കെ സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഒരു പിറന്നാള്‍ തീര്‍ച്ചയായും ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ആ ഒരു ജന്മമുഹൂര്‍ത്തമാണ് ആ വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതാണ് ഭാരതീയ സങ്കല്പം അഥവാ ഹിന്ദുവിശ്വാസം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ രണ്ട് ദശാബ്ദകാലത്തെ സംഭവബഹുലമായ പൊതുജീവിതത്തെ ജനസമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ പിറന്നാള്‍ ആഘോഷം ബിജെപി സംഘടിപ്പിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതല്‍ ഇതുവരെയുള്ള മോദിയുടെ ഭരണ,സേവന,വികസനപദ്ധതികള്‍ ജനസമക്ഷം അവതരിപ്പിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലക്കുള്ള പ്രവര്‍ത്തനം മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതലുള്ള മോദിയുടെ ചരിത്രത്തിന്റെ അനാവരണമാണ് നടക്കാന്‍ പോകുന്നത്. അതെ, മോദിയുടെ ജൈത്രയാത്രയുടെ ഇരുപത് വര്‍ഷങ്ങള്‍. അത് ഭാരതത്തിന്റെ വികസന ചരിത്രത്തിലെ വഴിത്തിരിവ് കൂടിയാണല്ലോ.
2001 ഒക്ടോബര്‍ ഏഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നത്. ‘സേവാ ഔര്‍ സമര്പ്പണ് അഭിയാന്’ ഇന്ന് തുടങ്ങി ഒക്ടോബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. ബിജെപിയുടെ ഓരോ ഘടകവും പ്രവര്‍ത്തകനും അനുഭാവിയും, ഈ ബൃഹദ് പദ്ധതിയില്‍ പങ്കാളികളാവും. രാഷ്ട്രത്തിനുവേണ്ടി, ദേശീയതക്കായി, രാജ്യത്തെ ആലംബഹീനര്‍ക്കായി അദ്ദേഹം സ്വീകരിച്ച നടപടികള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും 2014 മുതല്‍ പ്രധാനമന്ത്രിയെന്ന നിലയിലും അദ്ദേഹം മുന്നോട്ട് വെച്ച വികസന അജണ്ടയാണ് ബിജെപി ചര്‍ച്ച ചെയ്യുന്നത്.
ജന്മം കൊണ്ട്, കുടുംബ മഹിമ കൊണ്ട് മാത്രം ചിലര്‍ രാഷ്ട്രീയ രംഗത്ത് നേതാക്കളാകുന്നു. എന്നാല്‍ സാധാരണ കുടുംബത്തില്‍ പിറന്ന്, തികച്ചും സാധാരണക്കാരനായ ഒരാള്‍, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഭരണഘടനാപദവിയിലേക്ക് എത്തുന്നത് ചെറിയകാര്യമല്ല. അതാണ് നരേന്ദ്രമോദി. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത്, ചെയ്യാത്ത കുറ്റത്തിന്, ഇത്രയേറെ വ്യക്തിപരമായി ആക്രമിക്കപ്പെട്ട ഒരു നേതാവ് നരേന്ദ്രമോദിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവുമെന്ന് തോന്നുന്നുമില്ല. ഗുജറാത്തത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദി അകാരണമായി ആക്രമിക്കപ്പെട്ടു.
1969ലും 1985ലും ഗുജറാത്തില്‍ വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. അന്നൊക്കെ ക്രമസമാധാനനില സാധാരണ നിലയിലാകാന്‍ അഞ്ചും അതിലേറെയും മാസങ്ങളെടുത്തു. ഇന്ന് നാം പറഞ്ഞുനടക്കുന്നതിനേക്കാള്‍ ആളുകള്‍ മരണമടയുകയും ചെയ്തു. അന്നൊക്കെ ഭരണം കയ്യാളിയവരാണ് മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്നുവരെ ആക്ഷേപിച്ചത്. എന്നാല്‍ ഈ തെറ്റായ വിമര്‍ശനങ്ങള്‍ മോദിയെ ശക്തനാക്കി. ജനകീയനേതാവാക്കി. ഗുജറാത്തിലെ ജനത നരേന്ദ്രമോദിയെ നെഞ്ചേറ്റി.
രണ്ടു സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്; ഇത് രണ്ടും എല്‍കെ അദ്വാനി തന്റെ ആത്മകഥയില്‍ വിശദീകരിച്ചിട്ടുമുണ്ട്. ഗുജറാത്ത് കലാപം രൂക്ഷമായ ദിവസങ്ങള്‍. അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുല്ലയുടെ ഭര്‍ത്താവ് അദ്വാനിയോട് പറയുന്നു; അഹമ്മദാബാദിലെ ബോഹ്റ ബസാറില്‍ മുസ്ലിം കച്ചവടക്കാരെ ആക്രമിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാവുന്നു; രക്ഷിക്കണം. അദ്വാനി അപ്പോള്‍ തന്നെ മോദിയെ വിവരമറിയിച്ചു; അവര്‍ക്ക് യാതൊന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കി. മറ്റൊന്ന്, സിപിഎമ്മിലെ സോമനാഥ് ചാറ്റര്‍ജിയുടെ ഇടപെടലാണ്. ഭാവനഗറിലെ ഒരു മദ്രസ ആക്രമിക്കാന്‍ പോകുന്നു എന്നതായിരുന്നു സന്ദേശം. അതും അദ്വാനി മോദിയെ അറിയിച്ചു. അവിടെയും ഒന്നും സംഭവിച്ചില്ല; പോലീസ് കൃത്യമായി ഇടപെട്ടു. ഏതാനുംമാസം കഴിഞ്ഞു താന്‍ ഭാവനഗറില്‍ എത്തിയപ്പോള്‍ ആ മുസ്ലിം നേതാക്കള്‍ വന്നുകണ്ടതും അദ്വാനി അനുസ്മരിച്ചിട്ടുണ്ട്. അക്രമം ഒഴിവാക്കുന്നതിന് മോദിയും ഗുജറാത്ത് ഭരണകൂടവും പോലീസും സക്രിയമായ ഇടപെടല്‍ നടത്തിയിരുന്നു. 2014 വരെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നു. ഒരു ‘നവ ഗുജറാത്ത്’ പിറവിയെടുക്കുകയായിരുന്നു. പഴയകാലത്ത് ഗുജറാത്ത് സന്ദര്‍ശിച്ച അനുഭവമുള്ളവര്‍ക്ക് പിന്നീടുണ്ടായ മോദി യുഗം തിരിച്ചറിയാനാവും. ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ആ സംസ്ഥാനം ഉയര്‍ന്നുവന്നു.
മോദിയുടെ ഭരണം രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ ഉണ്ടായി. വികസന സമീപനത്തിലെ അടിസ്ഥാനപരമായ കാഴ്ചപ്പാടാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. സ്വതന്ത്രഭാരതത്തിലെ വഴിതെറ്റിയ വികസന സങ്കല്‍പ്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് സമഗ്രമായ വികസന സമീപനമാണ് നരേന്ദ്രമോദി സംഭാവന ചെയ്തത്. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം ജമ്മുകശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി, അനുഛേദം 370, എടുത്തുകളഞ്ഞത് തന്നെയാണ്. 1947- 48 കാലം മുതലുള്ള ഇന്ത്യക്കാരുടെ ആഗ്രഹമാണ് മോദി സാക്ഷാല്‍ക്കരിച്ചത്. കശ്മീരം മുതല്‍ കന്യാകുമാരി വരെ ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പ്പം അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലായത്. അതുവരെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്ക് പോലും ആ സംസ്ഥാനത്ത് പ്രാബല്യമുണ്ടായിരുന്നില്ല. ത്രിവര്‍ണ്ണ പതാക പോലും ഉയരാത്ത നാട്. ഇന്നിപ്പോള്‍ കശ്മീര്‍ വികസനത്തിന്റെ, സമാധാനത്തിന്റെ ചിറകിലേറി മുന്നോട്ട് കുതിക്കുന്നു.
ഭാരതീയ സ്ത്രീകളുടെ ഹൃദയം കവരുന്ന പദ്ധതികള്‍ക്കാണ് മോദി രൂപം നല്‍കിയത്. ഗ്രാമീണ മേഖലയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത് സ്ത്രീകള്‍ക്ക് സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നതായിരുന്നു . സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒരു ഭരണകൂടം ദരിദ്രജനതയുടെ അവശതകള്‍ക്ക് മുഖ്യപരിഗണന നല്‍കിയത്. ജന്‍ ധന് യോജന ഇന്ത്യക്കാരെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുള്ളവരാക്കി. കൊവിഡ് കാലഘട്ടത്തില്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായമെത്തി. ധനികന്റെ വീടുകളിലെ ആഡംബരമെന്ന് കരുതിയിരുന്ന പാചകവാതക കണക്ഷന് പാവപ്പെട്ടവന്റെ അടുക്കളകളിലേക്കെത്തി. അടുപ്പില്‍ തീ ഊതി ആയുസ്സ്കഴിച്ചിരുന്ന കോടാനുകോടി സ്ത്രീകള്‍ക്ക് ഉജ്വല യോജനയുടെ സൗജന്യ പാചകവാതക കണക്ഷന് നല്കി.
നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും റോഡുകളുടെ നിര്‍മാണത്തില്‍ സര്‍വകാല റെക്കോര്‍ഡ് ആണ് ഇക്കാലത്തുണ്ടായത്. പ്രതിദിനം 21. 8 കിലോമീറ്റര്‍ ദേശീയ പാതയാണിപ്പോള്‍ നിര്‍മ്മിക്കുന്നത്; 2021 – 22 ല്‍ സെപ്റ്റംബര്‍ ആദ്യം വരെ, നിര്‍മ്മിച്ചത് 3385. 02 കിലോമീറ്റര്‍ പാതയും. 2. 01 കോടി പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കാനുള്ള പദ്ധതിയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. അതില്‍ ഇതിനകം 2. 08 കോടിപ്പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏതാണ്ട് 1. 99 കോടി വീടുകള്‍ക്ക് അനുമതിയായി; ഇതിനകം പൂര്‍ത്തിയാക്കിയത് 1. 496 കോടി വീടുകള്‍. ഇത്രയും പേര്‍ക്ക് സ്വന്തമായി വീട് നല്കിയ പ്രധാനമന്ത്രിയാണ് മോദി എന്നര്‍ത്ഥം. രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയെന്ന സ്വപ്നമാണ് താമസിയാതെ യാഥാര്‍ത്ഥ്യമാകുന്നത്. അഞ്ച് ട്രില്യണ്‍ എക്കണോമി എന്ന ലക്ഷ്യത്തിലേക്ക് ഭാരതം കുതിക്കുന്നു.
കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച തടസ്സങ്ങളെ അതിജീവിച്ചാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദത്തിലെ ജിഡിപി വളര്‍ച്ച. രാജ്യത്തെ ജനതയ്ക്ക് മഹാമാരിയെ തടയാനുള്ള സൗജന്യമായി വാക്സിനേഷന് നടപ്പിലാക്കിയ സര്‍ക്കാരാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നത്. നമ്മുടെ വിദേശനാണ്യശേഖരം 642.453 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കയറ്റുമതി എന്നത്തേക്കാളും ഭേദപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിതമായ സംന്യാസ തുല്യമായ ഒരു ജീവിതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ലോകം കാണുന്നത്. ആ മഹാന്റെ രാഷ്ട്രസേവനം ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: