കര്‍ക്കടകത്തില്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പ്രകടമാക്കുന്ന പഴഞ്ചൊല്ലാണ് ‘കര്‍ക്കടം ദുര്‍ഘടം’ എന്നത്. കര്‍ക്കടകത്തില്‍ ഇക്കരത്തെ കാക്കയ്ക്ക് അക്കരയ്ക്ക് പറക്കാന്‍ കഴിയില്ലെന്ന ചൊല്ല് കര്‍ക്കടകത്തിലെ ശക്തമായ മഴയെ സൂചിപ്പിക്കുന്നു. കൃഷി, തെങ്ങുകയറ്റം, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മഴയുടെ കാഠിന്യം തടസ്സമായതോടെയാണ് കര്‍ക്കടകം പഞ്ഞമാസമായി പൊതുവേ അറിയപ്പെട്ടത്.
കര്‍ക്കടകത്തിലെ മഴയിലും തണുപ്പിലും ശരീരം ഇളമിക്കും. ശരീരത്തില്‍ വേദന, മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടും. പ്രായമായവര്‍ക്ക് ഇക്കാലത്ത് വാതം, തളര്‍ച്ച തുടങ്ങിയ ദീര്‍ഘകാലരോഗങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. മറ്റുള്ളവര്‍ക്ക് പനി, ചുമ, കഫക്കെട്ട്, വയറിളക്കം എന്നിവ പിടിപെടാനും സാധ്യതയേറെയാണ്.
ഈ രോഗങ്ങളെയെല്ലാം പ്രതിരോധിക്കാനും പിടിപെട്ട രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് കര്ക്കടകമാസചികിത്സ. സുഖചികിത്സയെന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ചികിത്സാ വിധികളെ ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം, ഔഷധപ്രയോഗം, ഉഴിച്ചില്‍ (തിരുമ്മല്‍) എന്നിങ്ങനെ മൂന്നായി തിരിക്കാം.
ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം:
മുന്‍കാലങ്ങളില്‍ കര്‍ക്കടകത്തിലെ ആദ്യ പത്തു ദിവസം ഇലക്കറികള്‍ ഉപയോഗിക്കുന്ന പതിവില്ലായിരുന്നു. ഇലകളില്‍ ‘കട്ട്’ ( വിഷാംശം) ഉണ്ടാകുമെന്നാണ് വിശ്വാസം. അതു കഴിഞ്ഞാല്‍ ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഇക്കാലത്താണ് ഉലുവക്കഞ്ഞി, ജീരകക്കഞ്ഞി, പത്തിലക്കഞ്ഞി തുടങ്ങിയവ വിശേഷമായി പാചകം ചെയ്തു കഴിക്കുന്നത്. ദഹനശേഷി കൂട്ടാനും ഛര്‍ദി, വയറുവേദന എന്നിവ ശമിപ്പിക്കാനും ഉലുവാക്കഞ്ഞി നല്ലതാണ്. ജീരകക്കഞ്ഞി കഫക്കെട്ടും ചുമയും തടയും. ദഹനശേഷി കൂട്ടും. മുരിങ്ങ, മത്തന്‍, കോവ, ചീര, ചുരയ്ക്ക, ചേമ്പ്, ചേന, മുരിക്ക്, തഴുതാമ, തകര തുടങ്ങിയ പത്തിലകള്‍ കറിവെച്ച് കഴിക്കുന്നതാണ് പത്തിലക്കറി. ഇലകള്‍ ഉപയോഗിക്കുന്നതില്‍ പ്രാദേശിക ഭേദം ഉണ്ടാകാം.
ഔഷധ പ്രയോഗം:
ശരീരം ഇളമിക്കുമ്പോഴുള്ള ഔഷധസേവ വര്‍ഷം മുഴുവന്‍ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശീതം നീങ്ങിയാല്‍ വാതമില്ല എന്ന പഴഞ്ചൊല്ല് തണുപ്പുകാലത്തുണ്ടാകുന്ന വാതരോഗത്തെ സൂചിപ്പിക്കുന്നു. ശരീരവേദന, പനി, വിറയല്‍, കോച്ചല്‍, തുടങ്ങിയവ വാതരോഗലക്ഷണങ്ങളാണ്. ഉഴിഞ്ഞാക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, ദശപുഷ്പക്കഞ്ഞി എന്നിവ കര്‍ക്കടകത്തില്‍ ഉപയോഗിക്കാവുന്നവയാണ്. യവം, ഗോതമ്പ്, നിലക്കടല, എള്ള്, തുവരപ്പരിപ്പ്, പയര്‍, ഉഴുന്ന്, മുതിര, ചോളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയാണ് നവധാന്യക്കഞ്ഞി. കറുക, വിഷ്ണുക്രാന്തി, തിരുതാളി, പൂവാങ്കുരുന്നില, മുക്കുറ്റി, കയ്യോന്നി, നിലപ്പന, ചെറൂള, മുയല്ച്ചെവി, ഉഴിഞ്ഞ എന്നീ ദശപുഷ്പത്തോടൊപ്പം, വാതരോഗം ശമിപ്പിക്കുന്ന കരിമുറിഞ്ഞി, വായുരോഗത്തെ ചെറുക്കുന്ന ആട്ടുകൊട്ടപ്പാല, കൊടിയാവണക്ക്, ആസ്ത്മയ്ക്ക് ഔഷധമായ തൊട്ടാവാടിയില, രക്തസ്രാവം, ശമിപ്പിക്കുന്ന ചെറുകടലാടി, വന്‍കടലാടി തുടങ്ങിയവയുടെ ഇലകള്‍ കൂടി ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്.
കര്‍ക്കടകത്തിലെ വേദന, തരിപ്പ് എന്നിവയ്ക്ക് ഉത്തമമാണ് തേങ്ങാമരുന്ന്. മലബാര്‍ ഭാഗത്താണ് തേങ്ങാമരുന്നിന് ച്രചാരം കൂടുതല്‍.
ഉഴിച്ചില്‍:
കര്‍ക്കടകത്തില്‍ തുടങ്ങുന്ന വാതസംബന്ധിയായ അസുഖങ്ങള്‍ ചിലരില്‍ വര്‍ഷം മുഴുവന്‍ നീളും. ശരീരത്തില്‍ തൈലം ചേര്‍ത്ത് ഉഴിഞ്ഞാല്‍ രക്തസമ്മര്‍ദം ശരിയായ തരത്തിലാക്കി വാതരോഗങ്ങള്‍ പരിഹരിക്കാം. ദുര്ദമേദസ്സിനെ പുറത്തു കളഞ്ഞ് ശരീരത്തെ അരോഗദൃഢഗാത്രമാക്കനും ഉഴിച്ചില്‍ നല്ലതാണ്. ഇടിഞ്ഞില്‍ തൊലി, മുരിങ്ങാത്തൊലി, കുറുന്തോട്ടി, പുളിഞരമ്പ്, വാതംകൊല്ലിയില, വട്ടപ്പെരുയില തുടങ്ങിയവ എണ്ണയിലിട്ട് ചൂടാക്കി പാകം വരുത്തി തിരുമ്മാന്‍ ഉപയോഗിക്കാം. വൈദ്യ നിര്‍ദേശം കൂടാതെ സ്വയം തിരുമ്മുന്നവര്‍ കുറച്ചു നേരം മാത്രമേ തിരുമ്മാവൂ. തിരുമ്മിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാവണം കുളി.
തൊഴില്‍ സാഹചര്യങ്ങള്‍ മാറിയതോടെ കര്‍ക്കടം ദുര്‍ഘടം എന്ന പഴഞ്ചൊല്ലിനൊന്നും ഇന്ന് പ്രസക്തിയില്ല. കര്‍ക്കടകത്തില്‍ തണുപ്പുകാരണം അസുഖങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. അതിനാല്‍ പ്രതിരോധമായും പ്രതിവിധിയായും മരുന്നുകള്‍ കഴിക്കുന്നത് ഉത്തമമാണ്.
(മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും നാട്ടുവൈദ്യ ഗവേഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: