തൃശൂര്‍: ചേറ്റുവയില്‍ നിന്ന് പിടിച്ചെടുത്ത 30 കോടി രൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യം പ്രതികള്‍ക്ക് കിട്ടിയത് മീന്‍പിടിത്തക്കാരില്‍ നിന്നെന്ന് സൂചന. മലപ്പുറം തിരൂരിലെ മീന്‍പിടിത്തക്കാരില്‍ നിന്നാണ് തങ്ങള്‍ക്ക് ആംബര്‍ഗ്രിസ് ലഭിച്ചതെന്നാണ് പ്രതികള്‍ വനംവകുപ്പിന് നല്‍കിയിട്ടുള്ള മൊഴി. പ്രതികളുമായി മലപ്പുറത്തെത്തി തെളിവെടുത്താല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് അന്വേഷണ ചുമതലയുള്ള പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
ആംബര്‍ഗ്രിസിന്റെ മൂല്യം മനസ്സിലാക്കാതെ മീന്‍പിടിത്തക്കാരില്‍ ഒരാള്‍ പ്രതികളിലൊരാളായ ഹംസയ്‌ക്ക് കൈമാറുകയായിരുന്നെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളിയുടെ പേരുവിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ചാവക്കാട് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ഫോറസ്റ്റ് അധികൃതര്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്ത ശേഷം മലപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആംബര്‍ഗ്രിസ് ഇടപാടിനു പിന്നില്‍ വലിയൊരു സംഘം തന്നെ കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. സുഗന്ധദ്രവ്യവും മരുന്നും നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ 18 കിലോ തിമിംഗില വിസര്‍ജ്യവുമായി എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരെയാണ് വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് പിടികൂടിയ ആംബര്‍ഗ്രിസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്‌ട്ര സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്.
















