ടോക്കിയോ: ദേശീയ കായിക ദിനമായ ഇന്നലെ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ടോക്കിയോ പാരാലിമ്പിക്സില്‍ മെഡല്‍ നേടി. ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ ജന്മദിനത്തില് ടേബിള്‍ ടെന്നീസ് താരം ഭാവിനബെന്‍ പട്ടേല്‍ , ഹൈജമ്പ് താരം നിഷാദ് കുമാര്‍, ഡിസ്കസ് ത്രോ താരം വിനോദ് കുമാര്‍ എന്നിവരാണ് ടോക്കിയോയില്‍ മെഡലുകള്‍ നേടിയത്.
വെള്ളിമെഡല്‍ നേടി ഭാവിനയാണ് ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പിന്നീട് ഹൈജമ്പില്‍ നിഷാദ് കുമാര്‍ വെളളിയും ഡിസ്കസ്് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ചൈനയുടെ യിങ് സോവുവിനോട് തോറ്റതിനെ തുടര്‍ന്നാണ് ഭാവിന പട്ടേലിന് വെള്ളി ലഭിച്ചത്.
പുരുഷന്മാരുടെ ഹൈജമ്പില്‍ പുത്തന്‍ ഏഷ്യന്‍ റെക്കോഡോടെയാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. ഇരുപത്തിയൊന്നുകാരനായ നിഷാദ് കുമാര്‍ 2.06 മീറ്റര്‍ ചാടിക്കടന്നാണ് റെക്കോഡിട്ടത്. അമേരിക്കയുടെ ഡള്ളാസിനും വെള്ളി ലഭിച്ചു. ഡള്ളാസും 2.06 മീറ്റര്‍ ക്ലിയര്‍ ചെയ്തു. മറ്റൊരു അമേരിക്കന്‍ താരമായ റോഡ്രിക് ടൗണ്സെന്ഡിനാണ് സ്വര്‍ണം. 2.15 മീറ്റര്‍ ചാടി പുതിയ ലോക റെക്കോഡ് സ്ഥാപിച്ചാണ് റോഡ്രിക് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ റാം പാല് (1.94 മീ) അഞ്ചാം സ്ഥാനം നേടി.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാര്‍ ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ചാണ് വെങ്കലം സ്വന്തമാക്കിയത്. 19.91 മീറ്റര്‍ ദൂരത്തേക്ക്് ഡിസ്കസ് പറത്തിവിട്ടാണ് വിനോദ് കുമാര്‍ മൂന്നാം സ്ഥാനത്തെത്തിയത്്. പോളണ്ടിന്റെ പിയോറ്റര്‍ കോസേവിച്ച് (20.02 മീ) സ്വര്‍ണവും ക്രൊയേഷ്യയുടെ വെളിമിര്‍ സാന്‍ഡോര്‍ (19.98 മീ) വെള്ളിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: