നിയമവിരുദ്ധമായ രണ്ട് ഉത്തരവുകളുടെ മറപിടിച്ചുകൊണ്ടാണ് മരം കൊള്ളയും അഴിമതിയും സംസ്ഥാനത്തുടനീളം നടന്നത്. 24.10.2020, 11.03.2020 എന്നീ തീയതികളില്‍ റവന്യൂ വകുപ്പിന്റെ ഉന്നത സ്ഥാനീയര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ ഏതൊരാള്‍ക്കും ഏതു സമയത്തും ഏതു മരവും വെട്ടിമാറ്റാന്‍ സൗകര്യവും സ്വാതന്ത്ര്യവും നല്കി. ഉത്തരവുകള്‍ വനം കൊള്ളയ്ക്കും തട്ടിപ്പിനും വഴിയൊരുക്കി.
1964 ലെ ഭൂപതിവ് ചട്ട പ്രകാരം കൈവശാവകാശമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങള്‍ക്ക് നല്കിയ പട്ടയങ്ങള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. പട്ടയങ്ങളുടെ ഒന്നാമത്തെ വ്യവസ്ഥയില്‍ റിസര്‍വ് മരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈട്ടി, എബണി, തേക്ക്, ചന്ദനം തുടങ്ങിയവയാണ് സംരക്ഷിത മരങ്ങള്‍. മേല്‍ പറഞ്ഞ രണ്ട് ഉത്തരവില്‍ ചന്ദനം ഒഴികെയുള്ള ഏതുമരവും മുറിച്ചുമാറ്റാം.
കേരള ഭൂപതിവ് ഭേദഗതി ചട്ടങ്ങള്‍ 2017 ആഗസ്റ്റ് 17 ന് നിലവില്‍ വന്നു. അതും സംരക്ഷിത വനങ്ങളുടെ നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. മരങ്ങള്‍ക്ക് ഈടാക്കേണ്ട തുക സംബന്ധിച്ചുള്ള വ്യവസ്ഥകളിലും നാല് സംരക്ഷിത മരങ്ങളെ ഒഴിവാക്കി ( വകുപ്പ് 10/3).
1986 ലെ വൃക്ഷ സംരക്ഷണനിയമത്തിലെ നാലാം സെക്ഷന്‍ അനുസരിച്ച് 10 സംരക്ഷിത മരങ്ങള്‍ വെട്ടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാത്രവുമല്ല സെക് ഷന് 5 പ്രകാരം പ്രഖ്യാപിത സ്ഥലങ്ങളില്‍ മരം വെട്ട് നിരോധിച്ചിട്ടുമുണ്ട്. വനേതര സ്ഥലങ്ങളിലെ വൃക്ഷപരിപാലനത്തിന് നടപ്പാക്കിയിട്ടുള്ള എല്ലാ നിയമങ്ങളിലും മരം മുറിക്കുന്നത് തടയുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ കാണാം.
ചുരുക്കത്തില്‍ നാല് നിയമങ്ങളാണ് മരങ്ങള്‍ സംരക്ഷിക്കുന്നതിന് നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ളത്. 1964 ലെ കേരള ലാന്റ് അസൈന്മെന്റ് റൂള്‍സ്, 2017 ലെ കേരള ലാന്‍ഡ് അസൈന്മെന്റ് ഭേദഗതി ചട്ടങ്ങള്‍, 1986 ലെ കേരള വൃക്ഷസംരക്ഷണ നിയമം, 1986 ലെ കേരള പ്രൊമോഷന് ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് .
മരങ്ങളെ സംരക്ഷിക്കാന്‍ വ്യവസ്ഥകള്‍ ചെയ്യുന്ന ശക്തവും വ്യക്തവുമായ ഈ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11 നും ഒക്ടോബര്‍ 30 നും സര്‍ക്കാര്‍ ഉത്തരവുകള്‍ റവന്യൂ അധികൃതര്‍ പുറത്തുവിട്ടത്. മരം സംരക്ഷണത്തിന് നിയമങ്ങള്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ തന്നെ എല്ലാ മരങ്ങളേയും കൊള്ളക്കാര്‍ക്കും ലാഭക്കൊതിയന്മാര്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതിക്കൊടുക്കുന്ന വിരോധാഭാസം എങ്ങനെ സഹിക്കാനാകും.?
സര്‍ക്കാര്‍ തലത്തില്‍ കോടികളുടെ കുംഭകോണമാണ് നടന്നത്. നഷ്ടം സര്‍ക്കാറിന്റെ ഖജനാവിനു മാത്രമല്ല. നമ്മുടെ പ്രകൃതിക്കും ആവാസവ്യവസ്ഥക്കും കൂടിയാണ് കനത്ത ആഘാതം ഏല്ച്ചിട്ടുള്ളത്. എല്ലാം വര്‍ഷവും മരം നടാന്‍ കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നത്. സോഷ്യല്‍ ഫോറസ്ട്രി എന്നൊരു വിഭാഗത്തില്‍ ആയിരക്കണക്കിന് പേര് പണിയെടുക്കുന്നു.
കേരളത്തില്‍ എത്ര സംരക്ഷിത മരങ്ങള്‍ ഉണ്ടെന്ന് നാളിതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. സര്‍വെ നടത്തി മരങ്ങള്‍ക്ക് നമ്പര്‍ ഇട്ട് പരിപാലിക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 1964 ലെ കേരള ലാന്റ് അസൈന്മെന്റ് ആക്ട് പ്രകാരം 15 ലക്ഷം ഏക്കര്‍ വനഭൂമി പട്ടയം നല്കി കൃഷി ചെയ്യാന്‍ കൈമാറ്റം ചെയ്തിട്ടുണ്ട്. ഒരേക്കറില്‍ 4-5 സംരക്ഷിത മരങ്ങള്‍ എങ്കിലും ഉണ്ടാകണം. അത് ശരിയാണെങ്കില്‍ 70 ലക്ഷം സംരക്ഷിത മരങ്ങള്‍ പട്ടയം നല്കിയ ഭൂമിയില്‍ കാണാനുള്ള സാധ്യതയുണ്ട്. അരലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ വിലമതിക്കുന്ന മരങ്ങളാണിവ.
2020 ഒക്ടോബറില്‍ മരം മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയ ദിവസം മുതല്‍ അത് റദ്ദാക്കിയ ഫെബ്രുവരി 2 വരെയുള്ള മൂന്നു മാസ കാലയളവിനുള്ളില്‍ ഔദ്യോഗിക കണക്കു പ്രകാരം രണ്ടായിരം പാസ് കൊടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 600, തൃശ്ശൂര്‍ ജില്ലയില്‍ 700, കാസര്‍കോട് ജില്ലയില്‍ 400, ഇടുക്കി ജില്ലയില്‍ 300, വയനാട് ജില്ലയില്‍ 200 മരങ്ങള്‍ വീതം വെട്ടി എടുത്തു എന്നാണ് വാര്‍ത്തകള്‍്. മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്തു വന്നിട്ടുള്ളൂ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതില്‍ പറഞ്ഞകാര്യം വിരല്‍ ചൂണ്ടുന്നത് മരം കൊള്ളയുടെ നേരിയ അംശം മാത്രമേ പുറം ലോകം അറിഞ്ഞിട്ടുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. അങ്ങനെ നോക്കുമ്പോള്‍ വെട്ടി മുറിച്ച മരങ്ങള്‍ 2000 അല്ല. 70 ലക്ഷം സംരക്ഷിത മരങ്ങളില്‍ ഒരു ലക്ഷമെങ്കിലും കൊള്ള ചെയ്തിട്ടുണ്ട്. അമ്പതിനായിരം രൂപ വെച്ച് വിലയിട്ടാല്‍ തന്നെ 500 കോടിയുടെ മെഗാ കോള്ളയാണ് വെറും ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ കേരളത്തില്‍ നടന്നത് എന്ന വ്യക്തമാകും.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് വ്യക്തമായി നിര്‍ണ്ണയിച്ചും നിര്‍വഹിച്ചും 15 ഇനത്തെ രാജകീയ മരങ്ങളായി അംഗീകാരം നല്‍കിയിരുന്നു. പിന്നീട് കേരളസര്‍ക്കാറും അവയെ സംരക്ഷിത മരങ്ങളായി കണക്കാക്കി. അവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിപ്പോന്നു. വനഭൂമി കൃഷിക്കായി പട്ടയം നല്കി റവന്യു വകുപ്പിന് കൈമാറ്റം ചെയ്തപ്പോള്‍ ഈ മരങ്ങളുടെ ഉടമസ്ഥാവകാശത്തില്‍ യാതൊരു മാറ്റവും വരുത്തിയില്ല.
സര്‍ക്കാറിന്റെ വക സ്വത്ത് കൊള്ളചെയ്യാന്‍ സര്‍ക്കാര്‍ തന്നെ അനുവാദം നല്കി എന്നതാണ് ഇപ്പോഴത്തെ വിധിവൈപരിത്യം.കര്‍ഷകരെ സഹായി്ക്കാനും ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കാനുമാണ് 1964 ലെ നിയമ പ്രകാരം വനഭൂമി കര്‍ഷകര്‍ക്ക് നല്‍കിയത്. സംരക്ഷിത മരങ്ങള്‍ വിറ്റപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടിയത് നാമമാത്രമായ തുക മാത്രം. മുട്ടില്‍ വനവാസി ഗ്രാമമായ വാഴവറ്റയില്‍ 15-20 ലക്ഷം വരെ വിലമതിക്കുന്ന ഈട്ടി മരങ്ങള്‍ വെറും 30,000 രൂപ നല്കി പാവങ്ങളെ കബളിപ്പിക്കുകയാണ് മാഫിയ സംഘങ്ങള്‍ ചെയ്തത്. ആദിവാസി സഹോദരങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തതിന് പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം സര്‍ക്കാര്‍ സ്വമേധയാ കേസ് പ്രോസിക്യൂഷന് നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: