കോഴിക്കോട് : നവകേരള ബസിന്റെ ബംഗളുരുവിലേക്കുളള ആദ്യ യാത്രയില്‍ തന്നെ ഹൈഡ്രോളിക് വാതില്‍ തകരാറായെന്ന വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാര്‍ ഇല്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണ് കാരണം. ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണ് പ്രശ്നം ഉടന്‍ പരിഹരിക്കാതിരുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസിന്റെ ആദ്യ സര്‍വീസ് ഇന്ന് വെളുപ്പിന് നാലരയോടെയാണ് കോഴിക്കോട് നിന്നും ആരംഭിച്ചത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്.
ശക്തമായി കാറ്റ് അടിച്ചതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാര്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്നു ബത്തേരി ഡിപ്പോയില്‍ എത്തിക്കുകയായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തി.
കന്നി യാത്രയ്ക്ക് താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിംഗ് ഓണ്‍ലൈനില്‍ തുടങ്ങിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവന്‍ ബുക്കിംഗ് ആയി.ആകെ 25 യാത്രക്കാരാണ് ബസിലുള്ളത്. കണ്ടക്ടര്‍ക്കും കൂടി ആകെ 26 സീറ്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: