കോട്ടയം: മുട്ടില്‍ മരംമുറിയെ മറയ്ക്കാന്‍ കൊടകരയെ പരിചയാക്കുകയാണ് മൂഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി വേട്ടക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധജ്വാലയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജപ്രചരണങ്ങളും അപസര്‍പ്പക കഥകളും കൊണ്ട് ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അതേഭാഷയില്‍ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാരും സര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. രണ്ട് മാസം ശ്രമിച്ചിട്ടും ബിജെപിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല. എന്നിട്ടും ബിജെപിയെ ഇരുട്ടില്‍ നിര്‍ത്താനാണ് ശ്രമം. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കള്ളം പറയുന്ന പോലെ നിയമസഭയില്‍ പറയാന്‍ പറ്റാത്തത് കൊണ്ടാ്ണ് ബ്ിജെപിയെക്കുറിച്ച് മിണ്ടാത്തത്. തെളിവുണ്ടെങ്കില്‍ നിയമസഭയില്‍ ബിജെപിയുടെ പങ്ക് പറയാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമായിരുന്നു. നുണപ്രചാരണം ഒരുപാട് കാലം മുന്നോട്ടു പോകില്ല. നുണയുടെ കോട്ട ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴും.
കേരളം ഇതുവരെ കേള്‍ക്കാത്ത അഴിമിതിക്കഥയാണ് പുറത്തുവരുന്നത്. നൂറു കോടിയുടെ മരംമുറിയാണ് മുട്ടിലില്‍ മാത്രം നടന്നത്. വനം, റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഇതിന് പിന്നില്‍ വലിയസ്വാധീനമുള്ള കള്ളപ്പണക്കാരുണ്ട്. പ്രതികളെ സംരക്ഷിക്കാനാണ് ശ്രമം. ഈ വിഷയത്തില്‍ നിന്ന് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധതിരിക്കാനും വനംകൊള്ളക്കാരായ ഇഷ്ടക്കാരെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാനുമാണ് ശ്രമം. ഇതുകൊണ്ടൊന്നും അഴിമതി മൂടിവെക്കാനാവില്ല.
കാസര്‍കോട് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസ് എടുത്തത് ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ്. ആരെങ്കെിലും പരാതി കൊടുത്താല്‍ പോലീസ് ഉടന്‍ കേസ് എടുക്കുകയല്ല വേണ്ടത്. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടത്. പണം നല്‍കിയത് മാത്രമല്ല പണം സ്വീകരിച്ചതും കുറ്റമാണ് എന്തുകൊണ്ട് പണം വാങ്ങിയയാള്ക്കെതിരെ കേസ് എടുത്തില്ല. ബിജെപിയെ അപമാനിക്കാനും അവഹേളിക്കാനും വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ് എന്നാല്‍ ബിജെപി ഇതിനെയെല്ലം അതിജീവിക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിസ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനിത എന്നിവരും പങ്കെടുത്തു. കോട്ടയം ജില്ലയില്‍ ആയിരത്തൊന്ന് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍, മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: