മുംബൈ: തന്നെ ഗുണ്ടാത്തലവനെപ്പോലെ അറസ്റ്റ് ചെയ്തിട്ട് സംസ്ഥാന സർക്കാർ എന്തുനേടിയെന്ന് ചോദിച്ച് വെള്ളിയാഴ്ച കേന്ദ്രമന്ത്രി നാരായൺ റാണെ രംഗത്തെത്തി. ‘ഇത് നിയമപരമല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് അധികാരത്തിന്റെ പ്രകടനം മാത്രമായിരുന്നു. ഭാവിയിൽ ഞങ്ങളും അധികാരത്തിൽ വരും.’- നാരായൺ റാണെ പറഞ്ഞു. ‘ധാരാളം രഹസ്യങ്ങൾ’ അറിയാമെന്നും അവ ‘പതിയെ വെളിപ്പെടുത്തും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൻ ആശിർവാദ് യാത്ര പുനഃരാരംഭിച്ച രത്നഗിരിയിൽ വെള്ളിയാഴ്ച ഒന്നിലധികം വാർത്താ സമ്മേളനങ്ങൾ റാണെ നടത്തി.
ഈ ആഴ്ച ആദ്യം നടന്ന നാരായൺ റാണെയുടെ അറസ്റ്റോടെ യാത്ര തടസ്സപ്പെട്ടിരുന്നു. വൈകാതെ അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ച് ശിവസേന നൽകിയ പരാതിയെ തുടർന്നായിരുന്നു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. താക്കറെയുടെ അനന്തരവനായ വരുൺ സർദേശായിയാണ് തന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയതെന്ന് ശിവസേനയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് റാണെ പറഞ്ഞു.
രത്നഗിരി ഗോലപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പശ്ചിമ ബാന്ദ്ര എംഎൽഎയായ ബിജെപിയുടെ ആശിഷ് ശേലറും ബിജെപി എംഎൽഎസി പ്രസാദ് ലാദും ഒപ്പമുണ്ടായിരുന്നു. ധാരാളം രഹസ്യങ്ങളെക്കുറിച്ച് അറിവുണ്ടെന്നും സാവധാനം വെളിപ്പെടുത്തുമെന്നും റാണെ മുന്നറിയിപ്പ് നൽകി. ‘സംസ്കാരമുള്ളവരെന്ന് അവർ സ്വയം വിളിക്കുന്നു. എങ്കിൽ തന്റെ ഭാര്യാ സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ നിർദേശിച്ചതാര്?. എന്നെ സംസാരിക്കാൻ നിർബന്ധിക്കരുത്. അതിന് വളരെ വിലയുണ്ടെന്ന് വരാം’- അദ്ദേഹം വ്യക്തമാക്കി.
പൊലീസ് നിയമത്തിനുള്ളിൽനിന്ന് പ്രവർത്തിക്കണമെന്ന് രത്നഗിരിയിലെ മറ്റൊരു വാർത്താ സമ്മേളനത്തിൽ റാണെ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അവരും നടപടി നേരിടേണ്ടിവരും. ‘റാണെ അവർക്ക് പിന്നാലെ പോകും. ഇപ്പോൾ കുറച്ചേ സംസാരിക്കുന്നുള്ളൂ. പക്ഷെ ഉടൻ എല്ലാം വെളിപ്പെടുത്തും’- സുശാന്ത് സിംഗ് രജ്പുതിന്റെയും മുൻ മാനേജരുടെയും മരണങ്ങളുടെ യഥാർഥ ഉത്തരവാദികളെ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നാരായൺ റാണെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: