കാബൂള്‍: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് അഫ്ഗാനിസ്ഥാനില്‍ എത്തിയിരിക്കുന്നത് ചില ഗൂഡോദ്ദേശ്യങ്ങളോടെയാണെന്നത് വ്യക്തമായി. അതിക്രൂരമായ തീവ്രവാദ ആക്രമണത്തിന് പേര് കേട്ട ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാന്‍ ഭരണം ഏല്‍പ്പിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. താലിബാനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന വടക്കന്‍ സഖ്യസേനയെ പഞ്ച് ശീര്‍ പ്രവിശ്യയില്‍ മുട്ടുകുത്തിക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
ആദ്യ ലക്ഷ്യത്തിന്റെ ഭാഗമായി ഹഖാനി സംഘം ശുദ്ധ സുന്നി പഷ്തൂണ്‍ വിഭാഗം മാത്രം താലിബാന്‍ സര്‍ക്കാരില്‍ ഉണ്ടായാല്‍ മതിയെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ നിയുകത താലിബാന്‍ സര്‍ക്കാര്‍ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബരാദറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹഖാനി വിഭാഗം തുറന്നടിച്ചുകഴിഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിശാല താലിബാന്‍ സര്‍ക്കാരാണ് ബരാദറുടെ മനസ്സില്‍. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഹഖാനി ഗ്രൂപ്പിന്റെ നേതാക്കളായ സിറാജുദ്ദീന്‍ ഹഖാനിയും സഹോദരന്‍ അനസ് ഹഖാനിയും മറ്റൊരു ഗ്രൂപ്പിനും ഭരണത്തില്‍ പങ്കാളിത്തം നല്‍കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ ചില വാക്കേറ്റമുണ്ടായതായും അത് വെടിവെപ്പില്‍ കലാശിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
രണ്ടാമത്തെ കാര്യം പഞ്ച്ശീര്‍ പിടിച്ചടക്കുന്നതില്‍ താലിബാനെ സഹായിക്കാന്‍ പാക് സൈന്യവും എത്തിയെന്ന റിപ്പോര്‍ട്ടാണ്. പഞ്ച്ശീറില്‍ സഖ്യസേനയ്‌ക്കെതിരെ ശക്തമായ ബോംബ് വര്‍ഷം പാക് സൈന്യത്തിന്റെ സഹായത്തോടെ നടക്കുന്നു. ഇതിന് മുന്നില്‍ വടക്കന്‍ സഖ്യസേനയ്‌ക്ക് അടിപതറുന്നുണ്ട്. താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന അംറുള്ള സാലേ താമസിച്ച വീടും താലിബാന്‍ ബോംബാക്രമണത്തില്‍ നശിപ്പിച്ചിട്ടുണ്ട്. താലിബാനോടൊപ്പം വേഷം മാറി പാകിസ്ഥാന്‍ പട്ടാളക്കാരും അഹമ്മദ് മസൂദിന്റെ താലിബാന്‍ വിരുദ്ധസേനയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. ഈ ദൗത്യത്തില്‍ ചൈനയും റഷ്യയും വരെ താലിബാന് സഹായം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പഞ്ച്ഷീറിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശത്ത് സ്മാര്‍ട്ട് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ പോരാട്ടം നയിക്കുന്ന പ്രതിരോധസേനാ തലവൻ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടി ഇന്നലെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താലിബാൻ മേഖലയിൽ പിടിമുറുക്കിയതോടെ പ്രതിരോധസേനാ നേതാക്കള്‍ തജിക്കിസ്ഥാനിലേയ്‌ക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ മണ്ണ് അവരുടെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനുള്ള ഇടമായി മാറ്റലാണ് ലക്ഷ്യം. മുന്‍പും ഹഖാനി സംഘത്തെ പാകിസ്ഥാന്‍ അവരുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന് ഉദാഹരണമാണ് 2008ല്‍ ഇന്ത്യയുടെ കാബൂളിലുള്ള സ്ഥാനപതി കാര്യാലയത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ ഹഖാനി ഗ്രൂപ്പിനെ ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വന്‍ ഭീഷണിയാണ്. ജമ്മുകശ്മീരിലും പാക് അജണ്ട നടപ്പാക്കാന്‍ അഫ്ഗാന്‍ മണ്ണിനെ പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തിയേക്കും. ഒപ്പം യുഎസിനും ഹഖാനി ഗ്രൂപ്പ് പേടിസ്വപ്നമാവും. കാരണം ഹഖാനി ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അല്‍ ഖ്വെയ്ദ. യുഎസിന്റെ ലക്ഷ്യത്തിന് തന്നെ കടകവിരുദ്ധമാവും കാര്യങ്ങള്‍. അഫ്ഗാനിലെ ഹഖാനി ഭരണം വന്നാല്‍ അല്‍ ഖ്വെയ്ദ പതിന്മടങ്ങ് ശക്തിയാര്‍ജ്ജിക്കും. പഴയ മുറിവുകള്‍ ഉണക്കാന്‍ അവര്‍ യുഎസിനെതിരെ വീണ്ടും പോര്‍വിളിയുമായി ഇറങ്ങിയേക്കും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: