അടുത്ത 19 ശ്ലോകങ്ങളിലായി സമാധിയെക്കുറിച്ച് വ്യക്തമാക്കുകയാണ്.
ശ്ലോകം 354
അജ്ഞാന ഹൃദയ ഗ്രന്ഥേര്
നിശ്ശേഷ വിലയസ്തദാ
സമാധിനാവി കല്‍പേന
യദാദൈ്വതാത്മ ദര്‍ശനം
നിര്വികല്പ സമാധി മൂലം അദൈ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ഹൃദയത്തിന്റെ അജ്ഞാന ഗ്രന്ഥികള്‍ പൂര്‍ണ്ണമായും നശിക്കുന്നു.
വളരെക്കാലത്തെ പരിശ്രമം കൊണ്ട് മനസ്സിനെ പ്രശാന്തമാക്കിയ സാധകന് നിര്വികല്പ സമാധിയില്‍ അദൈ്വത തത്ത്വം സാക്ഷാത്കരിക്കും. ഈ അന്തരാനുഭൂതിയില് സാധകന് സര്‍വ്വതന്ത്ര സ്വതന്ത്രനായിത്തീരും.
നമ്മെ കെട്ടിയിട്ടിരിക്കുന്ന കെട്ടുകളെ വേദാന്തം ഹൃദയ ഗ്രന്ഥികള്‍ എന്നു വിളിക്കുന്നു. അവിദ്യ, കാമം, കര്‍മ്മം എന്നിവയാണ് ഹൃദയഗ്രന്ഥികള്‍. ഞാന്‍ ആത്മാവാണെന്ന സത്യം അറിയാത്തതാണ് ആദ്ധ്യാത്മികമായ അജ്ഞാനം. അതുമൂലം ബുദ്ധിയില്‍ ആഗ്രഹങ്ങളും മനസ്സില്‍ വിക്ഷേപങ്ങളുമുണ്ടാകും.അവയുടെ പ്രേരണയാല്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരും. അവിദ്യ കാമത്തിനും കാമം കര്‍മ്മത്തിനും കാരണമാകും.
താന്‍ പൂര്‍ണ്ണ ആനന്ദസ്വരൂപനായ ആത്മാവെന്നറിയണം. അറിഞ്ഞില്ലെങ്കില്‍ അപൂര്‍ണ്ണതാ ബോധം ജീവനെ വലയ്ക്കും. പൂര്‍ണ്ണതയെ നേടണമെന്ന ആഗ്രഹം ബുദ്ധിയിലുദിക്കുമ്പോള്‍ അത് മനസ്സില്‍ സങ്കല്പങ്ങളായും ശരീരത്തില്‍ കര്‍മ്മങ്ങളായും പ്രകടമാകും.
മനസ്സിനെ തികച്ചും ശാന്തമാക്കിയാല്‍ ആത്മ ദര്‍ശനം നേടാം. അപ്പോള്‍ സാധകനെ ബന്ധിച്ചിരിക്കുന്ന അവിദ്യാകാമ കര്‍മ്മങ്ങളാകുന്ന ഹൃദയ ഗ്രന്ഥികള്‍ പൊട്ടിപ്പോകും.ഹൃദയ ഗ്രന്ഥിവാസനകളാടു കൂടി നിശ്ശേഷം ഇല്ലാതാകും.
ശ്ലോകം 355
ത്വമഹമിദമിതീയം കല്പനാ
ബുദ്ധി ദോഷാത്
പ്രഭവതിപരമാത്മന്യദ്വയേ
നിര്വിശേഷേ
പ്രവിലസതി സമാധാവസ്യ
സര്‍വോ വികല്പോ
വിലയനമുപഗച്ഛേത്
വസ്തുതത്ത്വാവധൃത്യാ
ബുദ്ധിയുടെ ദോഷത്താല്‍ നീ, ഞാന്‍, ഇത് എന്നീ കല്പനകള് അദ്വയവും നിര്‍വിശേഷവുമായ പരമാത്മാവില്‍ ആരോപിക്കുകയാണ്. സമാധിയില്‍ ബ്രഹ്മതത്വം സാക്ഷാത്തായി അനുഭവപ്പെടുമ്പോള്‍ ജ്ഞാനിയുടെ എല്ലാ വികല്‍പ്പങ്ങളും വിലയിക്കും.
ബുദ്ധി ദോഷങ്ങള്‍ എന്ന് പറയുന്നത് വാസനകളെയാണ്. വാസന മൂലം മനസ്സ് നീ, ഞാന്‍, ഇത് എന്നീ പലതരത്തില്‍ ഭേദങ്ങളെകല്പ്പിക്കുന്നു. ഇങ്ങനെ പ്രതീതമാകുന്ന നാനാത്വം ദുഃഖങ്ങളും വിക്ഷേപങ്ങളുമുണ്ടാക്കും. ഈ മിഥ്യാ കല്‍പ്പനകളൊക്കെയും അദ്വയമായ പരമാത്മാവിലാണ് ആരോപിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: