എസ്.ബി. പണിക്കര്‍
ഏകം വിനായകേ കുര്യാല്‍
ത്വേ സൂര്യേ ത്രിണി ശങ്കരേ
ചത്വാരി ദേവ്യാ വിഷ്ണൗ ച
സപ്താശ്വത്ഥേ പ്രദക്ഷിണം
നാം ഒരു ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രദക്ഷിണം, കീര്‍ത്തനം, മണിനാദം, ഭസ്മചന്ദനാദി ലേപനങ്ങള്‍, തീര്‍ഥം, നീരാജനം, നിവേദ്യം, ചെരിപ്പിടാതെയുള്ള നടത്തം, ഈറന്‍ വസ്ത്രം ധരിക്കല്‍, അരയാല്‍ പ്രദക്ഷിണം അങ്ങനെ എല്ലാം സ്വന്തം ശരീരത്തില്‍ ചെയ്യേണ്ടവ തന്നെയാണ്.
ഭഗവദ്ഗീതയിലെ ഉപദേശം ഇവിടെ ഓര്‍ത്തേ മതിയാകൂ. ഈ ശരീരം തന്നെയാണ് ക്ഷേത്രം. ക്ഷേത്രത്തില്‍ കുടി കൊള്ളുന്നവന് ക്ഷേത്രജ്ഞന്. അതായത് ചൈതന്യം, ജീവന്. എന്താണു ക്ഷേത്രം? ക്ഷതത്തില്‍ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം. ശരീരത്തിന് മാത്രമല്ല മനസിനും ക്ഷതം സംഭവിക്കാം. എന്നാല്‍ ശരീരത്തിന് ഉണ്ടാകുന്ന ക്ഷതത്തെക്കുറിച്ച് മാത്രമേ നാം ചിന്തിക്കാറുള്ളൂ.
ക്ഷേത്രപ്രദക്ഷിണത്തെക്കുറിച്ച് നോക്കാം: ഗണപതി ക്ഷേത്രത്തില്‍ ഒരു തവണ പ്രദക്ഷിണം ചെയ്താലും മതി. സൂര്യക്ഷേത്രത്തില് രണ്ടുതവണയും ശിവക്ഷേത്രത്തില്‍ മൂന്നുതവണയും ദേവിയുടെയും വിഷ്ണുവിനെയും ക്ഷേത്രത്തില്‍ നാല് തവണയും പ്രദക്ഷിണം ചെയ്യണം. എന്നാല്‍ അരയാലിന് ഏഴ് തവണയാണ് പ്രദക്ഷിണം ചെയ്യേണ്ടത്.
പ്രദക്ഷിണമുള്പ്പെടെയുള്ള ക്ഷേത്രാചാരങ്ങള്‍ എല്ലാം ഈ സുഭാഷിതത്തില്‍ വിശദീകരിക്കാന്‍ പരിമിതിയുണ്ട്. ഒന്നുരണ്ടെണ്ണം പരിശോധിക്കാം. പ്രദക്ഷിണം എന്നാല്‍ വലംവയ്ക്കല്‍. വലം വയ്ക്കുമ്പോള്‍ തിരിഞ്ഞ് എന്തുകൊണ്ട് എതിര്‍ദിശയിലേക്ക് പോകുന്നില്ല? ഇതിനെ ശരീരവുമായി ബന്ധപ്പെടുത്തി പരിശോധിക്കാം. സുഷുമ്നാനാഡിയെ ചുറ്റുന്ന ഇഡ, പിംഗള നാഡികളുമായിവലം വയ്ക്കല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ നാഡികള്‍ ചുറ്റുന്നതിന് അനുരോധമായി വേണം പ്രദക്ഷിണം. അതെങ്ങനെയെന്ന് ഉദാഹരിക്കാം: നാം പയറും കാച്ചിലും മറ്റും നട്ട് താങ്ങുകാലില്‍ കയറ്റി വിടാറുണ്ട്. ചിലത് വലത്തോട്ടും ചിലത് ഇടത്തോട്ടും ചുറ്റികയറുന്നു. അവയെ ചുറ്റ് അഴിച്ച് മറുപാട് കയറ്റിവിടാന്‍ നോക്കിയാല്‍ അവ ദുര്‍ബലമായി താഴോട്ട് പതിക്കും.
അരയാല്‍ പ്രദക്ഷിണം ഭൂരിപക്ഷം പേര്‍ക്കും അറിയാം. ശ്വസിക്കുന്ന ഓക്സിജന്‍ എത്ര വിലപ്പെട്ടതാണെന്ന് മഹാമാരി വന്നപ്പോഴാണ് നമ്മള് തിരിച്ചറിഞ്ഞത്. എങ്ങും സുലഭമായതുകൊണ്ട് പ്രകൃതി ഇത് ശരീരത്തില്‍ കരുതി വയ്ക്കുന്നില്ല. ഓസോണ്‍ ധാരാളമായി
പുറത്തുവിടുന്ന സസ്യമാണ് അരയാല്‍. കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിച്ച് സസ്യം പ്രകാശവിശ്ലേഷണം എന്ന പ്രക്രിയയിലൂടെ അനാവശ്യമായ ഓക്സിജന്‍ പുറത്തു കളയുന്നു. ഓക്സിജന്റെ മൂന്ന് ആറ്റം കൂടുന്നതാണ് ഓസോണ്‍. ഇതിന് ഓക്സിജനേക്കാള്‍ ഭാരം കൂടും. അത് ആലിന്റെ താഴെ ഭാഗത്തേയ്ക്ക് വരും.
അതുകൊണ്ടാണ് ആലിന്റെ താഴെ പോയി നില്ക്കുന്നതും പ്രദക്ഷിണം വയ്ക്കുന്നതും മറ്റും. ആറേഴു തവണ വലം വയ്ക്കുമ്പോള്‍ നമുക്ക് ആവശ്യമുള്ള അളവില്‍ പ്രാണവായു കിട്ടും. ശ്വാസതടസ്സം ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും.
ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ എന്തിന് മണിയടിക്കുന്നു? ദേവനെഉണര്ത്താന് എന്ന് മിക്കവരും മറുപടി പറയും. ദേവനെവിടെ? ആദ്യമേ പറഞ്ഞു, നമ്മുടെ ഉള്ളില്‍. മനുഷ്യശരീരം കോടിയിലധികം കോശങ്ങള്‍ ചേരുന്ന ഒരു കൂടാണ്. ഈ കോശങ്ങള്‍ക്കും വേണം ചലനം അഥവാ വ്യായാമം. ശബ്ദവീചികള്‍ കൊണ്ട് ശരീരത്തിലെ കോശങ്ങളെ ഉണര്‍ത്താം. ഈറന്‍ വസ്ത്രം ധരിക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്. നനവുള്ള വൈദ്യുത കമ്പിയില്‍ കൂടി വൈദ്യുതി നന്നായി പ്രവഹിക്കുമ ല്ലോ. അതുപോലെ ക്ഷേത്രചൈതന്യം ശരീരത്തിലും കൂടുതലായി കിട്ടും. ഇടയ്ക്ക വാദ്യത്തിന്റെ നാദം കേട്ടാല്‍ ഹൃദ്രോഗം വരില്ല എന്ന് പറയാറുണ്ട്.
ദേവനു സമര്‍പ്പിക്കുന്ന സമര്‍പ്പിക്കുന്ന നിവേദ്യത്തിന് പുഴുങ്ങി കുത്തിയ അരി ഉപയോഗിക്കാറില്ല. അതിന് അക്ഷതമെന്ന ഉണക്കലരി ഉപയോഗിക്കുന്നു. അക്ഷതം, ക്ഷതം പറ്റാത്തതു തന്നെ. പുഴുക്കലരി ചോറ് പഴഞ്ചോറു തന്നെയാണ്. നെല്ല് പുഴുങ്ങുമ്പോള്‍ തന്നെ വേവിച്ചു.
ശരീരത്തിന് ആവശ്യം പുതിയ ഭക്ഷണമാണ്. ഇത് അറിയാന്‍ പ്രകൃതിയിലേക്ക് തന്നെ നോക്കണം. പൊതുവേ ജീവികള്‍ പുതിയ ഭക്ഷണമേ സ്വീകരിക്കൂ. കെട്ടിയിടുന്ന കന്നുകാലികള്‍ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് വൈക്കോല്‍ തിന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: