മുകുന്ദന് മുസലിയാത്ത്
ജരാസന്ധന് പതിനെട്ടാമതും സൈന്യവുമായെത്തി. ഇപ്രാവശ്യം ഒരു സുഹൃത്തിനേയും കൂടെ കൂട്ടി. യവനന്. യവനന് വരബലമുള്ളവനാണ്. യാദവര്ക്കാര്ക്കും യവനനെ വധിക്കാന്‍ കഴിയില്ല. കൃഷ്ണനടക്കം. കാരണം കൃഷ്ണന് യാദവകുല ജാതനാണ്.
കൃഷ്ണന് തന്ത്രം മനസ്സിലാക്കി. യവനന് മഥുരയെ ആക്രമിക്കുമ്പോള്‍ ജരാസന്ധന് മഥുരയിലെ സ്ത്രീജനങ്ങളെ തട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു തന്ത്രം. കൃഷ്ണന് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയുന്നവനാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥാനം മുന്‍കൂട്ടി കണ്ടെത്തി. ദ്വാരക. സമുദ്രമധ്യത്തിലെ ദ്വീപ്. സാധാരണക്കാര്‍ക്ക് സമുദ്രം താണ്ടി അവിടെയെത്തുക എളുപ്പമല്ല. യോഗബലമുള്ള ഭഗവാനോ ബഹുലളിതവും. സൈന്യത്തില്‍ പെടാത്ത സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എല്ലാവരും ദ്വാരകയിലേക്കു മാറി താമസിച്ചു.
സമുദ്രത്തില്‍ പന്ത്രണ്ടു യോജന(ഏതാണ്ട് 200 കി.മീ.) വിസ്താരമുള്ള ദ്വീപാണ് ദ്വാരക. അതില്‍ ദേവശില്‍പ്പിയായ വിശ്വകര്‍മാവാണ് ശില്പ്പങ്ങള് തയ്യാറാക്കിയത്. വിശ്വകര്‍മ്മാവിന്റെ ശില്‍പ്പചാതുരിയുടെ പരീക്ഷണശാല കൂടിയായിരുന്നു ദ്വാരക. പ്രകൃതിരമണീയമായ ദ്വാരക മറ്റൊരു വൈകുണ്ഠം തന്നെയാണ്.
യവനന് മഥുരയെ വളഞ്ഞു. നിരായുധനായി അക്ഷോഭ്യനായി നടന്നു നീങ്ങുന്ന കൃഷ്ണനെയാണ് യവനന് കണ്ടത്. ഭഗവാന്റെ ആടയാഭരണങ്ങളും കമനീയ രൂപവും കണ്ട് യവനന് സ്തംഭിച്ചുനിന്നു. നാരദന് പറഞ്ഞുകൊടുത്ത ലക്ഷണങ്ങളെല്ലാമുണ്ട്. പീലിത്തിരുമുടിയും മുഖപത്മവും ചെന്താമരക്കണ്ണുകളും, പഞ്ചമിച്ചന്ദ്രനെ വെല്ലുന്ന അധരപുടങ്ങളും, ശ്രീവത്സാങ്കിത വിരിമാറും, കൗസ്തുഭാലംകൃത കണ്ഠശോഭയും കണ്ടപ്പോള്‍ ഇതുതന്നെ നാരദര് തനിക്കുപറ്റിയ പ്രതിയോഗിയായി കണ്ടെത്തിയ കൃഷ്ണന് എന്നു വിലയിരുത്തി. പക്ഷേ ഇവന് നിരായുധനും ഭീരുവിനെപ്പോലെ ഓടുന്നവനുമാണല്ലോ?
യവനന് ഭഗവാനെ പരിഹസിക്കാനും വെല്ലുവിളിക്കാനും തുടങ്ങി. യവനന് ഭഗവാനു പിന്നാലെ ഓടി. യവനന് തൊട്ടുപിന്നാലെ എത്തി എത്തിയില്ല എന്നപോലെ ഭഗവാനും ഓട്ടം
പിടിച്ചു. ഓടിയോടി രണ്ടുപേരും ഒരു കുന്നിന് ചെരിവിലെത്തി. ഭഗവാന് യവനന് കാണ്‍കെ ഒരു ഗുഹയില്‍ കേറി മറഞ്ഞു. യവനനും കൃഷ്ണനു പിന്നാലെ ഗുഹയില്‍ പ്രവേശിച്ചു. മങ്ങിയ വെളിച്ചത്തില്‍ ഒരാള്‍ മൂടിപ്പുതച്ചു കിടക്കുന്നു. പുതപ്പ് ഭഗവാനിട്ട മേലങ്കിയായിരുന്നു. അതു കണ്ടപ്പോള്‍ കൃഷ്ണനാണെന്നു കരുതി ഒരു ചവിട്ടുകൊടുത്തു.
ചവിട്ടിയത് മുചുകുന്ദനെന്ന രാജാവിനെയായിരുന്നു. ദേവാസുരയുദ്ധം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയാണ്. ആരാനും തന്നെ അവന് ഭസ്മമായിത്തീരാനുള്ള വരവും നേടിയാണ് ഉറക്കം. ഇതു ഭഗവാനറിയാമായിരുന്നു. യവനനു അറിയുകയുമില്ല. ചവിട്ടുകൊണ്ടു ഉണര്‍ന്ന മുനി കണ്ടത് യവനനെയാണ്. അവന് തല്‍ക്ഷണം ഭസ്മമായി. പിന്നീട് ഭഗവാന് പ്രത്യക്ഷനായി മുചുകുന്ദനു ദര്‍ശനവും അനുഗ്രഹവും നല്കി. ഒരേ സമയം ശത്രുസംഹാരവും ഭക്തന് അനുഗ്രഹവും സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: