കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് പേരാമ്പ്രയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിപ്പാര്‍പ്പിച്ചു. പേരാമ്പ്ര എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം വന്ന ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വധഭീഷണിയെ തുടര്‍ന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനെയാണ് മുതുകാടിലെ വീട്ടില്‍ നിന്നു പോലീസ് മാറ്റിയത്.
അഞ്ചംഗ മാവോയിസ്റ്റുകളാണ് എസ്റ്റേറ്റ് റീ പ്ലാന്റേഷന് ചെയ്യുന്നത് ടൂറിസത്തിനും ഖനനത്തിനും ആണെന്നും അത് അനുവദിക്കരുതെന്നും അതിന് ഒത്താശചെയ്യുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കുമെന്നും രേഖപ്പെടുത്തിയ ലഘുലേഖ (കാട്ടുതീ) വിതരണം ചെയ്തത്. ബസ് സ്റ്റോപ്പിലും പേരാമ്പ്ര എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിന്റെ ചുവരുകളിലും പോസ്റ്ററുകള്‍ ഒട്ടിച്ചു.
ഖനനത്തിനും ടൂറിസത്തിനും ഒത്താശ ചെയ്യുന്ന മാര്‍ക്സിസ്റ്റ് നേതാക്കളായ എളമരം കരീം എംപി, ടി.പി. രാമകൃഷ്ണന് എംഎല്‍എ എന്നിവര്‍ക്കും ഖനി രാജാവായ ബെല്ലാരി റെഡ്ഡി മാര്‍ക്കെതിരെയും നോട്ടീസില്‍ പരാമര്‍ശമുണ്ട്.
കക്കയം പത്താം കൂപ്പു വനഭാഗത്തുനിന്നാണ് ഇവര്‍ പേരാമ്പ്ര എസ്റ്റേറ്റിലേക്കു വന്നത്. എസ്റ്റേറ്റ് മാനേജര്‍ അരുണ്‍കുമാറിനെ നേരിട്ട് കണ്ട് നോട്ടീസ് കൈമാറി. വിവിധ ക്വാര്‍ട്ടേഴ്സുകളിലും കയറിയിറങ്ങി അസൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചക്കിട്ടപാറ മുതുകാട് പ്രദേശത്തു കഴിഞ്ഞതവണ മാവോയിസ്റ്റുകള്‍ വന്നപ്പോള്‍ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ കയറി വീട്ടുകാരെ ഭയപ്പെടുത്തി മൊബൈല്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്യുകയും അരിയും പച്ചക്കറികളും എടുത്തു കാട്ടിലേക്കു പോകുകയും ചെയ്തിരുന്നു. ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പോലീസ് ഒരുഭാഗത്തു അന്വേഷണം നടത്തുമ്പോള്‍ മറുഭാഗത്തുകൂടി മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണിപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: