ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍പാസ് (ഇയു ഗ്രീന്‍ പാസ്) ലഭിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനെയും അംഗീകരിക്കണമെന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ബ്രിട്ടന്റെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയല്‍ റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) അംഗീകരിച്ച ഒരു വാക്സിനെ വാക്സിന് പാസ്പോര്‍ട്ടിന് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവരായി ബ്രിട്ടനില്‍ ഏകദേശം 50 ലക്ഷം പേര് ഉണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും ക്വാറന്റൈനില്‍ നിന്നും ഒഴിവായിക്കിട്ടാനും ഇയു ഗ്രീന്‍പാസ് ആവശ്യമാണ്. ഇപ്പോള്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നാല് വാക്സിനുകള്‍ക്ക് മാത്രമേ അനുമതിയൂളളൂ- കൊമിനാര്ട്ടി (ബയോ എന്‍ടെക്, ഫൈസര്‍), മൊഡേണ, വാക്സെവ്റിയ (ആസ്ട്രസെനക, ഓക്സ്ഫോര്‍ഡ്), ജാന്സെന് (ജോണ്സണ് ആന്റ് ജോണ്സണ്) എന്നീ നാല് വാക്സിനുകള്‍ക്കാണ് ഇയു ഗ്രീന്‍പാസ് കിട്ടാന്‍ അംഗീകാരമുള്ളൂ. ഈ വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് രണ്ട് തവണ എടുത്തവര്‍ക്ക് മാത്രമേ ഇയു ഗ്രീന്‍പാസ് ലഭിക്കൂ. ഇതുവരെ ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന് അംഗീകൃത വാക്സിനുകളുടെ ലിസ്റ്റില്‍ ഇടം കിട്ടിയിട്ടില്ല.
അതേ സമയം ഓസ്ട്രിയ, ജര്‍മ്മനി, സ്ലൊവേന്യ, ഗ്രീസ്, ഐസ്ലാന്റ്, അയര്ലാന്റ്സ സ്പെയിന് എന്നീ രാഷ്ട്രങ്ങള്‍ ഇയു ഗ്രീന്‍പാസിന് ഇന്ത്യയിലെ കൊവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്. ഇനി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ)യുടെ അംഗീകാരം ലഭിച്ചാല്‍ കൊവിഷീല്‍ഡിനെ എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളും അംഗീകരിക്കും. കൊവിഷീല്‍ഡിന് നേരത്തെ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: