ന്യൂദല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്താന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചു. ചൊവ്വാഴ്ച നടന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വേഗതയുടെ കാര്യത്തില്‍ ഏകീകരണം ഉണ്ടാക്കുവാന്‍ സംവിധാനമൊരുക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ദേശീയ പാതകളില്‍ കാറുകള്‍ക്ക് മണിക്കൂറില്‍ നൂറ് കിലോമീറ്ററും എക്സ്പ്രസ് ഹൈവേകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളില്‍ പോലീസും മറ്റ് ഏജന്‍സികളും അവര്ക്കനുസൃതമായിട്ടാണ് ദേശീയപാതയിലും എക്സ്പ്രസ് ഹൈവേകളിലും വേഗത നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് സംസ്ഥാനങ്ങളിലെ ദേശീയപാതകളില്‍ വേഗത വ്യത്യസ്തപ്പെടുവാന് കാരണം. 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുടെ പേരില്‍ പോലീസ് പെനാല്‍റ്റി ഈടാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഗഡ്കരി പറഞ്ഞിരുന്നു.
ദേശീയപാതകളില്‍ 120 ഉം എക്സ്പ്രസ് ഹൈവേകളില്‍ 140ഉം ആയി വേഗത ഉയര്‍ത്താനാണ് ഗഡ്കരി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഗതാഗത സൗകര്യങ്ങള്‍ അനുസരിച്ച് വേഗപരിധി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഇതിന് ഏകീകൃത സംവിധാനം ഉണ്ടാക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: