‍മ്മ ഭഗവാന്റെ അനുഗ്രഹാശിസുകള്‍ നമ്മുക്ക് ലഭ്യമാകണമെങ്കില്‍ നിരന്തരമായി പൂജയും തെറ്റുകൂടാതെയുള്ള മന്ത്രമുരുവിടലും നിഷ്ഠയോടു കൂടിയ ധ്യാനനിമഗ്നതയും ഉണ്ടാവണം.
ഋഗ്വേദമന്ത്രമായ ഗായത്രി ഇതിന് ഉത്തമ ഉദാഹരണമാണ്. ഗായത്രി മന്ത്രം വ്യാഖ്യാനിച്ചു ചൊല്ലുമ്പോള്‍ നാം കണ്ടെത്തുന്ന ഈശ്വരന് സൂര്യന്റെ കേന്ദ്രബിന്ദുവില്‍ അരയന്നത്തോടുകൂടി പീതവസ്ത്രം ധരിച്ചിരിക്കുന്ന വിശ്വകര്മ്മാവാണെന്നും ഉപനിഷത്ത്കാരന്മാര് അഭിപ്രായപ്പെടുന്നു. വിശ്വകര്‍മ്മാവിനെ ഉപാസിക്കുവാനുള്ള സൂക്ഷ്മയാത്രയുടെ വഴിയില്‍ സാവിത്രിയെയും സരസ്വതിയെയും സൂര്യനേയും മറ്റുദേവതകളെയു നാം വന്ദിച്ചു നില്ക്കുന്ന മന്ത്രമത്രേ ഗായത്രി. ഇവിടെ മറ്റൊരു വസ്തുതകൂടി വേദങ്ങള്‍ വെളിപ്പെടുത്തി തരുന്നു. വിശ്വകര്മ്മാവിനുവേണ്ടി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് മന്ത്രോച്ചാരണം നടത്തുബോള്‍ ആ പരമേശ്വരന് പ്രസന്നനാകണമെങ്കില് ഭഗവാന്റെ അര്‍ദ്ധാംഗിനിയായ ദേവി മാതാവിനെയും വണങ്ങണമെന്നുള്ളതാണ്.
ഭാദ്രപദമാസത്തിലെ പഞ്ചമിനാളിലൂടെ ആരംഭിക്കുന്ന വിശ്വകര്‍മ്മ പൂജകളുടെയും, ആരാധനയുടെയും, ആഘോഷങ്ങളുടെയും തുടര്‍ച്ചയായി വരുന്ന വിശ്വകര്‍മ്മദിനം സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സുദിനമാണ്. വിശ്വകര്‍മ്മ ദിനാഘോഷത്തോടുകൂടിയാണ് വടക്കേയി ന്ത്യയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വിജയദശമിയുടെ പരിസമാപ്തിയും വിശ്വകര്‍മ്മ പൂജയോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: