തൊടുപഴ: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ വീണ്ടും വ്യാപാരി ആത്മഹത്യചെയ്തു. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനെയാണ് (67) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലായിരുന്നു മൃതദേഹം. കടബാധ്യതയെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.
കടയുടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. ലോക്ക്ഡൗണില്‍ കട തുറക്കാതായതോടെ കടം കൂടി. തുടര്‍ന്നാണ് ദാമോദരന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ ഇയാള്‍ കടയില്‍ എത്തിയിരുന്നു. ഉച്ചയോടെ കടപൂട്ടി അകത്ത് നിന്ന് വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തുകൂടി നടന്നുപോകുന്നവര്‍ ശബ്ദങ്ങള്‍ കേട്ട് നോക്കിയപ്പോള്‍ ദാമോദരന്‍ വിഷം കഴിച്ച് ഗുരുതരമായ അവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ കൊട്ടിയത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കൊല്ലം മാടന്നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍-41 പ്രതീപ് നിവാസില്‍ ബിന്ദു പ്രദീപാണ് ജീവനൊടുക്കിയത്. കൊവിഡ് പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: