ധന്യധന്യമായ ആത്മീയ പ്രത്യയങ്ങളെ അതീന്ദ്രിയ ലോകത്തില്‍ സാക്ഷാത്ക്കരിച്ച സംന്യാസി ശ്രേഷ്ഠനാണ് രമണമഹര്‍ഷി. ശിവമഹിമയുടെ അരുണാചല ബിംബമായി സ്വയം മൂര്ത്തീകരിക്കപ്പെടുകയായിരുന്നു ആ മൗനോപാസനാ ജീവനം. ‘ഞാനാര്?’ എന്ന ആത്മാന്വേഷണത്തിനൊടുവില്‍ ‘ശിവോഹം’ (ഞാന്‍ ശിവനാണ്) ജ്ഞാനപൂര്ണിമയില് സ്വയം വെളിച്ചമാവുകയായിരുന്നു മഹാഗുരു. ജീവന പ്രത്യയത്തെ സ്ഥൈര്യപ്പെടുത്തിയ ആ മഹിത ജീവിതം സാധാരണ മനുഷ്യന് ആത്മവിമോചന മാര്‍ഗമായി. ഭാരതീയ ധര്മസങ്കല്പ്പനങ്ങളുടെ കെടാവിളക്കായ രമണജീവനം അവധൂത പ്രമാണത്തിന്റെ ഐതിഹാസിക പ്രകാശനമാണ്.
തമിഴ്നാട്ടില്‍ മധുരയിലെ തിരുച്ചുളി ഗ്രാമത്തില്‍ 1879 ലാണ് രമണന്റെ ജനനം. അഴകമ്മാളും സുന്ദര അയ്യരുമായിരുന്നു മാതാപിതാക്കള്‍. വെങ്കട്ട രമണന് എന്ന പേരില്‍ സ്വസഹോദരങ്ങള്ക്കൊപ്പം വളര്‍ന്ന ആ ശാന്തശീലന്‍ പഠനമനനങ്ങളില്‍ മികവുകാട്ടി. ഏകാന്തതയില്‍ ബാഹ്യലോകം മറന്ന് അബോധത്തിലെന്നോണം വിസ്മയ വിഭൂതി സ്വപ്നങ്ങളില്‍ മുഴുകുന്ന ശീലം രമണന്റെ ബാല്യകാലത്തെ ശ്രദ്ധേയമാക്കി. വക്കീലായ പിതാവിന്റെ ആഗ്രഹപ്രകാരം ഇംഗഌഷ് വിദ്യാലയത്തില്‍ പഠിക്കാന്‍ ചെറിയച്ഛനൊപ്പം രമണന് മധുരയിലെത്തുകയായിരുന്നു. പിന്നീട് അച്ഛന്റെ അകാല നിര്യാണമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ രമണന് മൃതദേഹത്തിന് അരികിലിരുന്നു. ‘നിശ്ചേതനമായ ശരീരം! അതിനുള്ളില്‍ പ്രകാശിച്ച ചൈതന്യധന്യമായ ‘അഹം’ എവിടെയാവും?’ ആ ചിന്താസ്ഫുരണത്തില് അലഞ്ഞുലഞ്ഞ രമണഹൃദയം ആത്മാന്വേഷണത്തിന്റെ അഗാധതകളില്‍ മുഴുകുകയായിരുന്നു.
വൃദ്ധനായ ബന്ധുവില്‍ നിന്നാണ് അരുണാചല മഹിമയറിഞ്ഞത്. അരുണാചല നാമശ്രവണത്തില്ത്തന്നെ രമണഹൃദയത്തില് ഓങ്കാരം മുഴങ്ങി. തിരുവണ്ണാമലയിലെത്താന്‍ ഉള്ളമുരുകി. അറുപത്തിമൂന്ന് നായനാര്‍മാരുടെ ജീവിതകഥയായ ‘പെരിയ പുരാണം’ ആയിടെ ശ്രദ്ധയോടെ പാരായണം ചെയ്ത രമണന്, മഹിത പ്രചോദനത്തില്‍ മധുരമീനാക്ഷീ ക്ഷേത്രത്തില്‍ പതിവു ദര്‍ശനങ്ങളില്‍ മുഴുകി. അതീതമായ സങ്കല്പ്പനങ്ങളും അറിവു തേടിയുള്ള അന്വേഷണവും ആത്മസ്വരൂപ ദര്‍ശന സരണിയും ആ പതിനാറുകാരന്റെ ധൈഷണിക മണ്ഡലത്തില്‍ ചന്ദ്രലേഖാ സദൃശമായ ചിന്താങ്കുരങ്ങള് വിടര്‍ത്തി. ക്രമേണ ഏകാന്ത ധ്യാനത്തിന്റെയും മൗനോപാസനയുടെയും ഭാവസ്ഫുരണങ്ങള്‍ ആത്മാവില്‍ വര്‍ണം വിതറുകയായിരുന്നു. ജ്യേഷ്ഠന് ഫീസടയ്ക്കാനുള്ള അഞ്ചുരൂപയില്‍ നിന്ന് മൂന്നു രൂപയെടുത്ത് രമണന് തീവണ്ടിയില്‍ തിരുവണ്ണാമലയിലെത്തി. എത്രയും വേഗം അരുണാചലേശ്വര ക്ഷേത്രത്തിലെത്തി ഗോപുര ദര്‍ശനാനന്തരം ഉള്ളില്‍ പ്രവേശിച്ചു. ഭക്തിയുടെ ആന്ദോളനത്തില്‍ ആ ഹൃദയം ഉന്മാദലഹരിയില്‍ ഉറഞ്ഞു തുള്ളി. തരളിതമായ ആവേശത്തിന്റെ ആത്മവിസ്മൃതിയില്‍ ശ്രീകോവിലിലേക്ക് ഓടിക്കയറി അരുണഗിരിനാഥനെ ആശ്ലേഷിച്ച് ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
ആയിരം കല്‍മണ്ഡപം, പാതാളലിംഗമുള്ള ഭൂഗര്ഭയറ, ഗുരുമൂര്‍ത്തം ക്ഷേത്രം, വിരൂപാക്ഷഗുഹ, സ്കന്ദാശ്രമം എന്നീ പുണ്യ സങ്കേതങ്ങളിലെല്ലാം യുവയോഗി ഏകാന്തധ്യാനത്തിലും മൗനമഹാതപസ്സിലും കഴിഞ്ഞിട്ടുണ്ട്. പരിസരവാസിയായ ശേഷാദ്രിസ്വാമിയാണ്ആദ്യകാലം പരിചരണത്തിനുണ്ടായിരുന്നത്. ഗുരുമൂര്‍ത്തം ക്ഷേത്രത്തോടു ചേര്‍ന്നുള്ള മാന്തോപ്പിലേക്ക് മാറിത്താമസിച്ചത് 1898 ലാണ്. മൗനമന്ദാരങ്ങളുടെ അഗാധതയില്‍ ശരീരബോധം വെടിഞ്ഞ യോഗി തപസ്സിലും യോഗാത്മക സാധനയിലുമായിരുന്നു. പഴനിസ്വാമിയാണ് പരിചരണമേറ്റെടുത്ത് ഭിക്ഷാടനത്തിലൂടെ ഗുരുവിനെ ഊട്ടിയത്.
ഭക്തരും ആരാധകവൃന്ദവും സദാ യോഗിക്കു ചുറ്റും പുഷ്പാര്‍ച്ചനയും ഭിക്ഷാദാനവുമായി പൊതിഞ്ഞു നിന്നു. സംഗീതജ്ഞനമാരുടെ കീര്‍ത്തനങ്ങളില്‍ അന്തരീക്ഷം തരംഗിതമായി.
അമ്മയും അമ്മാവനും സഹോദരനും വന്ന് രമണനെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍വസംഗപരിത്യാഗി ധര്‍മവഴിയില്‍ ഉറച്ചു നിന്നു. ഇതിനിടെ അരുണാചല പാര്‍ശ്വങ്ങളിലെ പാവലക്കുന്നു ശിവക്ഷേത്രം സങ്കേതമാക്കിയ യോഗി ഒടുവില്‍ അരുണാചലത്തിനു മുകളിലായി വാസം. ‘സദ്ഗുരു ഗുഹ’ യും ‘നമഃശിവായ ഗുഹ’യും നിതാന്ത തപസ്സിനാല്‍ പുണ്യമാര്ന്നു.
പിന്നീട് പതിനേഴു വര്‍ഷവും വിരൂപാക്ഷഗുഹയുടെ അന്തരാളങ്ങള്‍ തപസ്വിയുടെ അതീതാനുഭൂതികള്‍ ഏററുവാങ്ങുകയായിരുന്നു. രമണമഹര്‍ഷിയെന്ന വിഖ്യാത നാമധേയത്തില്‍ വിശൈ്വക വന്ദ്യനായി ആ മഹാത്മാവ് കാലത്തില്‍ ഉദിച്ചു നിന്നു. അനുയായികളും ശിഷ്യന്മാരും ആരാധകരുമായി രമണാശ്രമവിഭൂതി പങ്കിടാനെത്തിയവരില് പരമഹംസയോഗാനന്ദ, സോമര്‍സെറ്റ് മോം, പോള്‍ ബ്രണ്ടന്‍, മെര്‍സിഡസ് ഡി അകോസ്റ്റ, ആര്‍തര്‍ ഒബ്റോണ്‍, എന്നിവരുണ്ടായിരുന്നു. എച്ചമ്മയും മാധവസ്വാമിയും രാമനാഥ ബ്രഹ്മചാരിയും മുതലിയാര്‍ മുത്തശ്ശിയും ലക്ഷ്മിയും അനുയായി വൃന്ദത്തില്‍ ജ്വലിച്ചു നിന്നു. മാതാവ് അഴകമ്മാളും സഹോദരന് ത്യാഗസുന്ദരവും രമണസന്നിധിയിലെത്തി. ആശ്രമച്ചുമതലയേറ്റ് സംന്യാസ ജീവിതം നയിക്കാന്‍ തുടങ്ങിയത് 1916 ലാണ്. കാവ്യകാന്ത ശ്രീ ഗണപതി ശാസ്ത്രി, ഗുരൂപസര്പ്പണത്തിനും സദ്സംഗത്തെിനുമൊടുവില് ഭഗവാന് ശ്രീ രമണമഹര്ഷിയെന്ന് ശ്രേഷ്ഠാചാര്യനെ വിശിഷ്ട നാമധേയത്തില്‍ ആദ്യമായി അഭിസംബോധന ചെയ്ത് സാഷ്ടാംഗം പ്രണമിച്ച കഥ സുവിദമാണ്. മൗനം വെടിഞ്ഞ കാലം ഭഗവാന്റെ സദ്സംഗം ആത്മാന്വേഷികള്‍ക്ക് ജ്ഞാനബോധിയായി. ശിവപ്രകാശം ഉന്നയിച്ച ജീവാത്മാ പരമാത്മാ സംബന്ധിയായ പതിനാല് ചോദ്യത്തിനും ഗുരു വേദാന്തമധുരമായ മറുപടിയേകി. 1902 ല്‍ ‘നാന് യാര്’ എന്ന് തമിഴിലും ‘ഹു ആം ഐ’ എന്ന് ഇംഗ്ലീഷിലും മുദ്രിതമായ ആ ഗ്രന്ഥം ഉപനിഷത് സാരസര്‍വസ്വമാണ്. മഹാവാക്യത്തിന്റെ ഈ അദൈ്വതാമൃത്വം, ‘ഞാനാര്’? എന്ന ആത്മാന്വേഷണ സന്ദേഹത്തിന്റെ അരുളും പൊരുളുമാണ്. ഗംഭീരം ശേഷയ്യരുമായുള്ള സംവാദമാണ് ആത്മവിചാരം. ഈ രണ്ടു കൃതികള്ക്കപ്പുറം ആശ്രമം പ്രസിദ്ധീകരിച്ച രചനകള്‍ ഗുരൂപദേശങ്ങളും ദര്‍ശനവും ഗാനങ്ങളും ശ്ലോകങ്ങളുമടങ്ങുന്നവയാണ്. ഗീതാസാരം, അരുണാചലപഞ്ചകം, അരുണാചലാഷ്ടകം, ഉള്ളത് നാല്‍പ്പത്, അരുണാചല മാഹാത്മ്യം എന്നീ കൃതികള്‍ മഹാഗുരു അക്ഷരരൂപം പ്രാപിച്ചതാണ്. രമണാശ്രമത്തിന്റെ ‘മൗണ്ടന്‍ പാത്ത്’ മാസിക ഗുരുവനുഭവത്തിന്റെ ശോഭായാത്രാപഥമാകുന്നു.
ഭക്തിജ്ഞാന കര്‍മയോഗ വൈഭവമാണ് രമണരുടെ രചനാലോകം. തന്നില്‍ നിന്നകന്ന് തന്നെക്കാണുന്ന ബോധസിദ്ധിയുടെ അക്ഷരസാക്ഷ്യമാണത്. ഉപദേശ മന്ദാരമായും തത്വജ്ഞാനമലരായും നിത്യാനന്ദപദ്മമായും അവ വിരിയുന്നു.
ഗ്രാമഹൃദയത്തിന്റെ കുഞ്ഞു പൊയ്കയില്‍ നിന്ന് ഉറവയെടുത്ത രമണബിന്ദു അറിവിന്റെ അനന്തതയായും ചരാചര പ്രേമസുധാരസമായും ആനന്ദത്തിന്റെ ആഴക്കടലായും അരുണഗിരിയധിപനായും വിഭൂതിവര്ഷം ചൊരിഞ്ഞു. യോഗീശ്വരന് അരുണാചല ശിവനില്‍ വിലയിക്കുന്നത് 1950 ലാണ്. ആത്മബോധം പ്രാപിച്ച സച്ചിദാനന്ദത്തിന്റെ ദിവ്യബോധ ഗംഗയായി മഹാഗുരു മാനവതയെ തഴുകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: