തിരുവനന്തപുരം: ഏതൊരു പുതിയ സര്‍ക്കാരും അതിന്റെ മധുവിധു കാലം എന്നറിയപ്പെടുന്ന ആദ്യനാളുകളില്‍ വലിയ വിവാദങ്ങളില്ലാതെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ് തുടക്കം കുറിക്കാറുള്ളത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ അതിന്റെ സഹജസ്വഭാവം കാണിച്ചു. കോടിക്കണക്കിന് രൂപയുടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങള്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടതിന്റെ വാര്‍ത്തകളോടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎമ്മും- സിപിഐയും പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടി. റവന്യൂ-വനം വകുപ്പുകള്‍ പരസ്പരം പഴിചാരാന്‍ നോക്കിയെങ്കിലും അഴിമതിയില്‍ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോള്‍ ഈ കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതികളുടെ മൊഴി പുറത്തു വന്നതോടെ ദിവസവും 6 മണിക്ക് നടത്താറുള്ള വാര്‍ത്താസമ്മേളനം വരെ മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു. കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് കേസിലെ പ്രതി സരിത്ത് നല്കിയ മൊഴി. രാജ്യദ്രോഹ കേസില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി പ്രതിയാകുമോയെന്ന സംശയം മാത്രമേ ഇനിയുള്ളൂ. ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും പിണറായി വിജയന് കാരണം നാണക്കേടുണ്ടായിരിക്കുകയാണ്.
സ്വര്‍ണ്ണക്കടത്ത് സംഘത്തിലും സിപിഎമ്മിന് പോഷക സംഘടനകളുണ്ടെന്ന് വീണ്ടും തെളിയിച്ച സംഭവമാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയെന്ന് കേരളം തിരിച്ചറിഞ്ഞു. കോഴിക്കോട് നഗരത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണ്.
രാജ്യം കൊവിഡിനെ പൊരുതി തോല്പ്പിക്കുമ്പോള് കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. ഇന്നലെ ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുകയാണ്. കേരളത്തില്‍ 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍ മാത്രം. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അശാസ്ത്രീയമായ കൊവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പര്‍ വണ്‍ എന്ന പി.ആര് പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്കിയ വാക്സിന് പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തത്. മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്ട്ടിക്കാര് വാക്സിന് എടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു മലയാളികളുടെ യോഗം. വാക്സിന് സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയായി. വാക്സിന് സ്വീകരിച്ച 20,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി. കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താന്‍ ഇടയാക്കി.
തിരുവനന്തപുരം നഗരസഭയിലെ എസ്.സി ഫണ്ട് തട്ടിപ്പ് സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമാക്കുന്നതാണ്. പാവപ്പെട്ട പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് സ്വന്തം അച്ഛന്റെയും അമ്മയുടേയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന വ്യാപകമായി പട്ടികജാതി ഫണ്ടില്‍ ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്കുന്നതാവട്ടെ സിപിഎം നേതാക്കളുമാണ്.
വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള സംഭവങ്ങള്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സ്ത്രീവിരുദ്ധതയുടെ ഉദ്ദാഹരണങ്ങളാണ്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികജാതിക്കാര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന സംസ്ഥാനമായി ഇടതുപക്ഷം കേരളത്തെ മാറ്റി. ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ചൂട്ടുപിടിച്ചു. കെട്ടകാലത്ത് സ്ത്രീകള്‍ക്ക് താങ്ങാവേണ്ട വനിതാ കമ്മീഷന് ചെയര്മാന് സ്ത്രീവിരുദ്ധ സമീപനത്തിന്റെ പേരില്‍ നാണംകെട്ട് ഇറങ്ങി പോവേണ്ടിവന്നു. കുണ്ടറയില്‍ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പീഡനകേസ് ഒതുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന് രംഗത്ത് വന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. മന്ത്രിക്കെതിരെ ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടും കേരള പൊലീസും മുഖ്യമന്ത്രിയും അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.
നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. പൊതുഖജനാവിന് നഷ്ടമുണ്ടാക്കി നിയമസഭയില്‍ അഴിഞ്ഞാടിയ മന്ത്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ പോയ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തുണിയുരിയപ്പെട്ട അവസ്ഥയിലായി. ഇത്രയും ആഭാസം കാണിച്ച വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനായി മുഖ്യമന്ത്രി വീണ്ടും ചെറുതായി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സര്‍ക്കാരിന് മുഖത്തേറ്റ പ്രഹരമാണ്. രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യത്തെയും മാനിക്കാതെ മുമ്പോട്ട് പോകാനുള്ള പിണറായിയുടെ ദുരാഗ്രഹത്തിനാണ് ഹൈക്കോടതി തടയിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരിന് സമാനമായ രീതിയിലാണ് രണ്ടാം പിണറായി സര്‍ക്കാരും സഞ്ചരിക്കുന്നത്. കഴിഞ്ഞ തവണ മൂടിവെച്ച അഴിമതികളും പുതിയ പുതിയ അഴിമതികളും ഓരോ ദിവസവും തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഐഎസ് റിക്രൂട്ട്മെന്റും തീവ്രവാദ സ്ലീപ്പര്‍ സെല്ലുകളും കേരളത്തില്‍ ശക്തമാണെന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ വാക്കുകള്‍ മലയാളികളെ ആശങ്കപ്പെടുത്തുന്നതാണ്. കേരള യൂണിവേഴ്സിറ്റിയിലേക്ക് തീവ്രവാദ സാന്നിധ്യമുള്ള ചില രാജ്യങ്ങളില്‍ നിന്നും വന്ന അപേക്ഷകളുടെ ബാഹുല്ല്യം അന്വേഷിക്കേണ്ടതാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന് പിന്നിലെ തീവ്രവാദ- സ്വര്‍ണ്ണക്കടത്ത് സഖ്യം ഭയപ്പെടുത്തുന്നതാണ്. സംസ്ഥാനം ഭീകരവാദികളുടെ താവളമാക്കി മാറ്റുകയാണ് പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: