ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള റെംഡെസിവിര്‍ വിതരണം നിര്‍ത്തലാക്കി കേന്ദ്രം. അതേ സമയം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് ഏജന്‍സിയോടും സിഡിഎസ് സിഒയോടും റെംഡെസിവിര്‍ ലഭ്യത കൃത്യമായി നിരീക്ഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി റെംഡെസിവിറിന്റെ 5,30,0000 വയളുകള്‍ കേന്ദ്രം വിതരണം ചെയ്തു. ഇത് കൃത്യമായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യുന്നുണ്ടോ എന്നതിന്റെ മേല്‍നോട്ടം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്കി. കോവിഡ് രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കില്ലെങ്കിലും കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിവുണ്ട്.
രണ്ടാം തരംഗത്തില്‍ റെംഡെസിവിറിന്റെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നാംഘട്ട കോവിഡ് ബാധയുണ്ടായ ഒക്ടോബര്‍ മുതല്‍ ജനവരി വരെയുള്ള കാലത്ത് ഉല്പാദനം കൂടുതലായിരുന്നെങ്കിലും പിന്നീട് കോവിഡ് ബാധ കുറഞ്ഞതോടെ റെംഡെസിവിര്‍ ഉല്പാദനവും കുറച്ചിരുന്നു. എന്നാല്‍ പൊടുന്നനെയാണ് കോവിഡ് രണ്ടാം തരംഗം എത്തിയത്. ഇപ്പോള്‍ 60 ഇടങ്ങളില്‍ റെംഡെസിവിര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 11ന് 33,000 വയളുകള്‍ ഉല്പാദിപ്പിക്കുന്നതില് നിന്നും ഇപ്പോള്‍ ദിവസേന 3,50,000 വയളുകള്‍ ഉല്പാദിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ടു. എന്തായാലും കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി റെംഡെസിവിര്‍ നല്‍കിയിരുന്നത് നിര്‍ത്തലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: