കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നല്‍കിയെന്ന് കെ.ടി. ജലീല്‍. അതേ സമയം എആര്‍ നഗര്‍ സഹകരണബാങ്ക് കേസില്‍ ഇഡി അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ മതിയെന്നും ജലീല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നോട്ടീസിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് നാല് മണിയോടെയാണ് ജലീൽ ഇഡി ഓഫീസിൽ എത്തിയത്. കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏഴ് തെളിവുകൾ കൈമാറിയെന്ന് ജലീൽ പറഞ്ഞു. . എആർ സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം ഏറ്റുവാങ്ങിതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഇഡി അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് ജലീല്‍ മലക്കം മറഞ്ഞത്. പിണറായിയുടെ വിമര്‍ശനത്തോടെ സിപിഎമ്മില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായ വിഴുപ്പലക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്.
ചന്ദ്രിക വിവാദത്തിൽ ഈ മാസം രണ്ടിന് ജലീൽ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലീൽ അന്ന് പറഞ്ഞിരുന്നു. ചന്ദ്രിക അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ജലീൽ തെളിവ് നൽകുന്നത്.
ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനു മുമ്പ് ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലെ സഹകരണബാങ്കുകളില്‍ ഇഡി ഇടപെടല്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ജലീലിനെ കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയും എആര്‍ സഹകരണബാങ്കിനെതിരെയും ഇഡിയ്‌ക്ക് മൊഴി നല്‍കിയതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും ജലീലിനെ വിമര്‍ശിച്ചിരുന്നു. സഹകരണമന്ത്രി വാസവനും ജലീലിനെ താക്കീത് ചെയ്തിരുന്നു. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ലെന്നായിരുന്നു വാസവന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: