ന്യൂദല്‍ഹി: ടോക്കിയോ 2020 പാരാലിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. സംഘാംഗങ്ങളുമായി തുറന്ന മനസോടെയും അനൗപചാരികവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഗെയിംസിലെ ചരിത്രനേട്ടങ്ങള്‍ക്ക് അദ്ദേഹം അവരെ അഭിനന്ദിച്ചു. അവരുടെ നേട്ടം രാജ്യത്തെ മുഴുവന്‍ കായിക സമൂഹത്തിന്റെയും മനോവീര്യം ഗണ്യമായി വര്‍ധിപ്പിക്കും. വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് കായികമേഖലയില്‍ മുന്നേറാന്‍ പ്രോത്സാഹനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ പ്രകടനം കായികരംഗത്തെക്കുറിച്ചുള്ള അവബോധം അതിവേഗം വര്‍ധിപ്പിക്കുന്നതിനു കാരണമായി. കായികതാരങ്ങളുടെ അചഞ്ചല മനോഭാവത്തെയും ഇച്ഛാശക്തിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത പശ്ചാത്തലത്തിലും പാരാഅത്ലറ്റുകള്‍ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ കായികതാരം പരാജയത്തിലോ വിജയത്തിലോ തളച്ചിടപ്പെടുകയില്ലെന്നും മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുമെന്നും മെഡല്‍ നേടാന്‍ കഴിയാത്തവരുടെ ആത്മവീര്യമുയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അവര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. മികവുറ്റ പ്രകടനത്തിലൂടെ അവര്‍ ലോകവേദിയില്‍ രാഷ്ട്രത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ തങ്ങളെ വീക്ഷിക്കുന്ന രീതി ‘തപസ്, പരിശ്രമം, കരുത്ത്’ എന്നിവയിലൂടെ പാരാ അത്ലറ്റുകള് മാറ്റിയെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ ആഘോഷവേളയില്‍, കായികലോകത്തിനു പുറത്തുള്ള ചില മേഖലകള്‍ അവര്‍ തിരിച്ചറിയണമെന്നും അവ ആളുകളെ എങ്ങനെ പ്രചോദിപ്പിക്കുമെന്നും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ടയാണ് ഇത്തവണത്തേത്. 1968ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് 12 മെഡലുകള്‍ മാത്രമായിരുന്നു. ടോക്കിയോയ്ക്ക് മുന്‍പ് നടന്ന പതിനൊന്ന് പാരാലിമ്പിക്സുകളില്‍ നിന്നായി നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കില്‍ പാരാലിമ്പിക്സില്‍ 19 മെഡലുകള്‍ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സില് എട്ട്, ഷൂട്ടിങ്ങില്‍ അഞ്ച്, ബാഡ്മിന്റണില്‍ നാല്, അമ്പെയ്ത്തില്‍ ഒന്ന്, ടേബിള്‍ ടെന്നിസില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇത്തവണത്തെ മെഡല്‍ കണക്ക്.
ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍
സ്വര്‍ണം:
അവാനി ലേഖര (ഷൂട്ടിങ്, 10 മീ. എയര്‍ റൈഫിള്‍ എസ്എച്ച് 1), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ എഫ് 64), മനിഷ് നര്‍വാള്‍ (ഷൂട്ടിങ്, മിക്സഡ് പി 4 50മീ. പിസ്റ്റള്‍ എസ്എച്ച് 1), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എല്‍ 3), കൃഷ്ണ നാഗര്‍ (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എച്ച് 6).
വെള്ളി:
ഭവിന പട്ടേല്‍ (ടേബിള്‍ ടെന്നീസ്, വനിതാ വ്യക്തിഗത ക്ലാസ് 4), നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്പ് ടി 47), യോഗേഷ് കതുനിയ (പുരുഷ ഡിസ്കസ് ത്രോ എഫ് 56), ദേവേന്ദ്ര ജജാരിയ (ജാവലിന്‍ ത്രോ എഫ് 46), മാരിയപ്പന് തങ്കവേലു (ഹൈജമ്പ് ടി 63), പ്രവീണ്‍കുമാര്‍ (ഹൈജമ്പ് ടി 64), സിങ്രാജ് അധാന (മിക്സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1), സുഹാസ് യതിരാജ് (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 4).
വെങ്കലം:
സുന്ദര്‍ സിങ് ഗുര്‍ജാര്‍ (ജാവലിന്‍ ത്രോ എഫ് 46), സിങ്രാജ് അധാന (പി 1 10 മീ. എയര്‍ പിസ്റ്റള്‍ എസ്എച്ച് 1), ശരദ്കുമാര്‍ (ഹൈജമ്പ് ടി 63), അവാനി ലേഖര (ഷൂട്ടിങ്, ആര്8 50 മീ. റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1), ഹര്‍വിന്ദര്‍ സിങ് (ആര്‍ച്ചറി, വ്യക്തിഗത റീകര്‍വ് ഓപ്പണ്‍), മനോജ് സര്‍കാര്‍ (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 3).
പ്രതികരിക്കാൻ ഇവിടെ എഴുതുക: