പാരിസ്: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍. അമേരിക്കയുടെ സീഡില്ലാ താരം ടെന്നീസ് സാന്‍ഡ്‌ഗ്രേനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോകോവിച്ചിന്റെ മുന്നേറ്റം. സ്‌കോര്‍: സ്‌കോര്‍: 6-2, 6-4, 6-2. മൂന്നാം സീഡും റോളണ്ട് ഗാരോസില്‍ 13 തവണ കിരീടം നേടുകയും ചെയ്ത റാഫേല്‍ നദാലും രണ്ടാം റൗണ്ടിലെത്തി. സീഡില്ലാ താരം അലക്‌സെയ് പോപ്പിറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-2, 7-6. ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ് മൂന്നാം റൗണ്ടിലെത്തി. റഷ്യന്‍ താരം റോമന്‍ സഫ്യുലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വരേവ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6 (7-4), 6-3, 7-6 (6-1).
അതേസമയം, വനിതാ സിംഗിള്‍സില്‍ കാന്‍സറിനെ തോല്‍പ്പിച്ച് കളത്തിലിറങ്ങിയ സ്പാനിഷ് താരം കാര്‍ല സുവാരസ് നവാറോ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. അമേരിക്കന്‍ താരം സൊളാനി സ്റ്റീഫന്‍സാണ് കാര്‍ല സുവാരസിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-7, 4-6. ആദ്യ സെറ്റ് സുവാരസ് നേടിയങ്കിലും അടുത്ത രണ്ട് സെറ്റിലും പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്.
ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനം വരെയെത്തിയ കാര്‍ലയെ അര്‍ബുദം തളര്‍ത്തുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് താരത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.
















